കോഴിക്കോട്: കാറിന് തീപിടിച്ച് ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. സോനയാണ് പെട്രോള്‍ വാങ്ങിയതെന്നാണ് സംശയം. പെട്രോളുമായി യുവതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അപകടം യാദൃശ്ചികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതക ശ്രമമാണെന്നുമാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. കേസിൽ മരിച്ച സോനയെയും ഭർത്താവ് രജിൻ ലാലിനെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇതൊരു സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമല്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ വിശദമായ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കാറിന്റെ എൻജിൻ ഭാഗത്തുനിന്നല്ല തീ പടർന്നത്. മറിച്ച്, കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോളിൽ നിന്നാണ് തീ പടർന്നതെന്നാണ് സൂചന. അപകടത്തിന് തൊട്ടുമുൻപ് ഒരു സ്ത്രീ കന്നാസിൽ പെട്രോൾ വാങ്ങിയതിന്റെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. ഈ സ്ത്രീ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
മരിച്ച സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടന്ന ദിവസം സോന സ്വന്തം ബന്ധുവിന്റെ വീട്ടിലായിരുന്നു. അവിടെനിന്ന് വൈകിട്ടാണ് രജിൻ ലാൽ വന്ന് സോനയെ കൂട്ടിക്കൊണ്ടുപോയത്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം.
ഭർത്താവിന്റെ മൊഴി: 60 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ഭർത്താവ് രജിൻ ലാലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. “സോന കാറിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്. യാത്രയ്ക്കിടെ കാറിനുള്ളിൽ പെട്രോളിന്റെ മണം അനുഭവപ്പെട്ടു. ഇതെന്താണെന്ന് താൻ ചോദിച്ചപ്പോഴേക്കും പെട്ടെന്ന് തീ പടരുകയായിരുന്നു” എന്നാണ് രജിൻ ലാൽ പൊലീസിനോട് പറഞ്ഞത്.
അപകട ദിവസം ബന്ധുവീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം സോന എവിടെയൊക്കെ പോയി, എന്തൊക്കെ ചെയ്തു എന്നതിനെക്കുറിച്ചും പൊലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തിവരികയാണ്. കന്നാസിൽ പെട്രോൾ വാങ്ങിയ സ്ത്രീയെ കണ്ടെത്തുന്നതോടെ കേസിൽ പൂർണ്ണമായ വ്യക്തത വരുമെന്നാണ് പൊലീസ് നിഗമനം.











