കൊച്ചി: ഫോണ്‍ കെണി കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി നടപടി റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. കേസിലെ എട്ടാം പ്രതിയും ചാനല്‍ അവതാരകനുമായ എസ്.വി.പ്രദീപ് ആണ് കോടതിയെ സമീപിച്ചത്.
കൂട്ടു പ്രതികളായ തങ്ങളറിയാതെയാണ് ഒന്‍പതാം പ്രതിയായ പെണ്‍കുട്ടി കേസ് ഒത്തുതീര്‍പ്പാക്കിയത്. നടപടിയില്‍ ദുരൂഹതയുണ്ട്. മന്ത്രിയുമായി സാമ്പത്തിക
ഇടപാട് നടന്നതായി സംശയിക്കുന്നുണ്ടെന്നും അതിനാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രദീപ് പറഞ്ഞു.
2017 മാര്‍ച്ച് 26 നാണ് ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്ന് പിണറായി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെയ്ക്കുന്നത്.എന്നാല്‍ തന്നെ ആരും ശല്യം ചെയ്തിട്ടില്ലെന്നും ഫോണില്‍ അശ്ലീലമായി സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് ഉറപ്പില്ലെന്നുമാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചതിനെതുടര്‍ന്നാണ് എറണാകുളം സിജെഎം കോടതി എ.കെ ശശീനന്ദ്രനെ കുറ്റവിമുക്തനാക്കിയത്.


