ഇന്ന് വരുന്ന വിധി നാളെ നടപ്പാക്കാനാകില്ല:മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:ഇന്ന് വരുന്ന കോടതി വിധി നാളെ നടപ്പിലാക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപി സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.നമ്മുടെ രാജ്യത്ത് സുപ്രീം കോടതി വിധി അന്തിമമാണ്. എന്നാല്‍ വിധി നടപ്പാക്കും മുന്‍പ് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശയക്കുഴപ്പവുമില്ല. വിധിയുടെ പിറ്റേന്ന് തന്നെ ഉത്തരവ് നടപ്പിലാക്കാനാവില്ല. അങ്ങനെ നടപ്പിലാക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് ഇക്കാര്യത്തില്‍ പ്രശ്‌നമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി വന്നതിന് ശേഷവും നിയമനം വൈകുന്നതിനെതിരെ ടിപി സെന്‍കുമാര്‍ ശനിയാഴ്ച സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നു. തന്റെ നിയമനം വൈകിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇടപെട്ടുവെന്ന് സെന്‍കുമാര്‍ ഹരജിയില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.സര്‍വീസില്‍ നിന്ന് വിരമിച്ചാലും നിയമവിരുദ്ധമായി നിഷേധിക്കപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും സെന്‍കുമാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top