തിരുവനന്തപുരം: കോണ്‍ഗ്രസിനെ പിടിച്ചുലച്ച വലിയ വിവാദം കെട്ടടങ്ങുന്നു. കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയേക്കും. സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നീക്കം. രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി ചെന്നിത്തല ആശയവിനിമയം നടത്തുകയും ചെയ്തു.
പാര്‍ട്ടിയോട് ഗുഡ് ബൈ പറഞ്ഞ് കണ്ണൂരില്‍ സ്വതന്ത്രനാകാന്‍ ഒരുങ്ങിയ കെ. സുധാകരനെ എകെ ആന്റണി അനുനയിപ്പിച്ചു എന്നാണ് വിവരം .ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കാനിരുന്ന ഞെട്ടിപ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് സുധാകരനെ പിന്തിരിപ്പിച്ചത് എ.കെ. ആന്റണിയുടെയും രമേശ് ചെന്നിത്തലയുടെയും നയതന്ത്ര ഇടപെടലുകളാണ്. ഇതോടെ കേരള രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടി ‘ക്രൈസിസ് മാനേജര്‍’ ആയി എ.കെ. ആന്റണി ഉദിച്ചുയര്‍ന്നു.
സുധാകരന് കടുംകൈ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തിറങ്ങിയത്. ഉടന്‍ തന്നെ തിരുവനന്തപുരത്തെ ആന്റണിയുടെ വസതിയായ ‘അഞ്ജന’ത്തിലേക്ക് ചെന്നിത്തല വിളിച്ചു. ആന്റണിയെ സ്ഥിതിഗതികള്‍ അറിയിച്ചു. പിന്നാലെ രാഹുല്‍ ഗാന്ധിയെയും ഹൈക്കമാന്‍ഡ് പ്രതിനിധികളെയും ബന്ധപ്പെട്ട ചെന്നിത്തല, സുധാകരന്റെ പ്രാധാന്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തി.
സുധാകരന്‍ പടിയിറങ്ങിയാല്‍ മലബാറിലെ കോണ്‍ഗ്രസ് തകരുമെന്ന മുന്നറിയിപ്പാണ് ചെന്നിത്തല നല്‍കിയത്. ഇതോടെ ഹൈക്കമാന്‍ഡ് അയഞ്ഞു. രാഹുലുമായി ആന്റണിയും സംസാരിച്ചു. സുധാകരനെ കൂടെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ കാര്യകാരണവും പറഞ്ഞു. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകുന്നത് ഗുണകരമല്ലെന്ന് ആന്റണി നിലപാട് എടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയും ആന്റണി ബന്ധപ്പെട്ടു. സുധാകരന് സീറ്റ് നല്‍കണമെന്നും പിടിവാശി കളയണമെന്നും ആവശ്യപ്പെട്ടു. മുതിര്‍ന്ന പ്രവര്‍ത്തക സമിതി അംഗത്തിന്റെ ഈ ആവശ്യം ഖാര്‍ഗെയും അംഗീകരിച്ചു.
രാഹുല്‍ ഗാന്ധി പച്ചക്കൊടി കാട്ടിയതോടെ സാക്ഷാല്‍ എ.കെ. ആന്റണി തന്നെ സുധാകരനെ നേരിട്ട് വിളിച്ചു. രാഷ്ട്രീയത്തിലെ ജ്യേഷ്ഠസഹോദരന്റെ സ്‌നേഹപൂര്‍ണ്ണമായ ശാസനയ്ക്ക് മുന്നില്‍ സുധാകരന്റെ വാശി അലിഞ്ഞില്ലാതായി. സുധാകരന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും തിരഞ്ഞെടുപ്പില്‍ ഉചിതമായ പ്രാധാന്യം നല്‍കുമെന്നും ആന്റണി ഉറപ്പുനല്‍കിയതായാണ് വിവരം.
പദവികളില്ലാതെ തന്നെ ഒതുക്കാന്‍ നോക്കിയവര്‍ക്കുള്ള മറുപടി ആന്റണിയുടെ ഈ വിളിയിലൂടെ ലഭിച്ചുവെന്നാണ് സുധാകരന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍. പദവികളില്ലാതെ ദുര്‍ബലമാവുകയാണെന്ന തോന്നലില്‍ നിന്നാണ് സുധാകരന്‍ വിപ്ലവത്തിന് കോപ്പുകൂട്ടിയത്. എന്നാല്‍ ആന്റണിയും ചെന്നിത്തലയും ചേര്‍ന്ന് നടത്തിയ ഈ ഡയറക്ട് ഓപ്പറേഷന്‍ കോണ്‍ഗ്രസിനെ വലിയൊരു പൊട്ടിത്തെറിയില്‍ നിന്നാണ് രക്ഷിച്ചത്. അജ്ഞനത്തില്‍ നടന്ന ചര്‍ച്ചകളും ചെന്നിത്തലയുടെ ഫോണ്‍ കോളുകളും ഫലം കണ്ടതോടെ കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശ്വാസത്തിലാണ്.










