കൊച്ചി മെട്രോയിലെ അന്താരാഷ്ട്ര കരാര്‍ കമ്പനികളെ വിമര്‍ശിച്ച് ഈ ശ്രീധരന്‍; നിര്‍മാണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലെത്താന്‍ കരാറുകാര്‍ക്ക് കഴിയുന്നില്ല

കൊച്ചി: കൊച്ചി മെട്രോയുടെ കരാര്‍ കമ്പനികളെ വിമര്‍ശിച്ച് ഉപദേഷ്ടാവ് ഇ ശ്രീധരന്‍ രംഗത്ത്. കൊച്ചി മെട്രോ കരാര്‍ ഏറ്റെടുക്കുന്നതിന് നടക്കുന്ന മത്സരം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കരാറുകാര്‍ കാണിക്കുന്നില്ല. കൊച്ചി മെട്രോയുടെ നിര്‍മാണ ടെന്‍ഡര്‍ ഏറ്റെടുത്തത് രാജ്യത്തെ മികച്ച കരാറുകാര്‍ തന്നെയാണ്. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ കൊച്ചി സെന്ററിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ലാര്‍സണ്‍ ആന്റ് ടൂബ്രോ അടക്കമുള്ള വന്‍കിട കരാര്‍ കമ്പനികളെ ഇ ശ്രീധരന്‍ വിമര്‍ശിച്ചത്.
നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലെത്താന്‍ കരാറുകാര്‍ക്ക് കഴിയുന്നില്ല. ഇത് രാജ്യത്തെ വലിയ പദ്ധതികള്‍ക്ക് തടസ്സമാകുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളേ നടത്താറുള്ളൂ. ഇതാണ് അവരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നത്.

കുറഞ്ഞനിരക്കില്‍ ടെന്‍ഡറുകള്‍ ഏറ്റെടുക്കുന്നതാണ് പലപ്പോഴും നിര്‍മാണത്തിന്റെ ഗുണനിലവാരം കുറയാന്‍ കാരണം. കരാറുകാര്‍ മത്സരിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെന്‍ഡറുകള്‍ പിടിക്കുന്നത് അപകടകരമായ പ്രവണതയാണ്. രാജ്യത്ത് ലക്ഷക്കണക്കിന് കോടി രൂപയുടെ നിര്‍മ്മാണപദ്ധതികളാണ് പാതി വഴിയില്‍ അവസാനിപ്പിച്ചു കിടക്കുന്നത്. ചരക്കു സേവന നികുതി നടപ്പാക്കുന്നത് സംസ്ഥാനത്ത് നിര്‍മാണമേഖലയില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Top