മൃതദേഹം സംസ്‌കരിക്കുമ്പോൾ അന്ത്യചുംബനമോ സ്പര്‍ശനമോ പാടില്ല; സംസ്‌കാരത്തിന് കുറച്ച് ആളുകള്‍ മാത്രം.കൊച്ചിയിലെ കോവിഡ് മരണം; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല..

കൊവിഡ് രോഗം ബാധിച്ച് മരിച്ച വ്യക്തിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. പ്രോട്ടോക്കോളുകളനുസരിച്ചാകും സംസ്ക്കാരച്ചടങ്ങുകൾ നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം കോവിഡ് രോഗം ബാധിച്ച് മരണം സംഭവിച്ചാല്‍ മൃതദേഹം കൈകാര്യം ചെയ്യേണ്ട വിധം സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് മാര്‍ഗരേഖ പുറപ്പെടുവിച്ചു. പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ശന നിയന്ത്രണത്തെപ്പറ്റി ബന്ധുക്കളെ ആദ്യം തന്നെ ബോധ്യപ്പെടുത്തുക. മരണ സാഹചര്യം സംജാതമാകുന്നതിനു മുമ്പേ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐസിഎംആര്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ വേണ്ട പരിശീലനം നല്‍കുക. കൊവിഡ് മരണം സംഭവിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ പാലിക്കേണ്ട കൊവിഡ് പ്രൊട്ടോക്കോൾ വിശദീകരിച്ച് ആരോഗ്യ മന്ത്രാലയം.

മൃതദേഹം ഒരിക്കലും എംബാം ചെയ്യാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. പോസ്റ്റുമോർട്ടം നടത്താനും പാടില്ല. ഏതെങ്കിലും സാഹചര്യത്തിൽ പോസ്റ്റുമോർട്ടം നടത്തേണ്ടി വന്നാൽ ആരോഗ്യ പ്രവർത്തകർ ഇതിനായുള്ള സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.

മൃതദേഹം സംസ്‌കരിക്കുമ്പോൾ :

*ശ്മശാനത്തിലെ ജീവനക്കാർ അതീവ ജാഗ്രത പാലിക്കണം.

*മൃതദേഹം കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ കൈകൾ ശുചിയാക്കുകയും, മാസ്‌ക്ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും വേണം.

*മരിച്ച വ്യക്തിയെ ഉറ്റവർക്ക് അവസാനമായി കാണാൻ മൃതദേഹം സൂക്ഷിച്ച ബാഗിന്റെ സിപ് മുഖം വരെ താഴ്ത്താവുന്നതാണ്. മൃതദേഹം കൈകാര്യം ചെയ്യുന്ന വിദഗ്ധർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളു.

*മൃതദേഹത്തിൽ സ്പർശിക്കേണ്ടാത്ത തരത്തിലുള്ള മതപരമായ ചടങ്ങുകൾ (മതഗ്രന്ഥം വായിക്കുക, പുണ്യജലം തളിക്കുക തുടങ്ങിയവ) നടത്താൻ അനുവാദമുണ്ട്.

*മൃതദേഹം കുളിപ്പിക്കാനോ, അന്ത്യ ചുംബനം നൽകാനോ, ആലിംഗനം ചെയ്യാനോ അനുവദിക്കില്ല.

*സംസ്‌കാരത്തിന് ശേഷം ആരോഗ്യ പ്രവർത്തകരും കുടുംബാംഗങ്ങളും കൈ നന്നായി വൃത്തിയാക്കണം.

*സംസ്‌കാരത്തിന് ശേഷം വരുന്ന ചാരം അപകടകാരിയല്ലാത്തിനാൽ അവ മറ്റ് അന്ത്യ കർമങ്ങൾക്ക് ഉപയോഗിക്കാം.

*വളരെ കുറച്ച് പേരെ മാത്രമേ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയുള്ളു. ഇവർ സാമൂഹിക അകലം പാലിക്കാനും നിർദേശമുണ്ട്.

ആരോഗ്യ പ്രവർത്തകർ പാലിക്കേണ്ടത് :

1. കൈകൾ ശുചിയാക്കണം
2. ഗ്ലൗസ്, വാട്ടർപ്രൂഫ് ഏപ്രൺ പോലുള്ള വ്യക്തി സുരക്ഷാ ക്രമീകരണങ്ങളെടുക്കണം
3. മൃതദേഹം സൂക്ഷിക്കുന്ന ബാഗ് അണുനശീകരണം നടത്തണം
4. മരിച്ച വ്യക്തിയിൽ ഉപയോഗിച്ച ഉപകരണങ്ങളും മറ്റും അണുവിമുക്തമാക്കണം.

Top