റിയാദില്‍ നിന്നെത്തി മലപ്പുറത്ത് മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയവെ കഴിഞ്ഞദിവസം മരിച്ച വൃദ്ധന് കൊറോണ രോഗം സ്ഥിരീകരിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആണ്. ഇന്ന് വൈകീട്ട് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കും. 82കാരനായ വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മാസം 29നാണ് സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് നാട്ടിലെത്തിയത്. ജൂലൈ ഒന്നിന് പനി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മരിച്ചു. സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്.

റിയാദില്‍ നിന്നെത്തിയ മുഹമ്മദിനെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചിരുന്നു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവെയാണ് പനി ശക്തമായത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊറോണയുടെ ലക്ഷണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം ശനിയാഴ്ച വിട്ടുനല്‍കിയിരുന്നില്ല. പരിശോധന ഫലം വന്നശേഷം വിട്ടുനല്‍കാമെന്നാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.

Top