സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കും മുൻപ് നടി മഞ്ജുവാര്യരും, എഡിജിപി സന്ധ്യയും കൂടിക്കാഴ്ച നടത്തിയെന്നു റിപ്പോർട്ട്. പ്രമുഖ ഓൺലൈൻ മാധ്യമമാണ് ഇതു സംബന്ധിച്ചു വെളിപ്പെടുത്തൽ നടത്തിയത്. ദിലീപിനെതിരായ കേസിൽ ഗുഡാലോചന എന്ന വാദത്തെ ന്യായീകരിക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്.
കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പാണ് മഞ്ജുവുമായുള്ള കൂടിക്കാഴ്ച നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
നാടകീയമായാണ് കേസിൽ ഇപ്പോൾ മഞ്ജുവാര്യർ പ്രധാന സാക്ഷിയായിരിക്കുന്നത്. ദിലീപ് എട്ടാം പ്രതിയായ കേസിൽ പ്രധാന സാക്ഷിയാണ് മഞ്ജു.
സിനിമാമേഖലയിൽ നിന്ന് അമ്പതോളം സാക്ഷികളാണ് അനുബന്ധ കുറ്റപത്രത്തിലുള്ളത്. വൈകുന്നേരം 3.45നാണ് അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ ബൈജു പൗലോസ് അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ക്രിമിനൽ ഗൂഢാലോചന ആരോപിച്ച് മഞ്ജു വാര്യർ രംഗത്തുവന്നതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയിരുന്നത്.
പിന്നീട്, ദിലീപിനെ അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള ബി. സന്ധ്യയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപിന് ഹൈക്കോടതി വിദേശത്ത് പോകാൻ പ്രത്യേക അനുമതി നൽകിയതിന് തൊട്ടു പിന്നാലെയാണ് അന്വേഷണസംഘം ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
തന്നെ കള്ളക്കേസിൽ കുടുക്കിയതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് എഡിജിപിക്കെതിരെ ഉന്നയിച്ചിരുന്നത്.
എ.ഡി.ജി.പി സന്ധ്യക്കെതിരായ ആരോപണങ്ങൾ
സ്വന്തം കീർത്തി മാത്രമാണ് എ.ഡി.ജി.പി സന്ധ്യയുടെ ലക്ഷ്യം. കുറ്റവാളിയാക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയ്ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കുകയാണ് സന്ധ്യയുടെ പതിവ്. എനിക്കെതിരേ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾക്കു പിന്നിൽ സന്ധ്യയും സംഘവുമാണ്. ഞാനൊരു മോശക്കാരനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്.
ആലുവ പോലീസ് ക്ലബ്ബിൽ എന്നെയും നാദിർഷായെയും 13 മണിക്കൂർ ചോദ്യം ചെയ്തത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് അന്വേഷണസംഘം തന്നെയാണ്.
വാർത്താചാനലുകൾ പോലീസ് ക്ലബ്ബിൽനിന്ന് തൽസമയ സംപ്രേക്ഷണം നടത്തിയതും അന്വേഷണസംഘത്തിന്റെ തീരുമാനപ്രകാരമാണ്. സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന കലാഭവൻ മണിയുടെ മരണത്തിനുപിന്നിലും ഞാനാണെന്ന് വരുത്താൻ അന്വേഷണസംഘം പുതിയ കഥകളുണ്ടാക്കി. സന്ധ്യയും കൂട്ടരുമാണ് ഈ കഥകൾ സൃഷ്ടിച്ച് മാധ്യമങ്ങൾക്ക് നൽകിയത്. പരസ്?പരം പുകഴ്ത്തലാണ് സന്ധ്യയുടെയും ബെഹ്റയുടെയും ജോലി. ജിഷാ വധക്കേസ് അന്വേഷണത്തിലുൾപ്പെടെ ഇത് കാണാം.
പൊതുജനമധ്യത്തിൽ അപമാനിക്കുക എന്ന ലക്ഷ്യമിട്ടാണ് അറസ്റ്റിനുശേഷം വിവിധ സ്ഥലങ്ങളിൽ കൊണ്ടുനടന്നത്. ഇത് മനഃപൂർവം ആസൂത്രണം ചെയ്ത റോഡ് ഷോ ആയിരുന്നു. സന്ധ്യയുടെ താത്പര്യപ്രകാരം എനിക്കെതിരായ തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചത് എസ്.പി സുദർശനും ഡിവൈ.എസ്.പി. സോജനുമാണ്. ഇതിനു ബെഹ്റയുടെ ആശീർവാദമുണ്ട്.
എനിക്ക് ഫോൺചെയ്യാൻ സുനിക്ക് ജയിലിൽ പോലീസുകാരൻ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. എന്തുകൊണ്ടാണ് ഈ പോലീസുകാരനെതിരേ കേസെടുക്കാത്തത്?
കത്തിൽ ദിലീപ് ചോദിക്കുന്നു.


