ക്രൈം ഡെസ്‌ക്
പാറ്റ്ന: തന്നെക്കാൾ പത്ത് വയസ് കൂടുതലുള്ള സഹോദര ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നതിൽ മനംനൊന്ത് പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തു. വിനോബനഗർ സ്വദേശിയായ 9ാം ക്ലാസ് വിദ്യാർഥി മഹാദേവ് കുമാറിനാണ് സഹോദര ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നത്. ബിഹാറിലെ ഗയയിലെ വിനോബനഗർ സ്വദേശിയാണ് മഹാദേവ്.
മൂന്ന് ദിവസം മുമ്പായിരുന്നു മഹാദേവിന്റെ വിവാഹം. മരിച്ചുപോയ ജ്യേഷ്ഠ സഹോദരന്റെ ഭാര്യയായ റൂബി ദേവി(25)യെയാണ് മഹാദേവിന് വിവാഹം ചെയ്യേണ്ടി വന്നത്. ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ടെകാരി ഡിഎസ്പി മനീഷ് കുമാർ പറഞ്ഞു. വിവാഹത്തിന് മഹാദേവിനെ വീട്ടുകാർ നിർബന്ധിക്കുകയായിരുന്നുവെന്നും ഇതിനെ മഹാദേവ് ശക്തമായി എതിർത്തിരുന്നതായും അയൽവാസികൾ പറഞ്ഞു. ശൈശവ വിവാഹം നടത്തിയതിനും ആത്മഹത്യപ്രേരണയ്ക്കും കേസെടുക്കുമെന്നും ഡിഎസ്പി അറിയിച്ചു.
മഹാദേവിന്റെ ജ്യോഷ്ഠനും റൂബിയുടെ ഭർത്താവുമായിരുന്ന സന്തോഷ് കുമാർ ദാസ് 2013ലാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. മഹാദേവ് സഹോദരന്റെ ഭാര്യയെ സ്വന്തം അമ്മയെ പോലെയാണ് കണ്ടിരുന്നത്. സന്തോഷ് കുമാർ മരിച്ചപ്പോൾ കിട്ടിയ 80,000 രൂപ നഷ്ടപരിഹാരതുകയുടെ പേരിൽ മഹാദേവിന്റെ വീട്ടുകാരും റൂബിയുടെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒരു കടയിൽ ജോലിക്കിടെയാണ് സന്തോഷ് കുമാർ വൈദ്യുതാഘാതമേറ്റ് മരിച്ചത്. അതിനെ തുടർന്ന് കുടുംബത്തിന് 80,000 രൂപ നഷ്ടപരിഹാരം ലഭിച്ചു. മുഴുവൻ തുകയും റൂബിക്ക് അവകാശപ്പെട്ടതാണെന്ന് റൂബിയുടെ വീട്ടുകാർ പറഞ്ഞു. എന്നാൽ മഹാദേവിന്റെ പിതാവ് ചന്ദേശ്വർ ദാസ്, 27,000 രൂപ മാത്രമാണ് റൂബിക്ക് നൽകിയത്. ഒപ്പം റൂബിയും മഹാദേവും തമ്മിലുള്ള വിവാഹമെന്ന നിർദേശവും മുന്നോട്ട് വെക്കുകയായിരുന്നു.
മഹാദേവിന് തന്റെ സഹോദരഭാര്യയെ വിവാഹം കഴിക്കാൻ ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ കുടുംബത്തിൽ നിന്നുള്ള സമ്മർദത്തെ തുടർന്നായിരുന്നു വിവാഹം നടന്നത്. മഹാദേവിന്റെ വീട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു.


