മുടി കെട്ടിയത് ശരിയായില്ല ;നാലാം ക്ലാസുകാരിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം

ഹൈദരാബാദ്: മുടി കെട്ടിയത് ശരിയായില്ല എന്നാരോപിച്ച് നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദിച്ചു. മുടി പിന്നിയിടണമെന്ന് അധ്യാപിക പറഞ്ഞെങ്കിലും അത്രയും നീളമില്ലാത്തതിനാല്‍ പോണിടെയില്‍ കെട്ടിയാണ് അമ്മ സ്‌കൂളിലേയ്ക്ക് വിട്ടത്. എന്നാല്‍ പറഞ്ഞതനുസരിച്ചില്ലെന്നാരോപിച്ച് അധ്യാപിക അടിക്കുകയായിരുന്നു.

കൈകൊണ്ടുള്ള മര്‍ദനത്തില്‍ കുട്ടിയുടെ മുഖത്തുള്‍പ്പെടെ പാടുകളുണ്ട്. ഇതു കണ്ട് വീട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് മര്‍ദന വിവരം അറിഞ്ഞത്. അധ്യാപികയ്‌ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ടീച്ചറെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കുട്ടികളെ കൈ കൊണ്ട് മര്‍ദിക്കരുതെന്ന് ടീച്ചര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

തന്റെ കുഞ്ഞിന്റെ ശരീരത്തില്‍ ഇത്രയേറെ പാടുകള്‍ വരണമെങ്കില്‍ ശക്തമായി മര്‍ദിച്ചിട്ടുണ്ടെന്നും ശരീരത്തിനുള്ളില്‍ കാര്യമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അമ്മ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകരും അധ്യാപികയ്‌ക്കെതിരെ രംഗത്തെത്തി.

Top