സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിച്ച സംഭവത്തിൽ നടി മഞ്ജുവാര്യരെയും ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ പ്രമുഖ സിനിമാ താരവും ആക്രമണത്തിനിരയായ നടിയും തമ്മിലുണ്ടായിരുന്ന ബിനാമി സ്വത്ത് ഇടപാടുകളാണ് ക്വട്ടേഷനിലേയ്ക്കു നയിച്ചതെന്നു പൊലീസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം വീണ്ടും നടിയുടെ മൊഴിയെടുത്തപ്പോൾ ആക്രമണം നടത്തിയ സംഭവത്തെപ്പറ്റി മൊഴി നൽകിയിരുന്നു. ഈ മൊഴിയിൽ മഞ്ജുവാര്യരുമായി ബന്ധപ്പെട്ട ഒരു പരാമർശമുണ്ടായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം മഞ്ജുവിന്റെ മൊഴിയെടുത്തതെന്നാണ് സൂചന.
നടി ആക്രമണത്തിനിരയായ പശ്ചാത്തലത്തിൽ സിനിമാ മേഖലയിലെ ബിനാമി സ്വത്ത് ഇടപാടുകൾ സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നതിനു പ്രത്യേക അന്വേഷണ സംഘത്തിനു ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് നടൻമാരുടെയും നടിമാരുടെയും ഇടപാടുകൾ സംബന്ധിച്ചു പൊലീസ് നടപടികൾ ആരംഭിച്ചത്. ഓരോ നടൻമാരുടെയും സാമ്പത്തിക ഇടപാടുകളും, സാമ്പത്തിക സ്രോതസുകളും സംബന്ധിച്ചു വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഇതു കൂടാതെ നിലവിൽ ഓരോ നടൻമാർക്കും ലഭിക്കുന്ന പ്രതിഫലം സംബന്ധിച്ചും പൊലീസ് വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്.
ഇതുകൂടാതെ നടി ആക്രമണ വിഷയത്തിൽ ആരോപണ വിധേയനായ പ്രമുഖ നടനുമായി ബന്ധപ്പെട്ട നിർമ്മാതാക്കളുടെയും, സംവിധായകരുടെയും നടൻമാരുടെയും സ്വത്ത് ഇടപാടുകളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അടുത്തകാലത്ത് നടൻ അഭിനയിച്ചതും, നിർമ്മിച്ചതുമായ ചിത്രങ്ങളുടെയെല്ലാം സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗൂഡാലോചന സംബന്ധിച്ചുള്ള സൂചനകളിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.


