‘ക്രിപ്‌റ്റോകറൻസി തെറ്റായ കൈകളിൽ എത്തരുത്, ഇത് യുവാക്കളെ അപകടത്തിലാക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ക്രിപ്‌റ്റോകറൻസി തെറ്റായ കൈകളിൽ എത്താതിരിക്കാൻ ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും, അത് യുവാക്കളെ അപകടത്തിലാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുഗത്തിലൊരിക്കൽ സംഭവിക്കുന്ന മാറ്റത്തിന്റെ കാലത്താണ് നാം. ഡിജിറ്റൽയുഗം ചുറ്റുമുള്ള എല്ലാറ്റിനെയും മാറ്റിമറിക്കുന്നു. രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, സമൂഹം എല്ലാറ്റിനെയും. പരമാധികാരം, ഭരണം, ധാർമികത, നിയമം, അവകാശങ്ങൾ, സുരക്ഷ എന്നിവയിൽ പുതുചോദ്യങ്ങൾ ഉയർത്തുകയാണിവയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശാക്തീകരണം, ആനൂകൂല്യവിതരണം, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ മികച്ച ഭരണനിർവഹണത്തിന് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയതും അതിവേഗം വളരുന്നതുമായ ഡിജിറ്റൽ ആവാസവ്യവസ്ഥ ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന അഞ്ച് മാറ്റങ്ങൾ മോദി എടുത്തുപറഞ്ഞു. പൊതുവിവര അടിസ്ഥാനസൗകര്യമേഖലയാണ് അതിലൊന്ന്. ആറ് ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിക്കാനുള്ള ദൗത്യത്തിലാണ് ഞങ്ങൾ. കോവിൻ, ആരോഗ്യ സേതു എന്നീ സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഇന്ത്യയിലുടനീളം 110 കോടി ഡോസ് കോവിഡ് വാക്‌സിൻ നൽകാനായി.

വ്യവസായ, സേവന മേഖലകളിലെ വിഭവങ്ങളുടെ പരിവർത്തനത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി സാങ്കേതികവിദ്യ വ്യാപകമായി ഉപോയഗിക്കുന്നു. 5ജി, 6ജി എന്നിവയുൾപ്പടെ ടെലികോം മേഖലയിലുള്ള ഇന്ത്യയുടെ നിക്ഷേപമാണ് മറ്റൊന്ന്. നിർമിത ബുദ്ധിയുടെ മേഖലയിലും രാജ്യം ഏറെ മുന്നേറിക്കഴിഞ്ഞതായി മോദി പറഞ്ഞു.

ലോകമെമ്പാടുമുള്ള മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജനാധിപത്യരാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അതോടൊപ്പം ദേശീയ അവകാശങ്ങൾ അംഗീകരിക്കുകയും വ്യാപാരം, നിക്ഷേപം, പൊതുനന്മ എന്നിവ പ്രോത്സാഹിപ്പിക്കുകയുംവേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Top