എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ പാചക വാതക കണക്ഷൻ; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മോദി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും പാചകവാതകം സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയെന്നാണ് ഇതിന പേരിട്ടിരിക്കുന്നത്. സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം താഴേത്തട്ടിലുള്ള കുടുംബങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മാത്രമായിരുന്നു പാചകവാതക കണക്ഷന്‍ സൗജന്യമായി അനുവദിച്ചിരുന്നത്. ഈ പദ്ധതി വിപുലപ്പെടുത്തി രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചകവാതകം എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ക്യാബിനറ്റ് കമ്മിറ്റീ ഓഫ് എക്കണോമിക് അഫയേഴ്സ് പദ്ധതി വിപുലീകരിക്കുന്നതിന് അനുവാദം നല്‍കിയെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. തവണ വ്യവസ്ഥയില്‍ ഗ്യാസ് സ്റ്റൗ വാങ്ങാനുള്ള സംവിധാനവും പദ്ധതിയില്‍ നല്‍കും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ നഷ്ടം തിരികെ പിടിക്കുന്നതിനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാര്‍ എന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ 5,85,55,611 കണക്ഷനുകളാണ് കഴിഞ്ഞ ഡിസംബര്‍ 10 വരെ നല്‍കിയിട്ടുള്ളത്. ഇതില്‍ 98 ലക്ഷത്തിലധികം കണക്ഷനുകള്‍ ലഭിച്ച ഉത്തര്‍പ്രദേശിലാണ്. തൊട്ടുപിന്നാലെ ബീഹാറില്‍ 69 ലക്ഷം ആളുകള്‍ക്കും ബംഗാളിലെ 68 ലക്ഷം പേര്‍ക്കും സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിച്ചു. കേരളത്തില്‍ നിന്നും ഒന്നര ലക്ഷം പേര്‍ക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം സൗജന്യ കണക്ഷന്‍ ലഭ്യമായിട്ടുണ്ടെന്നാണ് കണക്കുകള്‍.

ഈ സ്‌കീം പ്രകാരം പാചകവാതക കണക്ഷനും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 1,600 രൂപവച്ച് കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. സിലിണ്ടറിന്റെ സെക്യൂരിറ്റി ചാര്‍ജ്ജും ഇവ ഘടിപ്പിക്കുന്നതിന്റെ ഫിറ്റിങ് ചാര്‍ജുമാണ് ഇങ്ങനെ സബ്സിഡി നല്‍കുന്നത്.

രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സ്ത്രീകള്‍ മരിക്കുന്നതിന് പ്രധാന കാരണം വിറക് ഉപയോഗിച്ചുള്ള പാചകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ പാചക വാതക കണക്ഷനുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top