സ്വന്തം ലേഖകൻ
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ പെങ്ങൾ ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല. ഫ്ളൈറ്റ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് പരാതിയുമായി ഫേസ്ബുക്ക് മാർക്കറ്റ് ഡെവലപ്മെന്റ് ഡയറക്ടർ കൂടിയായ റാൻഡി സക്കർബർഗ് രംഗത്തെി. ലോസ് ആഞ്ചലസിൽ നിന്നും മെക്സിക്കോയിലെ മസാട്ലനിലേക്ക് പോകവേ അലാസ്‌ക എയർലൈസിലാണ് ദുരനുഭവം
റാൻഡി തന്നെയാണ് ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെ തനിക്കുണ്ടായ അനുഭവം പുറത്തുവിട്ടത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അലാസ്‌ക എയർലൈൻസും വ്യക്തമാക്കി. ആ യാത്രക്കാരന്റെ യാത്രാ ആനുകൂല്യങ്ങൾ എടുത്തുനീക്കുമെന്നും കമ്പനി അറിയിച്ചു.
ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ യാത്ര ചെയ്തിരുന്ന തന്റെ സമീപത്തിരുന്ന യുവാവ് ലൈംഗിക ചുവയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്തുവെന്ന് എയർലൈൻസ് കമ്പനിക്കും അവർ കത്ത് നൽകി. സ്ത്രീകളുടെ അംഗവടിവിനെ കുറിച്ച് ഇയാൾ വർണിച്ചുകൊണ്ടിരുന്നു. തനിക്കൊപ്പം ഫസ്റ്റ്ക്ലാസ് വിഭാഗത്തിൽ യാത്ര ചെയ്ത മറ്റുള്ളവർക്കും ഈ ദുരനുഭവമുണ്ടായി. വിമാനത്തിൽ വിളമ്പിയ മദ്യം അകത്താക്കിയ ശേഷമാണ് അയാൾ ഇത്തരത്തിൽ പെരുമാറിയത്.
തനിക്കു നേർക്കുണ്ടായ അതിക്രമം വിമാനജീവനക്കാരെ അറിയിച്ചപ്പോൾ നിസരമായി കണ്ട് തള്ളുകയായിരുന്നു. അയാൾ സ്ഥിരം യാത്രക്കാരനാണ്, അയാൾക്ക് ഒന്നിനും മറയില്ല, കൂടുതൽ മദ്യം കൊടുക്കൂ എന്നൊക്കെയാണ് മറുപടി ലഭിച്ചത്. അയാളുടെ പെരുമാറ്റത്തെ അവർ അവഗണിച്ചുവെന്നും റാൻഡി കുറ്റപ്പെടുത്തി. താൻ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ വിമാനത്തിന്റെ പിൻഭാഗത്തുള്ള സീറ്റിലേക്ക് മാറിയിരിക്കാമെന്നാണ് പറഞ്ഞത്.
ഇത്തരം പെരുമാറ്റങ്ങൾ അനുവദിച്ചു കൊടുക്കുകയും യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകാതെ പണത്തിന് പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്നും റാൻഡി ഫേസ്ബുക്കിൽ കുറിച്ചു.


