ഫുട്‌ബോള്‍ പരിശീലകന്‍ കൊവിഡ് ബാധിച്ച് മരിച്ചു, മരിച്ചത് 21കാരന്‍: ഞെട്ടല്‍ മാറാതെ കായികലോകം

സ്പാനിഷ് ഫുട്‌ബോള്‍ താരം കൊറോണ ബാധിച്ച് മരിച്ചു. 21 കാരനായ യുവതാരമാണ് മരിച്ചത്. സ്‌പെയിനിലെ മലാഗയിലെ അത്‌ലറ്റികോ പോര്‍ട്ടാഡ അല്‍റ്റ ഫുട്‌ബോള്‍ ക്ലബിന്റെ ജൂനിയര്‍ പരിശീലകനായിരുന്ന ഫ്രാന്‍സിസ്‌കോ ഗാര്‍ഷ്യയാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. അതേസമയം ആരോഗ്യവാനായ യുവാവിന്റെ മരണത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ലുക്കീമിയ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവശനായിരുന്ന ഫ്രാന്‍സിസ്‌കോയ്ക്ക് കൊറോണ വൈറസ് ബാധയും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായതെന്നാണ് വിവരം.

ലുക്കീമിയ ഉണ്ടായിരുന്നതിനാലാണ് കോവിഡിനെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിനു സാധികാതിരുന്നതെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ഫ്രാന്‍സിസ്‌കോയെ കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ഫ്രാന്‍സിസ്‌കോയുടെ മരണത്തില്‍ ക്ലബ് അധികൃതര്‍ ദുഃഖം രേഖപ്പെടുത്തി.

അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഫ്രാന്‍സ് കര്‍ശനമായി വിലക്കി. യൂറോപ്പില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ ഇറ്റലിയും സ്‌പെയ്‌നും നേരത്തെ ഏര്‍പ്പെടുത്തിയ സമാനമായ നിയന്ത്രണങ്ങളിലൂടെയാണ് ഫ്രാന്‍സും കടുന്നുപോകുന്നത്. സ്‌കൂള്‍, കഫേ, അവശ്യ സര്‍വ്വീസല്ലാത്ത കടകള്‍ എന്നിവയെല്ലാം ഫ്രാന്‍സില്‍ അടച്ചു. ചൊവ്വാഴ്ച മുതല്‍ പുറത്തുനിന്നുള്ള വിദേശ യാത്രക്കാര്‍ക്ക് ഫ്രാന്‍സിലേക്ക് പ്രവേശനം വിലക്കും, അതിര്‍ത്തികള്‍ അടയ്ക്കും. രോഗികളെ ആശുപത്രികളിലേക്കെത്തിക്കാന്‍ സൈന്യം സഹായിക്കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് മാക്രോണ്‍ വ്യക്തമാക്കി. ഇതുവരെ 148 പേരാണ് വൈറസ് ബാധയില്‍ ഫ്രാന്‍സില്‍ മരണപ്പെട്ടത്. 6633 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

കൊറോണ വ്യാപനം തടയാന്‍ ജര്‍മനിയില്‍ ഉല്ലാസവ്യാപര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടച്ചു. മതപതമായ ചടങ്ങുകള്‍ നിര്‍ത്തലാക്കാനും ജനങ്ങളോട് രാജ്യത്തിനകത്തും പുറത്തുമുള്ള ഉല്ലാസ യാത്രകള്‍ ഒഴിവാക്കാനും ജര്‍മന്‍ ഭരണകൂടം ആവശ്യപ്പെട്ടു. ജര്‍മനിയില്‍ 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. 7272 പേര്‍ വൈറസ് സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുകയാണ്. കൊറോണയെ കൂടുതല്‍ പേരിലേക്ക് പടരുന്ന അപകടകരമായ സാഹചര്യം കണക്കിലെടുത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് കൊറോണ ഇതുവരെ 19 പേരുടെ ജീവനെടുത്തു. 2353 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയ, ഇറാന്‍, യുഎസ് എന്നീ രാജ്യങ്ങളും കൊറോണയെ നേരിടാന്‍ കൂടുതല്‍ ജനങ്ങള്‍ ഒത്തുചേരുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ 7174 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധയില്‍ മരണപ്പെട്ടത്. ഏറ്റവും കൂടുതല്‍ മരണം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലാണ്, 3226 പേര്‍. ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 160ലേറെ രാജ്യങ്ങളിലായി 182,726 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

Top