24 മണിക്കൂറും കൈയില്‍ കത്തി കൊണ്ട് നടക്കുന്ന വ്യക്തിയാണ്, മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചു.സുധാകരന്റെ പരാമർശം കോൺഗ്രസിന് വിനയായി കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’ സുധാകരനെതിരെ നിയമനടപടിയുമായി ഫ്രാന്‍സിന്റെ മകന്‍

കൊച്ചി:മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മകന്‍ ജോബി.പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളിക്കൊണ്ട് മകന്‍ ജോബി രംഗത്ത് വന്നത് കോൺഗ്രസിനും സുധാകരനും കനത്ത തിരിച്ചടി ആയിരിക്കയാണ്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. അക്രമ രാഷ്ട്രീയത്തിന്റെ ആളായിരുന്നില്ല തന്റെ പിതാവെന്നും ജോബി പറഞ്ഞു.

”എന്റെ പിതാവ് ക്രൂരനായ മനുഷ്യനാണ്, 24 മണിക്കൂറും കൈയില്‍ കത്തി കൊണ്ട് നടക്കുന്ന വ്യക്തിയാണ്, മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചു തുടങ്ങിയ പരാമര്‍ശങ്ങള്‍ കെ സുധാകരന്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. 2000ല്‍ മരിച്ച പിതാവിനെക്കുറിച്ചാണ് സുധാകരന്‍ പരമാര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. എന്റെ പിതാവ് യൂണിവേഴ്‌സിറ്റി വോളിബോള്‍ പ്ലയറായിരുന്നു. ഒരിക്കലും സഹജീവികളെ ഉപദ്രവിക്കുന്ന വ്യക്തിയല്ല. അതുകൊണ്ട് പ്രസ്താവനയില്‍ നിന്ന് പിന്‍മാറി സുധാകരന്‍ പിന്‍വലിച്ച് മാപ്പ് പറണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട് പറയും.”

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പിണറായി വിജയനെ ബ്രണ്ണന്‍ കോളേജില്‍ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കാര്യം പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പില്‍ മാധ്യമപ്രവര്‍ത്തകനോട് വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അഭിമുഖത്തില്‍ വന്നതെല്ലാം താന്‍ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. മനോരമ ലേഖകനായ കെഎസ്.യുക്കാരനോട് സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നു ലേഖകന്‍ ചെയ്ത ചതിയാണ് സംഭവിച്ചതന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ പറഞ്ഞത്: ”വാര്‍ത്ത കൊടുക്കാന്‍ ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ല. ഈ വാര്‍ത്ത നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്ന് വന്നതാണ്. കെഎസ്.യു പ്രവര്‍ത്തകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍, ബ്രണ്ണന്‍ കോളേജില്‍ ഇങ്ങനെയൊരു സംഭവം നടന്നോ, എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. അന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ആ വാര്‍ത്ത വേണ്ട. ശരിയല്ലെന്ന്. എന്നാല്‍ തനിക്ക് അറിയാനാണ്. താന്‍ പഴയ കെഎസ്‌യുവാണ് എന്നെല്ലാം പറഞ്ഞപ്പോള്‍, ഞാന്‍ അവന്‍ ഇങ്ങോട്ട് പറഞ്ഞത് തിരുത്തി അങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പക്ഷെ പ്രസിദ്ധീകരിക്കരുതെന്ന നിബന്ധന മുന്നോട്ട് വച്ചിരുന്നു. സ്വകാര്യം സംഭാഷണമായിരുന്നു. അത് പത്രത്തില്‍ വന്നത് എന്റെ കുറ്റമല്ല. മാധ്യമരംഗത്തെ പ്രവര്‍ത്തനത്തിന്റെ ദോഷമാണ്. കുറ്റമാണ്. അതിന് ഉത്തരം നല്‍കേണ്ടത് മാധ്യമപ്രവര്‍ത്തകരാണ്. ശരിക്കും സംഭവിച്ചത് പറയാന്‍ എനിക്ക് താല്‍പര്യമില്ല. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെ പിടിക്കാന്‍ മാത്രമുള്ള ആരോഗ്യമൊന്നും അന്നേ പിണറായിക്കില്ല. നിങ്ങള്‍ നാട്ടുകാരോട് ഒന്ന് അന്വേഷിക്ക്. അദ്ദേഹത്തെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഫയല്‍മാനായി തോന്നിയെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. വിഷയത്തില്‍ മനോരമയെ വിളിച്ച് പരാതി പറഞ്ഞിട്ടുണ്ട്.”

തനിക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തി ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ബ്രണ്ണന്‍ കോളേജിലെ സഹപാഠികളില്‍ ഒരാളെങ്കിലും, ഈ ആരോപണങ്ങള്‍ ശരിയാണെന്ന് പറഞ്ഞാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാഷ്ട്രീയം അവസാനിപ്പിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു. നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

”നിങ്ങളുടെ സര്‍ക്കാര്‍, നിങ്ങളുടെ പൊലീസ്. എന്നെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ നട്ടെല്ല് കാണിക്കണം. ഏത് അന്വേഷണ ഏജന്‍സിക്കും അന്വേഷിക്കാം. മണല്‍മാഫിയ ബന്ധം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ” എന്നും സുധാകരന്‍ ചോദിക്കുന്നു.

പിണറായി വിജയനെ കേരളത്തിലെ കൊച്ച് കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. അപാരമായ തൊലിക്കട്ടിയാണ് പിണറായി വിജയനുള്ളത്. നാല് വര്‍ഷം താന്‍ ഭരിച്ച വകുപ്പില്‍ പല സുപ്രധാനന ചുമതലകള്‍ ഉള്‍പ്പെടെ വഹിച്ച് കൂടെ ഉണ്ടായിരുന്ന സ്വപ്ന സരേഷിനെ അറിയില്ലെന്ന് പറഞ്ഞ വ്യക്തിയാണ് പിണറായി വിജയനെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. തനിക്ക് മാഫിയ ബന്ധം ഉണ്ടെന്നാണ് പിണറായി വിജയന്‍ പറയുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം. അതാവശ്യപ്പെടുകയാണ്. മാഫിയ ബന്ധം തനിക്കല്ല, ബാഗില്‍ വെടിയുണ്ട കൊണ്ട് നടന്ന പിണറായി വിജയനാണെന്നും സുധാകരന്‍ ആരോപിച്ചു. എന്തിനാണ് പിണറായി ഉണ്ട കൊണ്ട് നടന്നത്. തോക്കുമായി നടക്കുന്ന, വെടിയുണ്ടയായി നടക്കുന്ന പിണറായിയാണോ തോക്ക് ഉപയോഗിക്കാത്ത ഞാനാണോ മാഫിയ എന്നും അദ്ദേഹം ചോദിക്കുന്നു. വെടിയുണ്ട കണ്ടെടുത്തപ്പോള്‍ മാനനഷ്ടക്കേസ് കൊടുത്തു, അതിന് നേരിട്ട തിരിച്ചടി പിണറായിക്ക് ഓര്‍മ്മയില്ലേ എന്നും സുധാകരന്‍ പറഞ്ഞു.

തന്നെ നഗ്‌നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു. എകെ ബാലന്റെ ആരോപണവും തെറ്റാണ്. എകെ ബാലന്‍ ബ്രണ്ണനിലെത്തുന്നത് 1971 ലാണ്. താന്‍ പഠിച്ചത് 67ലാണ്. പേരാമ്പ്ര സ്വദേശിയായ ഫ്രാന്‍സിസും പിണറായിയും തമ്മില്‍ സംഘര്‍ഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ഫ്രാന്‍സിസിനെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ അദ്ദേഹം തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒറ്റുകൊടുത്തതിനാണ് പ്രശാന്ത് ബാബുവിനെ മാറ്റിനിര്‍ത്തിയത്. മമ്പറം ദിവാകരന്‍ പാര്‍ട്ടിയ്ക്ക് അകത്തും പുറത്തുമല്ലാത്ത അവസ്ഥയാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങളും സുധാകരന്‍ നിഷേധിച്ചു. ”ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ അന്തസ്സിന് യോജിച്ചതല്ല. സ്വന്തം മക്കളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് പിണറായി വിജയന്‍ വിവരം പൊലീസില്‍ അറിയിച്ചില്ല. ആരാണ് ഈ കാര്യം പറഞ്ഞത്, മരിച്ച് പോയ സുഹൃത്തും ഫിനാന്‍സറുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോളേജ് വിദ്യാര്‍ഥിക്കെന്ത് ഫിനാന്‍സര്‍. എനിക്ക് അങ്ങനെ ഒരാളെ അറിയില്ല. മരിച്ചയാള്‍ക്ക് എന്തേ പേരില്ല. മുഖ്യമന്ത്രി എന്തു കൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. പൊലീസില്‍ പരാതി കൊടുത്തില്ല.. എന്തുകൊണ്ട് മറ്റാരോടും പറഞ്ഞില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെന്ന കാര്യം അമ്മമാരോടും ഭാര്യയോടുമാണ് എല്ലാവരും പറയുന്നത്. അവരുടെ സുരക്ഷയെ കരുതി. എന്നാല്‍ പിണറായി അത് പറഞ്ഞില്ല. അച്ഛന്റെ സ്ഥാനത്താണോ അദ്ദേഹമെന്ന് എനിക്ക് സംശയമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിക്കുന്ന പ്രതികരണമല്ല പിണറായി വിജയന്‍ നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് വ്യക്തിപരമായ ബഹുമാനിക്കും. പിണറായി വിജയന്‍ അന്തസിന് അനുസരിച്ച് പ്രതികരിക്കണം.”

Top