ആൾമാറാട്ടം നടത്തി ക്യാമറ തട്ടിയെടുത്തു : ക്യാമറ തട്ടിച്ചത് വഴിയിൽ വീണ് കിട്ടിയ തിരിച്ചറിയൽ രേഖ ഉപയോഗിച്ച്: കണ്ണൂർ സ്വദേശി അറസ്റ്റിൽ

പാലാ: വഴിയിൽ വീണുകിട്ടിയ പാലക്കാട്‌ സ്വദേശിയുടെ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും ഉപയോഗിച്ച് പാലാ സ്വദേശികളായ രണ്ടു പേരുടെ വില പിടിപ്പുള്ള വീഡിയോ ക്യാമറ വാടകക്കെടുത്ത് തട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി വഴാത്തുരൂത്തേൽ മാത്യുവിന്റെ മകൻ ജിനീഷിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈ മാസത്തിൽ കണ്ണൂരിൽ റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പാലക്കാട് സ്വദേശിയുടെ ആധാർ കാർഡിന്റെയും ഡ്രൈവിംഗ് ലൈസൻസിന്റെയും കോപ്പി ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഈ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് എടുത്ത സിം കാർഡ് ഉപയോഗിച്ച് ജിനേഷ് ഒഎൽ എക്സ് പരസ്യം വഴി ക്യാമറ വാടകക്ക് നൽകുന്ന പാലാ സ്വദേശികളെ ബന്ധപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാർച്ച്‌ അഞ്ചാം തീയതി പാലായിൽ എത്തുമെന്നും പാലക്കാട്‌ ആണ് വീട് എന്നുമറിയിച്ചു. മാർച്ച്‌ അഞ്ചാം തീയതി പാലായിൽ എത്തിയ ജിനേഷ് കളഞ്ഞു കിട്ടിയ ആധാർ കാർഡിന്റെയും ഡ്രൈവിംഗ് ലൈസൻസിന്റെയും കോപ്പി നൽകി രണ്ടു ദിവസത്തേക്ക് എന്ന് പറഞ്ഞ് ക്യാമറ വാടകക്കെടുത്തു. പറഞ്ഞിരുന്ന സമയത്തിന് ശേഷം ക്യാമറ തിരിച്ചു കിട്ടാത്തതിനാൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു.

തുടർന്ന് നൽകിയിരുന്ന തിരിച്ചറിയൽ രേഖയിലെ വിലാസത്തിൽ പാലക്കാട് അന്വേഷിച്ചെത്തി യഥാർത്ഥ ആളെ കണ്ടപ്പോൾ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായ ഉടമകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിർദേശപ്രകാരം പാലാ ഡിവൈ.എസ്.പി പ്രബുല്ലചന്ദ്രന്റെ മേൽനോട്ടത്തിൽ പാലാ ഇൻസ്‌പെക്ടർ എസ്.എച്ച് ഒസുനിൽ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പയ്യന്നൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.

പ്രിൻസിപ്പൽ എസ് ഐ ശ്യംകുമാർ കെ.എസ്, എസ് ഐ തോമസ് സേവിയർ, എ എസ് ഐ പ്രകാശ് ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Top