സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണം വെള്ളിയാഴ്ച മുതൽ.
ഈ മാസം ഭക്ഷ്യകിറ്റിൽ ഉണ്ടാവുക 12 ഇനങ്ങൾ ആകും. കഴിഞ്ഞ മാസത്തെ വിഷുകിറ്റിൽ പതിനാലിനം സാധനങ്ങളാണ് നൽകിയത്. ഇതിൽ നിന്ന് കടുകും സോപ്പും ഒഴിച്ച് പന്ത്രണ്ട് ഇനങ്ങൾ നൽകാമെന്ന് സപ്ലൈകോ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള കിറ്റിൽ അഞ്ചുകിലോ അരിയും കൂടി ഉൾപ്പെടുത്തും.രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഫോർട്ടിഫൈഡ് ആട്ട ഉൾപ്പെടുത്തും.
വെള്ളിയാഴ്ചയോടെ വിതരണം തുടങ്ങാനാണ് നിർദേശമെങ്കിലും ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നത് കിറ്റ് തയാറാക്കൽ ജോലികളെ ബാധിക്കുമോയെന്നാണ് ആശങ്ക.
കിറ്റിലേക്കുള്ള ഉത്പന്നങ്ങൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു.ലോക്ഡൗൺ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുമെന്നും മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ തവണ ലോക്ഡൗൺ കാലത്ത് സാധനങ്ങളെത്തിക്കാൻ ഏറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. കപ്പലിലടക്കം ഭക്ഷ്യസാധനങ്ങൾ കൊണ്ടുവന്നാണ് വിതരണം നടത്തിയത്. ഇത്തവണ ചരക്ക് വാഹനങ്ങളെ തടയില്ലെന്നാണ് തീരുമാനം.അത് കിറ്റ് വിതരണത്തിന് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


