സുഹൃത്തിന്റെ കട്ടൗട്ടുമായി ലോകകപ്പ് കാണെത്തി നാലംഗ സംഘം; സുഹൃത്തിനെ കൂട്ടാതെ കട്ടൗട്ട് മാത്രം കൊണ്ടുവരാൻ ഒരു കാരണമുണ്ട്

സുഹൃത്തുക്കളോടൊപ്പം റഷ്യയിൽ നടക്കുന്ന ലോകകപ്പ് കാണാൻ പോകാൻ ഭാര്യ സമ്മതിച്ചില്ല. എന്നാൽ സുഹൃത്തുക്കൾ തന്റെ അഭാവത്തിൽ തന്റെ കട്ടൗട്ട് കൊണ്ട് റഷ്യയ്ക്ക് തിരിക്കുമെന്ന് ഈ യുവാവ് സ്വപ്‌നത്തിൽ പോലും വിചാരിച്ചുകാണില്ല. ഈ യുവാവിന്റെ സുഹൃത്തുക്കളും സ്വന്തം കട്ടൗട്ടുമാണ് ഇന്ന് ലോകപ്രശസ്തി നേടിയിരിക്കുന്നത്.

2014 ൽ ലോകകപ്പ് നടക്കുമ്പോഴാണ് മെക്‌സിക്കോയിലെ ദുരാംഗോ സ്വദേശികളായ അഞ്ച് സുഹൃത്തുക്കൾ ചേർന്ന് അടുത്ത ലോകകപ്പ് കാണാൻ പോകണമെന്ന് പദ്ധതിയിടുന്നത്. വെറുതെയങ്ങ് പോകുകയായിരുന്നില്ല അവരുടെ ഉദ്ദേശം, മറിച്ച് ഒരു ബസ് വാങ്ങി, അതില് സ്വന്തം രാജ്യത്തിന്റെ പതാകയുടെ നിറം നൽകി ലോകകപ്പ് നടക്കാനിരിക്കുന്ന റഷ്യയിലേക്ക് പോകണമെന്നായിരുന്നു അവരുടെ ലക്ഷ്യം.

നീണ്ട നാലു വർഷത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകൾക്കും ശേഷം ഒടുവിൽ 2018 റഷ്യൻ ലോകകപ്പിന് പോകാനുള്ള ബസ്സും മറ്റ് സജ്ജീകരണങ്ങളുമെല്ലാം തയ്യാറായി. എന്നാൽ റഷ്യൻ ലോകകപ്പിൽ പങ്കെടുക്കണമെന്ന് പ്ലാനിട്ട യുവാവ് മാത്രം പോകുന്നില്ലെന്നുവെച്ചു. കാരണം ഭാര്യ സമ്മതിക്കുന്നില്ല.

പക്ഷേ വെച്ച കാൽ മുന്നോട്ടുതന്നെ എന്ന നിലപാടിലായിരുന്നു മറ്റു സുഹൃത്തുക്കൾ. അവർ റഷ്യയ്ക്ക് തിരിക്കുകയും ചെയ്തു. എന്നാൽ വരാൻ സാധിക്കാതിരുന്ന യുവാവിന്റെ കട്ടൗട്ടുംകൊണ്ടാണ് അവർ യാത്രയായത്. ‘എന്റെ ഭാര്യ എന്നെ പോകാൻ സമ്മതിച്ചില്ല’ എന്നെഴുതിയ ടീഷർട്ട് ധരിച്ച കട്ടൗട്ടാണ് അവർ കൂടെകൊണ്ടുപോയത്. റഷ്യയിൽ അവർ പോകുന്നിടത്തെല്ലാം ഈ കട്ടൗട്ടും കൊണ്ടാണ് അവർ പോയത്. പോസ് ചെയ്യുന്ന എല്ലാ ചിത്രങ്ങളിലും സെൽഫിയിലും അവർ ഈ കട്ടൗട്ടും വെച്ചു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

 

Top