പ്രേതബാധ; രാത്രി ഒമ്പത് മണിക്ക് ശേഷം റോഡിലിറങ്ങുന്നവര്‍ സൂക്ഷിക്കുക…

നാദാപുരം: ചേലക്കാടിന് സമീപം വെള്ളിയാല പാറ താഴെ മഠത്തും കര റോഡ് പരിസരങ്ങളിൽ “പ്രേതബാധ’. രാത്രി ഒമ്പത് മണിക്ക് ശേഷം റോഡിലിറങ്ങുന്ന “പ്രേത ബാധ’യിൽ ബൈക്ക് യാത്രികർ അപകടത്തിൽ പെടുകയും ചെയ്തു.പ്രദേശ വാസികളായ യുവാക്കളാണ് പ്രേതത്തെ കണ്ട് അപകടത്തിൽ പെട്ടത്. ബൈക്ക് ഓടിച്ച് പോകവേ റോഡിൽ പ്രത്യക്ഷപ്പെട്ട നീണ്ട മുടിയുള്ള വെളുത്ത രൂപം ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്നാണ് പരിക്കേറ്റ യുവാവ് പറഞ്ഞത്.

റോഡിൽ വീണ ശേഷം പിന്നീട് ഒന്നും ഓർമ്മയില്ലെന്നും യുവാവ് പറഞ്ഞു.സമീപത്തെ വീട്ടിൽ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. അവശനായ യുവാവിനെ അയൽ വീട്ടുകാരുടെ സഹായത്തോടെയാണ് പ്രദേശവാസികൾ വീട്ടിലെത്തിച്ചത്.കഴിഞ്ഞ ദിവസം ആറര മണിയോടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും പാറ പരിസരത്ത് ബൈക്കപകടത്തിൽ പെട്ടതോടെ പ്രേത ബാധ കാട്ട് തീ പോലെ നാട്ടിൽ പ്രചരിക്കുകയായിരുന്നു. സംഭവം നാട്ടിൽ പരന്നതോടെ സന്ധ്യ മയങ്ങിയാൽ നാട്ടുകാർ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതും വാഹനങ്ങളിൽ ഈ മേഖലയിൽ കൂടെ സഞ്ചരിക്കുന്നതും ഒഴിവാക്കി.

ഇതിനിടയിൽ ചില വീട്ടുകാർ സ്വന്തം കുടുംബത്തിൽ ബാധ കൂടാതിരിക്കാൻ സ്വകാര്യത്തിൽ കുപ്രസിദ്ധരായ ദുർ മന്ത്ര വാദികളെ രംഗത്തിറക്കി കർമ്മങ്ങളും ആരംഭിച്ചതായി പറയുന്നുണ്ട്. പ്രേതത്തെ കണ്ട് അപകടത്തിൽ പെട്ടവർ പല രൂപങ്ങൾ പറഞ്ഞതിനാൽ ഒന്നിൽ കൂടുതൽ ഉണ്ടോ എന്ന സംശയവും ചിലർക്കുണ്ട്.പ്രേത ബാധയെ തുടർന്ന് പ്രദേശത്തെ റോഡരികിലെ കാടുകൾ നാട്ടുകാരുടെ നേതൃത്വത്തിൽ വെട്ടി തെളിക്കുകയും വർഷങ്ങളായി അണഞ്ഞ് കിടക്കുകയായിരുന്ന സ്ട്രീറ്റ് ലൈറ്റുകൾ നാട്ടുകാർ പിരിവെടുത്ത് പ്രകാശിപ്പിക്കുകയും ചെയ്തു.പ്രേതബാധക്ക് പിന്നിൽ മറ്റ് എന്തെങ്കിലും ദുരുദ്ധ്യേശ്യങ്ങൾ ഉണ്ടോ എന്ന കാര്യം പോലീസും അന്വേഷിക്കുന്നുണ്ട്.

Latest
Widgets Magazine