പതിനേഴുകാരി പ്രസവിച്ചു, അയല്‍വാസിയായ ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍

കിളിമാനൂര്‍: പതിനേഴ് വയസുള്ള പെണ്‍കുട്ടി തിരുവനന്തപുരത്ത് പ്രസവിച്ചു. അയല്‍വാസിയായ ഇരുപത്തിയൊന്നുകാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുന്ന പതിനേഴുകാരി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രസവിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അടയമണ്‍ വട്ടലില്‍ സ്വദേശി രഞ്ജിത്തിനെ കിളിമാനൂര്‍ പൊലീസ് അറസ്റ്റുചെയ്തു. ടാപ്പിംഗ് തൊഴിലാളിയാണിയാള്‍.

അടയമണ്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം എസ്.എ.ടിയില്‍ കുഞ്ഞിനു ജന്മം നല്‍കിയത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ മുന്‍പ് ഇയാള്‍ പലകുറി താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വീട്ടുകാര്‍ നിരസിക്കുകയായിരുന്നത്രെ. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാലും അയല്‍പക്ക ബന്ധം വേണ്ടെന്നുവച്ചുമാണ് നിരസിച്ചത്. പെണ്‍കുട്ടി ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിയുന്നത്. രഞ്ജിത്തിനെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.

Top