ശബരിമലയിലെ 476 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റു; ക്ഷേത്രക്കൊള്ളയില്‍ കൂടുതല്‍ തെളിവുകള്‍

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്മാര്‍ട്ട് ക്രിയേഷന്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റെന്ന് നിര്‍ണായക മൊഴി. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധനനാണ് സ്വര്‍ണം വാങ്ങിയത്.

476 ഗ്രാം സ്വര്‍ണം സ്‌പോണ്‍സര്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന് വിറ്റതായാണ് എസ്‌ഐടി കണ്ടെത്തല്‍. ഇതിനെ സാധൂകരിക്കുന്ന മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണ വില്‍പ്പന ഗോവര്‍ധന്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യേക അന്വേഷണ സംഘമാണ് ഗോവര്‍ദ്ധന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ബെല്ലാരിയിലും തെളിവെടുപ്പ് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൊണ്ടുപോകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.

ഇതനുസരിച്ചാണ് അന്വേഷണ സംഘം ഇന്ന് പുലര്‍ച്ചെയോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. വേര്‍തിരിച്ചെടുത്ത സ്വര്‍ണം വിറ്റെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ബെല്ലാരിയിലെത്തിച്ചത്.അതേസമയം, കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ മൊഴിയും നിര്‍ണായകമായിരിക്കുകയാണ്. ശബരിമല സ്വര്‍ണപ്പാളി രജിസ്റ്ററില്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് മുരാരി ബാബുവിന്റെ മൊഴി.

ഉണ്ണികൃഷ്ണന്‍ പോറ്റിയും നേരത്തേ അന്വേഷണ സംഘത്തിന് സമാന മൊഴിയാണ് നല്‍കിയത്. ഇതോടെ, സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ഉന്നതര്‍ക്കെതിരെയുളള കുരുക്ക് മുറുകിയിരിക്കുകയാണ്. നിലവിലെ ബോര്‍ഡിന്റെ ഇടപെടല്‍ സഹിതം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്.

 

Top