സാഹൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര നീക്കം; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് തടയുക ലക്ഷ്യം

ന്യൂഡല്‍ഹി: വിദ്വേഷം വളര്‍ത്തുന്നതിനായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തില്‍ ദുരുപയോഗം ചെയ്യു്‌നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവയുടം പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള വഴി അന്വേഷിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ടെലികോം സേവനദാതാക്കള്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരോടാണ് കേന്ദ്രം ആവശ്യം ഉന്നയിച്ചത്.

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയവ അടിയന്തര സാഹചര്യങ്ങളില്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയാവുന്ന മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് ജൂലായ് 18-ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഐ.ടി. നിയമത്തിലെ 69എ. വകുപ്പുപ്രകാരമാണിത്. കംപ്യൂട്ടര്‍ അനുബന്ധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങളിലെത്താതിരിക്കുന്നത് തടയാന്‍ അധികാരം നല്‍കുന്ന വകുപ്പാണിത്.

ദുരുപയോഗം നടക്കുന്ന വെബ്‌സൈറ്റുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ വിവരസാങ്കേതിക മന്ത്രാലയത്തിലെ സൈബര്‍ നിയമവിഭാഗത്തിന്റെ നിര്‍ദേശപ്രകാരമോ ബ്ലോക്ക് ചെയ്യാനും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ നീക്കമില്ലെന്നാണ് സൈബര്‍ നിയമവിഭാഗത്തിന്റെ പ്രതികരണം.

വ്യാജസന്ദേശങ്ങളും വാര്‍ത്തകളും പടരുന്നത് തടയാന്‍ നീക്കമുണ്ടായില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന കേന്ദ്രമുന്നറിയിപ്പിനെത്തുടര്‍ന്ന് സന്ദേശങ്ങള്‍ കൂട്ടമായി കൈമാറുന്നതിന് വാട്‌സാപ്പ് അടുത്തിടെ പരിധി കൊണ്ടുവന്നിരുന്നു. ഒരേസമയം അഞ്ചുപേര്‍ക്കുമാത്രമേ ഒരു അക്കൗണ്ടില്‍നിന്ന് ഒരു സന്ദേശം അയക്കാന്‍ പാടുള്ളൂവെന്നായിരുന്നു പരിധി. കൂടാതെ, സന്ദേശം പെട്ടെന്ന് അയക്കാന്‍ കഴിയുന്ന ക്വിക്ക് ഫോര്‍വേഡ് ബട്ടണും എടുത്തുകളഞ്ഞു.

വാട്‌സാപ്പ് വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ അടുത്തകാലത്ത് രാജ്യത്ത് പലയിടത്തും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കുവരെ കാരണമായിരുന്നു.

Top