ഏറ്റുമാനൂരിലെ ഗുണ്ടകളെയും ക്വട്ടേഷൻകാരെയും നിയന്ത്രിക്കാൻ പൊലീസിന്റെ ഓപ്പറേഷൻ ക്ലീൻ; ഒരാഴ്ച കൊണ്ട് അകത്തായത് 14 ക്രിമിനലുകൾ

ഏറ്റുമാനൂർ: കഞ്ചാവ് കച്ചവടവും അക്രമവും കൊലപാതകവും വധശ്രമവും അടക്കമുള്ള ക്രിമിനൽക്കേസുകളുമായി അഴിഞ്ഞാടിയ ഗുണ്ടാ സംഘങ്ങൾക്ക് മൂക്കുകയറിട്ട് ഏറ്റുമാനൂർ പൊലീസ്. ഒരു മാസത്തോളമായി അക്രമം നടത്തുകും, വെല്ലുവിളിക്കുകയും ഏറ്റുമുട്ടുകയും ചെയ്ത ഗുണ്ടകളെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലു കേസുകളിലായി 14 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമനൽ കേസുകളിൽ പ്രതികളായവരാണ് അറസ്റ്റിലായവരെല്ലാം.

ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനായി ക്ലീൻ ഏറ്റുമാനൂർ പദ്ധതിയുമായി രംഗത്തിറങ്ങിയ പൊലീസ് ഒരാഴ്ച കൊണ്ട് നാലു കേസുകളിലായി 14 പ്രതികളെയാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശത്തെ തുടർന്നാണ് ഏറ്റുമാനൂർ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ കഞ്ചാവ് മാഫിയ സംഘങ്ങളെയാണ് പൊലീസ് പിടികൂടി അകത്താക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിരമ്പുഴയിൽ കഞ്ചാവുമായി എത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ഒളിവിലായിരുന്ന മൂന്നു പ്രതികൾ വാഹനത്തിൽ നിന്നും ഇറങ്ങിയോടി രക്ഷപെട്ടിരുന്നു. ഈ മൂന്നു പ്രതികളെ കഴിഞ്ഞ ദിവസം ചിങ്ങവനത്തു നിന്നും പൊലീസ് പിടികൂടുകയായിരുന്നു. അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കോട്ടമുറി മാടപ്പള്ളി ബിബിൻ ബെന്നി (20), പാറോലിക്കൽ കൊച്ചുപറമ്പിൽ ആൽബിൻ ബിജു(20), നാൽപ്പാത്തിമല തടത്തിൽ വീട്ടിൽ അശ്വിൻ (അമ്പാടി – 20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോടിതയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ പ്രതികളായ കാണക്കാരി കടപ്പൂർ പട്ടിത്താനം മഞ്ജു ഭവനിൽ ആന്റോ വർഗീസിനെയും (30), അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം നാൽപ്പാത്തിമല ഒഴുവക്കണ്ടത്തിൽ ജിബിനെ (21)യും നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു.

ദിവസങ്ങൾക്കു മുൻപ് വെട്ടിമുകൾ കോളനി ഭാഗത്ത് കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ടു യുവാക്കളെ ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. പെപ്പർ സ്േ്രപ അടക്കം മുഖത്തടിച്ചായിരുന്നു പ്രതികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിലെ പ്രതികളായ ഏറ്റുമാനൂർ കിഴക്കും ഭാഗം വെട്ടിമുകൾ പള്ളിവാതുക്കൾ വീട്ടിൽ ജോസഫ് മകൻ മർക്കോസ് ജോസഫ് (ബാബു – 56), വലിയപറമ്പിൽ വീട്ടിൽ വീട്ടിൽ ജോസഫ് മകൻ ജിത്തു ജോസഫ്(26) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മുറ്റത്തുണ്ടായ സംഘർഷത്തെ തുടർന്നു കുമ്മനം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് തൊടുപുഴ സ്വദേശിയെ അറസ്റ്റ് ചെയ്തത്. കുമ്മനം സ്വദേശി ഹരീന്ദ്രൻ (ഹരി-65)യെയാണ് ഇടുക്കി പന്നിമറ്റം ഇളംദേശം വെള്ളിയാനിമറ്റം കാഞ്ഞിരംകുഴി വീട്ടിൽ ഗിരീഷ് കെ.എസ് (40)കുത്തിക്കൊലപ്പെടുത്തിയത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് സംഘം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റുമാനൂർ തച്ചേട്ട്പറമ്പ് കോളനിയുമായി ബന്ധപ്പെട്ടുണ്ടായ വധ ശ്രമക്കേസിൽ എട്ടു പേരെയാണ് പൊലീസ് പിടികൂടിയത്. പാലക്കാട് തൃത്താല കളരിക്കൽ വീട്ടിൽ നിന്നും ഓണംതുരുത്ത് കുറുമുള്ളൂർ തച്ചേട്ടുപറമ്പിൽ പാറകണ്ടത്തിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശരത് (25), തച്ചേട്ടുപറമ്പ് കോളനിയിൽ തച്ചേട്ടുപറമ്പിൽ വീട്ടിൽ ഗോപകുമാർ (34), അജയൻ (49), റെജിമോൻ (35), കലിങ്കപ്പറമ്പ് വീട്ടിൽ ഗിരീഷ്‌കുമാർ (31), ഗോപാലകൃഷ്ണൻ (54), ഓണംതുരുത്ത് കുറുമുള്ളൂർ ശ്യാമിലി നിവാസിൽ ജയപ്രകാശ് (രാജീവ് -36), ശ്യാമിലി നിവാസിൽ ഷാജിമോൻ (ചാക്കോ -50) എന്നിവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നിർദേശാനുസരണം ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രാജേഷ് കുമാർ, എസ്.ഐ ടി.എസ് റെനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ എസ്.ഐ പ്രശോഭ്, സിവിൽ പൊലീസ് ഓഫിസർമാരായ സാബു മാത്യു, സാബു പി.ജെ, രാജേഷ്, അനീഷ് വി.കെ, രാകേഷ്, പ്രവീൺ, സുനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Top