ക്രൈം ഡെസ്‌ക്
കൊച്ചി: ലൗജിഹാദ് കേസിൽ കുടുക്കി ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനെ അകത്താക്കാൻ എൻ.ഐ.നീക്കം. ഷെഫിന്റെ ഓഡിയോ ക്ലിപ്പ് അടക്കമുള്ളവ തെളിവാക്കി മാറ്റി ഇയാളെ പൂട്ടുന്നതിനാണ് നീക്കം നടക്കുന്നത്. ഹാദിയയെ ഷെഫിനൊപ്പം വിടാതിരിക്കുന്നതിനു ബിജെപിയും ആർഎസ്എസും എൻഐഎയും ചേർന്ന് നടത്തുന്ന നീക്കമാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ഹാദിയ കേസിൽ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന മുൻ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി സ്വതന്ത്ര അന്വേഷണത്തിന് എൻ.ഐ.എക്ക് നിർദേശം നൽകിയ പശ്ചാത്തലത്തിൽ വിപുലമായ അന്വേഷണത്തിനാണ് നിർദ്ദേശം.
ഇതിനായി വിവിധ അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കാൻ എൻ.ഐ.എ ആസ്ഥാനത്ത് നിന്നും നിർദ്ദേശം നൽകി കഴിഞ്ഞു.
ഒരാളെ ഐ.എസിൽ ചേർത്താൽ എത്ര രൂപ കിട്ടുമെന്ന് ഷെഫീൻ ജഹാൻ ചോദിച്ചതായി എൻ.ഐ.എ സുപ്രീം കോടതിയിൽ സമർപ്പിച്ച മുദ്രവെച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഷെഫീന് ഐ.എസ് ബന്ധം ഉണ്ടെന്ന ശക്തമായ നിഗമനത്തിലാണ് എൻ.ഐ.എ. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് നീക്കം.
ഐഎസ് റിക്രൂട്ടർ മൻസി ബുറാഖിയോട് ഷെഫീൻ സംസാരിച്ചതിന് തെളിവുകളുണ്ടെന്നാണ് എൻ.ഐ.എയുടെ വാദം.
ആവശ്യമായ തെളിവുകൾ ലഭ്യമായാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോവാനാണ് എൻ.ഐ.എയുടെ നീക്കം.
മകളെ ഐ.എസിൽ ചേർക്കുന്നതിനായാണ് മതം മാറ്റിയതെന്നാണ് ഹാദിയയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ നടന്ന നിർബന്ധിത മതപരിവർത്തന കേസുകൾ വിശദമായ അന്വേഷണത്തിന് വിധേയമാക്കാനും എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം ഹാദിയ കേസിൽ അന്തിമ വിധി വരും മുൻപ് ഷെഫീൻ ജഹാനെ ജയിലിലടക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നതെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്.


