കുഴഞ്ഞുവീണ്‌ മരണം:നിങ്ങൾ മരണത്തിനടുത്തതാണ് ;കരുതല്‍ വേണം

കൊച്ചി:നിങ്ങളും മരണത്തിനടുത്തതാണ് ..നിർബന്ധമായും വായിക്കുക മറ്റുള്ളവരിലേക്ക് പങ്കുവെക്കുക ഈ ഞെട്ടിക്കുന്ന വിവരങ്ങൾ .കര്‍മനിരതനായിരുന്ന ഒരു വ്യക്‌തി പെട്ടെന്ന്‌ കുഴഞ്ഞുവീണു മരിക്കുന്നത്‌ അത്യന്തം സങ്കടകരമായ ഒരനുഭവമാണ്‌. അരങ്ങില്‍ ആടിക്കൊണ്ടിരുന്ന മഹാനടനും ഓട്ടന്‍തുള്ളല്‍ കലാകാരനും അപ്രതീക്ഷിതമായി ചമയം അഴിച്ചുവയ്‌ക്കാതെതന്നെ യാത്രയായത്‌ കലാകേരളത്തിന്‌ തീരാദുഃഖമാണ്‌ സമ്മാനിച്ചത്‌. ഭാരതം കണ്ട മഹാനായ ശാസ്‌ത്രജ്‌ഞനും രാഷ്‌ട്രപതിയുമായിരുന്ന എ.പി.ജെ. അബ്‌ദുള്‍ കലാമും പ്രസംഗപീഠത്തില്‍ കുഴഞ്ഞുവീണു യാത്രയായത്‌ നമ്മെ വേദനിപ്പിച്ച സംഭവമാണ്‌. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അതിഗുരുതരമായ ഹൃദയസ്‌തംഭനമാണ്‌ (കാര്‍ഡിയാക്‌ അറസ്‌റ്റ്‌) ഇത്തരം കുഴഞ്ഞുവീണുള്ള മരണങ്ങള്‍ക്കു പ്രധാന കാരണം.

ഹൃദയം സദാ മിടിച്ചുകൊണ്ടിരിക്കുന്ന അവയവമാണ്‌. മിനിറ്റില്‍ 60 മുതല്‍ 100 തവണവരെയാണ്‌ ഹൃദയം സ്‌പന്ദിക്കുന്നത്‌. ഹൃദയം സങ്കോചിക്കുമ്പോഴാണ്‌ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ഓക്‌സിജന്‍ കലര്‍ന്ന ശുദ്ധരക്‌തമെത്തുന്നത്‌. ഹൃദയത്തിന്റെ താളാത്മകമായ പ്രവര്‍ത്തനം പെട്ടെന്ന്‌ നിലയ്‌ക്കുകയാണെങ്കില്‍ തലച്ചോര്‍ ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങള്‍ക്ക്‌ പ്രാണവായു ലഭിക്കാതെവരുന്നു. തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം 4-5 മിനിറ്റിനുള്ളില്‍തന്നെപുനഃസ്‌ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രോഗി ഗാഢമായ അബോധാവസ്‌ഥയിലെത്തുന്നു (കോമ). തുടര്‍ന്ന്‌ മസ്‌തിഷ്‌കമരണം സംഭവിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൃദയപേശികള്‍ക്ക്‌ ആവശ്യമായ രക്‌തം കൊറോണറി ധമനികളിലൂടെ ഒഴുകിയെത്താതിരിക്കുമ്പോഴാണ്‌ ഹൃദയാഘാതമുണ്ടാകുന്നത്‌. കൊറോണറി ധമനികളുടെ ഉള്‍സ്‌തരത്തില്‍ രക്‌തക്കട്ടകള്‍ രൂപപ്പെട്ടാണ്‌ ബ്ലോക്കുകള്‍ ഉണ്ടാകുന്നത്‌. ഇങ്ങനെ ഉണ്ടാകുന്ന രക്‌തക്കട്ടകള്‍ പ്രധാനപ്പെട്ട കൊറോണറി ധമനികളില്‍തന്നെ രക്‌തപ്രവാഹത്തിനു തടസമുണ്ടാക്കുമ്പോള്‍ അതിശക്‌തമായ ഹൃദയാഘാതം ഉണ്ടാവുകയും രോഗി കുഴഞ്ഞുവീണ്‌ മരിക്കുകയും ചെയ്യുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ രണ്ടുതരത്തില്‍ ഹൃദയസ്‌പന്ദന വ്യതിയാനം ഉണ്ടാകാം. ഹൃദയം താളാത്മകമായി പ്രവര്‍ത്തനക്ഷമതയോടെ സങ്കോചിക്കുന്നതിനു പകരം ഹൃദയപേശികള്‍ വിറകൊള്ളുന്ന അവസ്‌ഥയാണ്‌ വെന്‍ട്രിക്കുലര്‍ ഫിജിലേഷന്‍. ഹൃദയത്തിന്റെ സങ്കോച വികാസശേഷി പൂര്‍ണമായും നഷ്‌ടപ്പെട്ട്‌ ഹൃദയം പ്രവര്‍ത്തനരഹിതമാകുന്ന അവസ്‌ഥയുമുണ്ട്‌- കാര്‍ഡിയാക്‌ എസിസ്‌റ്റോളി. ഈ രണ്ടു സങ്കീര്‍ണതകളും കുഴഞ്ഞുവീണു മരിക്കാന്‍ കാരണമാകാം.

പെട്ടെന്ന്‌ ഒരു വ്യക്‌തി കുഴഞ്ഞുവീഴുമ്പോള്‍ അമ്പരന്നു നില്‍ക്കാതെ ആവശ്യമായ പ്രഥമ ശുശ്രൂഷ നല്‍കണം. കുഴഞ്ഞുവീഴല്‍ എപ്പോഴും ഹൃദയസ്‌തംഭനംമൂലമാകണമെന്നില്ല. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയുമ്പോഴും രക്‌തസമ്മര്‍ദം അമിതമായി താഴുമ്പോഴുമൊക്കെ ബോധക്ഷയം ഉണ്ടായെന്നുവരാം. എന്നാല്‍ ഈ അവസരങ്ങളില്‍ വ്യക്‌തിയുടെ പള്‍സ്‌ പിടിച്ചു നോക്കുകയാണെങ്കില്‍ നാഡീസ്‌പന്ദനം തിരിച്ചറിയാന്‍ കഴിയും. ശ്വാസോച്‌ഛ്വാസ പ്രവര്‍ത്തനവും ചലച്ചികൊണ്ടിരിക്കുന്ന നെഞ്ചിന്‍കൂട്ടില്‍നിന്നും മനസിലാക്കാം. പള്‍സും ശ്വാസപ്രവര്‍ത്തനങ്ങളുമില്ലെങ്കില്‍ ഹൃദയസ്‌തംഭനം ഉണ്ടായെന്നു മനസിലാക്കാം.heart-attacks-dih

കുഴഞ്ഞുവീണ വ്യക്‌തിക്ക്‌ നല്‍കേണ്ട അടിയന്തര പ്രഥമശുശ്രൂഷയാണ്‌ സി.പി.ആര്‍. (കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍). ഹൃദയാഘാതമുണ്ടായ വ്യക്‌തി തളര്‍ന്നവശനായി ഇരിക്കുകയോ കുഴഞ്ഞു വീഴുകയോ ചെയ്‌താല്‍ ഉടന്‍തന്നെ നിരപ്പായ ഒരു പ്രതലത്തില്‍ മലര്‍ത്തി കിടത്തണം.
കാലിനടിയിലായി ഒരു തലയിണ വെച്ച്‌ കാല്‍ ഭാഗം ഉയര്‍ത്തിവയ്‌ക്കുന്നത്‌ തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം സുഗമമാക്കും. ബോധം വീണ്ടെടുക്കാനും ഇതുപകരിക്കും. രോഗിയുടെ ശ്വാസോച്‌ഛ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അവസ്‌ഥ മനസിലാക്കുക. മൂക്കിനുതാഴെ ചൂണ്ടുവിരല്‍ പിടിച്ചുനോക്കുകയാണെങ്കില്‍ നിശ്വാസവായു സ്‌പര്‍ശിക്കുന്നതറിയാന്‍ കഴിയും. ഒപ്പം നെഞ്ചിന്‍കൂടിന്റെ താളാത്മകമായ ചലനവും നിരീക്ഷിക്കാം.

ഹൃദയപ്രവര്‍ത്തനം മനസിലാക്കാന്‍ പള്‍സ്‌ പിടിച്ചുനോക്കാം. കഴുത്തിന്റെ ഇരുവശങ്ങളില്‍നിന്നും കൈത്തണ്ടിയില്‍ പിടിച്ചും പള്‍സോ അറിയാന്‍ ശ്രമിക്കാം. ശ്വസന പ്രവര്‍ത്തനവും ഹൃദയസ്‌പന്ദനവുമില്ലെങ്കില്‍ രോഗി അതീവ ഗുരുതരാവസ്‌ഥയിലാണെന്ന്‌ മനസിലാക്കാം. ഇവിടെ രോഗിക്ക്‌ ഹൃയസ്‌തംഭനവും (കാര്‍ഡിയാക്‌ അറസ്‌റ്റ്‌) ശ്വസനസ്‌തംഭനവും (റസ്‌പിറേറ്ററി അറസ്‌റ്റ്‌) ഉണ്ടായിരിക്കുകയാണ്‌. സി.പി.ആര്‍. (കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍) എന്ന ജീവന്‍രക്ഷാ പ്രക്രിയയിലൂടെ രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ പുനരുജ്‌ജീവിപ്പിക്കാനാണ്‌ പ്രഥമശുശ്രൂഷകര്‍ ശ്രമിക്കേണ്ടത്‌.
* പ്രഥമ ശുശ്രൂഷ (സി.പി.ആര്‍)
രോഗിയെ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. മൂക്കിലും വായിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ തുടച്ചുമാറ്റണം. ബോധക്ഷയമുണ്ടായ ആളിന്റെ നാവ്‌ പുറകോട്ട്‌ മറിഞ്ഞ്‌ ശ്വാസതടസമുണ്ടാകാതിരിക്കാനായി കീഴ്‌ത്താടി അല്‍പം ഉയര്‍ത്തിപ്പിടിക്കണം. രോഗിയുടെ മാറെല്ലിനു മുകളിലായി ഇടതുകൈപ്പത്തിയും അതിനു മുകളിലായി ശുശ്രൂഷകന്റെ വലതുകൈപ്പത്തിയും ചേര്‍ത്തുവയ്‌ക്കുക.

കൈമുട്ടുകള്‍ മടക്കാതെ കൈകള്‍ നിവര്‍ത്തിപ്പിടിച്ചുകൊണ്ട്‌ മാറെല്ല്‌ ശക്‌തിയായി താഴേക്കമര്‍ത്തണം. 5-6 സെ.മീ. വരെ താഴുമ്പോള്‍ ഹൃദയം ഞെരുങ്ങി ഹൃദയ അറകളില്‍ ശേഖരിച്ചിരിക്കുന്ന രക്‌തം പുറത്തേക്കു പ്രവഹിക്കുകയാണ്‌ ചെയ്യുന്നത്‌.

മുന്‍പ്‌ നെഞ്ചില്‍ സമ്മര്‍ദമേല്‍പ്പിക്കുന്നതോടൊപ്പംതന്നെ രോഗിയുടെ വായിലേക്ക്‌ ശക്‌തിയായി ഊതി കൃത്രിമശ്വാസോച്‌ഛ്വാസവും നല്‍കുമായിരുന്നു. എന്നാലിപ്പോള്‍ നെഞ്ചില്‍ അമര്‍ത്തുന്നതുകൊണ്ടുതന്നെ ഹൃദയപ്രവര്‍ത്തനങ്ങളെ പുനരുജ്‌ജീവിപ്പിക്കാമെന്ന്‌ കണ്ടതുകൊണ്ട്‌ കൃത്രിമശ്വാസോച്‌ഛ്വാസം നിര്‍ബന്ധമല്ല. കാര്‍ഡിയാക്‌ മാസേജ്‌ നല്‍കുമ്പോള്‍ ഒരുമിനിറ്റില്‍ 70-80 തവണയെങ്കിലും അമര്‍ത്തണം. രോഗിയുടെ പള്‍സും ശ്വാസോച്‌ഛാസ ചലനങ്ങളും പ്രത്യക്ഷപ്പെടുന്നതുവരെയോ ഹൃദ്രോഗ പരിചരണ സംവിധാനമുള്ള ആശുപത്രിയിലെത്തിക്കുന്നതുവരെയോ സി.പി.ആര്‍. തുടരണം.

ഡോ. ബി. പത്മകുമാര്‍
(കൊല്ലം ഗവ. മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ വിഭാഗം പ്രഫസറാണ്‌ ലേഖകന്‍)
അപകടകരം പുതു ജീവിതശൈലി

കേരളത്തില്‍ പ്രായമായവരിലും യുവാക്കളിലും കുഴഞ്ഞുവീണുള്ള മരണങ്ങള്‍ കൂടി വരുന്നുണ്ട്‌. ഹൃദയസമ്മര്‍ദം, തലച്ചോറിലുള്ള സമ്മര്‍ദം, രക്‌തം കട്ടപിടിക്കുക, തലച്ചോറിലെ രക്‌തസ്രാവം എന്നിവ കുഴഞ്ഞുവീണുള്ള മരണങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഹൃദയധമനീ രോഗങ്ങള്‍, ഹൃദയസ്‌പന്ദന രോഗങ്ങള്‍ ഇവയും ഇത്തരം മരണങ്ങളിലേക്കു നയിക്കുന്നു.

ഹൃദയപേശിയുടെ മസിലുകള്‍ ചുരുങ്ങുന്നതും വലിപ്പംവെക്കുന്നതുമാണ്‌ പ്രധാന കാരണം. പാരമ്പര്യ കാരണങ്ങളും ഇടയാക്കാം. കൂടുതലായും ഈ അവസ്‌ഥ കാണുന്നത്‌ 40 -60 വയസിനിടയിലുള്ളവരിലാണ്‌. പ്രധാന കാരണങ്ങള്‍ ജീവിതതശൈലീ മാറ്റങ്ങള്‍ തന്നെ. പുകവലി, മദ്യപാനം, ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍, പുതിയ രീതിയിലുള്ള ഫാസ്‌റ്റ്‌ഫുഡ്‌ ഭക്ഷണരീതികള്‍ മൂലമുണ്ടാകുന്ന അമിതവണ്ണം, കൊളസ്‌ട്രോള്‍, ഉറക്കക്കുറവ്‌, തിരക്കു പിടിച്ച ജീവിതശൈലി, വ്യായാമക്കുറവ്‌ ഇവയെല്ലാം അപകടാവസ്‌ഥയിലേക്കുള്ള ദൂരം കുറയ്‌ക്കുന്നു.

കാര്‍ഡിയോളജി രംഗത്തു നടന്ന പുതിയ പഠനങ്ങളിലെ കണ്ടെത്തല്‍ കൊഞ്ച്‌, കണവ, ചെമ്മീന്‍, കക്ക, കല്ലൂമ്മക്കായ്‌, ഞണ്ട എന്നിവ കൂടുതലായി കഴിക്കുമ്പോള്‍ ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ വര്‍ധിക്കുന്നുവെന്നാണ്‌. ഈ കൊളസ്‌ട്രോള്‍ ഹൃദയധമനീ രോഗങ്ങള്‍ കൂട്ടാനും ഇടയാക്കുന്നു. ഇത്‌ കുഴഞ്ഞു വീണുള്ള മരണങ്ങള്‍ക്കു സാധ്യത വര്‍ധിപ്പിക്കും. നടക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട്‌ കയറുക, കണ്ണില്‍ മൂടല്‍, ബോധക്ഷയം, തലകറക്കം എന്നിവയാണ്‌ ലക്ഷണങ്ങള്‍.
* ചികിത്സാരീതി

ഹൃദയധമനിയിലെ അസുഖങ്ങള്‍ മൂലമുണ്ടാകുന്നവയ്‌ക്ക്‌ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്‌റ്റി എന്നിവയും ഹൃദയസ്‌പന്ദനത്തിലെ തകരാറുകള്‍ മൂലമുണ്ടാകുന്നവയ്‌ക്ക്‌ പേസ്‌ മേക്കര്‍, ഡിഫിബ്രിലേറ്റര്‍ എന്നിവ ഹൃദയത്തില്‍ വച്ചുപിടിപ്പിക്കാം. യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്ന ഹൃദയത്തിലെ മാംസപേശികളിലെ അപാകത മൂലമുണ്ടാകുന്നവയ്‌ക്ക്‌ പേസ്‌മേക്കര്‍ പിടിപ്പിക്കാം. ഹൃദയാഘാതമോ അല്ലെങ്കില്‍ ഹൃദയത്തിലേക്കുള്ള രക്‌തത്തിന്റെ പമ്പിങ്ങ്‌ കുറഞ്ഞാലോ കാര്‍ഡിയാക്‌ ട്രാന്‍സ്‌പ്ലാന്റേഷന്‍ ( ഹൃദയം മാറ്റിവെയ്‌ക്കല്‍) നടത്തണം. തലച്ചോറില്‍ രക്‌തസമ്മര്‍ദം മൂലമുണ്ടാകുന്നവയ്‌ക്ക്‌ ഒരു പരിധിവരെ മരുന്നുകള്‍ കൊണ്ട്‌ ചികിത്സിക്കാം.
* എങ്ങനെ തടയാം
ദിവസവും അരമണിക്കൂറെങ്കിലും നടക്കുക, ഭക്ഷണശൈലി ആരോഗ്യകരമാക്കുക, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്‌ക്കുക, കടല്‍ മത്സ്യങ്ങളൊഴിച്ചുള്ള ചെമ്മീന്‍, കണവ, കൊഞ്ച്‌, ഞണ്ട്‌ കക്ക, കല്ലുമ്മക്കായ്‌ എന്നിവ ഒഴിവാക്കുക, ചുവന്ന മാംസങ്ങളായ ബീഫ്‌, പോര്‍ക്ക്‌ എന്നിവയും മാറ്റിനിര്‍ത്തണം. കുടൂംബത്തിലാര്‍ക്കെങ്കിലും അസുഖമുണ്ടെങ്കില്‍ കുടൂംബാഗങ്ങള്‍ മുന്‍കരുതലെന്ന രീതിയില്‍ വൈദ്യ പരിശോധന നടത്തണം. സ്‌മാര്‍ട്ട്‌ഫോണുകളുടെ അമിതോപയോഗം മൂലം ഉണ്ടാകുന്ന ഉറക്കക്കുറവ്‌ തുടക്കത്തിലേ മനസിലാക്കണം.
ഡോ. ത്രുദീപ്‌ സാഗര്‍
(തൃശൂര്‍ സണ്‍ മെഡിക്കല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്‌റ്റാണ്‌ ലേഖകന്‍. ഫോണ്‍: 9400736897)

Top