ദിലീപിന് വേണ്ടി ഹൈക്കോടതി മാര്‍ച്ച്; മഹാസമ്മേളനത്തിന് ആഹ്വാനം

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടര്‍ച്ചയായി ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളുന്ന പശ്ചാത്തലത്തില്‍ ആരാധകര്‍ മറ്റൊരു നീക്കം നടത്താന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ദിലീപിന് വേണ്ടി മഹാസമ്മേളനം നടത്താനാണ് ആഹ്വാനം. അങ്കമാലി കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ആഹ്വാനമുണ്ടായത്. രണ്ട് തവണ ഹൈക്കോടതിയും രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കില്‍ മഹാജാമ്യ സമ്മേളനത്തിന് ആഹ്വാനമുണ്ടായിരിക്കുന്നത്. നടന്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ഹര്‍ജി തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ദിലീപിനെതിരേ പുതിയ തെളിവുകള്‍ ഹാജരാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ഇതിന് പിന്നാലെയാണ് പ്രത്യേക ഫേസ്ബുക്ക് പേജ് പ്രത്യക്ഷപ്പെട്ടത്. ദിലീപിന് വേണ്ടി മഹാജാമ്യ സമ്മേളനത്തിന് ആഹ്വാനം ചെയ്യുകയാണ് ഫേസ്ബുക്ക് പേജില്‍. ഡാങ്ക് മീംസ് മലയാളം എന്ന ഗ്രൂപ്പാണ് സമ്മേളനം വിളിച്ചുകൂട്ടുന്നത്. സമ്മേളന വേദി ഹൈക്കോടതി പരിസരമാണ്. തിയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ദിലീപിന്റെ മൂന്നാമത്തെ ജാമ്യഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ഫേസ്ബുക്കിലെ ആഹ്വാനം. ഇതിന്റെ പിന്നിലുള്ള വികാരം വ്യക്തമല്ല. കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തേക്ക് എല്ലാവരോടും എത്താനാണ് ആഹ്വാനം. ഹൈക്കോടതിക്കടുത്ത് വന്‍ ജനക്കൂട്ടത്തെ ഒരുക്കാനാണ് നീക്കം. ദിലീപിന് ജാമ്യം വേണമെന്ന് ഉറക്കെ വിളിച്ചുപറയാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ ജസ്റ്റിസ് ഫോര്‍ ജനപ്രിയന്‍ എന്ന ഹാഷ് ടാഗും ഇറക്കിയിട്ടുണ്ട്. സപ്തംബര്‍ 21നാണ് മഹാ ജാമ്യ സമ്മേളനം നടക്കുക. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഹൈക്കോടതി പരിസരത്തേക്ക് എത്താനാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് തമാശയാണോ എന്ന സംശയവും ഉണര്‍ന്നിട്ടുണ്ട്. സമ്മേളനത്തിന് തയ്യാറാണെന്ന് നിരവധി പേര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം പേര്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ ഹൈക്കോടതി പരിസരത്തേക്ക് വരുന്നതില്‍ എല്ലാവര്‍ക്കും ധൈര്യമില്ല. മുന്നൂറോളം പേര്‍ മാത്രമാണ് ഹൈക്കോടതി പരിസരത്ത് എത്താമെന്ന് പറയുന്നത്. എന്നാല്‍ പുതിയ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത് ട്രോള്‍ ഗ്രൂപ്പാണ്. അതുകൊണ്ടുതന്നെ ഇതൊരു തമാശയാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ദിലീപിനെ പരിഹസിക്കുന്ന ആഹ്വാനമാണിതെന്ന അഭിപ്രായവും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും ദിലീപിനെ കുറ്റപ്പെടുത്തിയാണ് ഗ്രൂപ്പില്‍ കുറിപ്പിട്ടിരിക്കുന്നത്. കൈകൂപ്പിയിരിക്കുന്ന ദിലീപിന്റെ ചിത്രമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.

Top