കണ്ണൂർ :ചവറ എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ കോടതി നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കരുനാഗപ്പള്ളി സബ്‌കോടതി നല്‍കിയ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഒരു മാധ്യമസ്ഥാപനം ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വാര്‍ത്തകള്‍ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു. ശ്രീജിത്തിനും ശ്രീജിത്തിനെതിരെ കേസ് നല്‍കിയ രാഹുല്‍ കൃഷ്ണയ്ക്കും നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ശ്രീജിത്തിനും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കുമെതിരെ യു.എ.ഇ പൗരന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവച്ചിരുന്നു.
ഫെബ്രുവരി മൂന്നിനാണ് ശ്രീജിത് കരുനാഗപ്പള്ളി കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാധ്യമവാര്‍ത്തകളോ, ചര്‍ച്ചകളോ പാടില്ലെന്നായിരുന്നു ആവശ്യം. തുടര്‍ന്നാണ് സബ്‌കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം പ്ലസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് യു.എ.ഇ സ്വദേശി അറിയിച്ചിരുന്നത്. കരുനാഗപ്പളളി കോടതിയുടെ ഉത്തരവ് വന്ന അന്ന് തന്നെ തിരുവനന്തപുരം പ്രസ്‌ക്ലബിനും മാധ്യമസ്ഥാപനങ്ങള്‍ക്കും അന്ന് തന്നെ നോട്ടീസ് നല്‍കിയിരുന്നു. കോടതിയുടെ പരിധിക്ക് അപ്പുറത്ത് നടക്കുന്ന കാര്യത്തില്‍ ഇടപെട്ടതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യുമെന്ന് അറിയാമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. കരുനാഗപ്പള്ളി സബ്‌കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ജയശങ്കര്‍ ആവശ്യപ്പെട്ടു.


