സ്വന്തം ലേഖകൻ
കൊച്ചി: സ്വന്തം വീട്ടിൽ നിന്നും മീറ്ററുകൾ മാത്രം അകലെയുള്ള ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ദിവസവും ജയിലിലെത്തുന്നത് ആയിരക്കണക്കിനു ആരാധകർ. എന്നാൽ, ജയിലഴിക്കുള്ളിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും ദിലീപിനെ കാണാൻ ഭാര്യ കാവ്യമാധവനോ, മകൾ മീനാക്ഷിയോ എത്താത്ത് ദുരൂഹമായി തുടരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നു മകളും, കാവ്യയും ദിലീപുമായി തെറ്റിയെന്ന വാർത്തകൾക്കു പിന്നാലെയാണ് ഇരുവരുടെയും അസാന്നിധ്യം ഇപ്പോൾ ചർച്ചയായിരിക്കുന്നതും.
തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷ താരത്തിനുണ്ട്. സഹോദരനും അടുത്ത ബന്ധുക്കളും മാത്രമാണ് എത്തിയത്. അഭിഭാഷകരും സംസാരിക്കാനെത്തുന്നുണ്ട്. ബന്ധുക്കളും അഭിഭാഷകരുമല്ലാതെ ആരേയും കാണാൻ താരത്തിന് അനുവാദമില്ല. എന്നാൽ ആരാധകരുടെ നീണ്ട നിര എത്തുന്നു. അവരെ നിരാശയോടെ പറഞ്ഞയക്കാനേ ജയിൽ അധികൃതർക്ക് കഴിയൂ. സുപ്രീംകോടതിയിൽ നിന്ന് പോലും അഭിഭാഷകരെത്തുന്നു. ഇവർ ജാമ്യം നേടിക്കൊടുക്കാൻ വക്കാലത്തെടുക്കാനാണ് താരത്തെ കാണാനെത്തുന്നത്. എന്നാൽ പരിചയമില്ലാത്ത ആരേയും കാണാൻ താൽപ്പര്യമില്ലെന്ന് ദിലീപ് പറയുന്നതും കൊണ്ട് അവരെ തിരിച്ചയയ്ക്കുന്നു. പത്രം വായിക്കാനായി നൽകാറുണ്ട്. എന്നാൽ അത് വേണ്ടെന്നാണ് ദിലീപ് പറയുന്നത്. തന്നെ വേദനിപ്പിക്കുന്ന വാർത്തകളാണ് നിറയെ. അത് വായിക്കേണ്ടതില്ലെന്നാണ് ജയിൽ അധികൃതരോട് ദിലീപ് പറയുന്നത്. അതുകൊണ്ട് തന്നെ പത്രവായന ഇല്ല.
ജയിലിൽ എത്തുമ്പോൾ തന്നെ അത്യാവശ്യ സാധനങ്ങൾ ദിലീപ് കൈയിൽ കരുതിയിരുന്നു. സോപ്പ്, ചീപ്പ്, കണ്ണാടി എന്നിവയൊക്കെ. അതു തന്നെയാണ് ദിലീപ് ഉപയോഗിക്കുന്നത്. ജയിൽ പാത്രത്തിൽ ഭക്ഷണം. പിന്നെ ഉറക്കം. കഴിഞ്ഞ ദിവസവും കൂടുതൽ സമയം ചെലവഴിച്ചത് ഉറക്കത്തിനായിരുന്നു. ആരോടും മിണ്ടാറുമില്ല. നിരാശ പുറത്തുകാട്ടതെ ചെറുപുഞ്ചിരി സൂക്ഷിക്കുകയും ചെയ്യുന്നു. ജയിൽ ഉദ്യോഗസ്ഥർ ഇടയ്ക്ക് കാര്യങ്ങൾ ചോദിക്കാനെത്തും. ഇവരോടും പ്രത്യേക ആവശ്യങ്ങളൊന്നും താരം ഉന്നയിക്കാറില്ല. വീടിന് ഒരു കിലോ മീറ്റർ ദൂരത്താണ് ജയിൽ. എന്നാലും ഭാര്യയും മകളും കാണാനെത്തിയില്ല. നടിയെ ആക്രമിച്ച വിഷയത്തിൽ മകൾ മീനാക്ഷി ദിലീപിനു എതിരായ നിലപാടാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് സംഭവത്തിൽ കാവ്യയ്ക്കും പങ്കുണ്ടെന്ന സൂചനയുണ്ടായത്. തുടർന്നു ഇരുവരും തമ്മിൽ തെറ്റിയതായാണ് സൂചന.
ഫോൺ വിളിക്ക് ദിലീപിന് അനുവാദമുണ്ട്. കോയിൻ ബോക്സ് ഫോണിൽ നിന്ന് ജയിൽ സൂപ്രണ്ടിന്റെ അനുമതിയോടെ ഭാര്യ കാവ്യയയേും മകൾ മീനാക്ഷിയേയും അമ്മയേയും ദിലീപ് വിളിക്കാറുണ്ട്. ഇവർ മൂന്ന് പേരും മൂന്നിടത്തെന്നാണ് സൂചന. അല്ലാതെ ആരുമായും ആശയ വിനിമയത്തിന് താരത്തിന് താൽപ്പര്യമില്ല. ജയിലിൽ കാണാനെത്തുന്നവരോടും അധികമായി സംസാരിക്കാൻ താൽപ്പര്യമില്ല. അനുജനെ പോലും അരമണിക്കൂറിൽ കൂടുതൽ ജയിലിൽ തുടരാൻ ദിലീപ് അനുവദിച്ചില്ല. അഡ്വക്കേറ്റ് രാംകുമാറിന്റെ ജൂനിയേഴ്സും സംസാരിക്കാനെത്തിയിട്ടുണ്ട്.
വിവിധ കേസുകളിൽ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരുമായ 63ഓളം പ്രതികൾക്കൊപ്പമാണ് ദിലീപ് കഴിയുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ദിലീപിനെ ആലുവ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തപ്പോൾ അവിടെ പ്രമുഖ നടനെന്ന നിലയിൽ പ്രത്യേക പരിഗണനയോടുകൂടി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇത് അന്നുതന്നെ പൊലീസ് നിഷേധിക്കുകയും ചെയ്തു. തുടർന്ന് സബ്ജയിലിലെത്തിയ ദിലീപിന് സാധാരണ തടവുകാർക്കുള്ള പരിഗണനയോടെ നാലുപേരുള്ള സെല്ലിൽ 523ാം നമ്പർ തടവുകാരനായി പാർപ്പിക്കുകയായിരുന്നു. ആദ്യദിവസം പിന്നിട്ടതോടെ ജയിലിലെ ജീവിതവുമായി നടൻ പൊരുത്തപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളിൽ നാലുപേർ ആലുവ സബ്ജയിലിൽ തന്നെ റിമാന്റിലുണ്ട്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയടക്കമുള്ള മറ്റു പ്രതികൾ കാക്കനാട് ജില്ലാ ജയിലിലാണ്. ഇങ്ങോട്ട് അയക്കരുതെന്ന് ദിലീപ് തന്നെ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ, ആലുവ ജയിലിലുള്ള വടിവാൾ സലിം, പ്രദീപ്, മണികണ്ഠൻ, മാർട്ടിൻ എന്നീ പ്രതികൾക്കാകട്ടെ നടൻ ദിലീപിനെ നേരിൽ കാണാനോ സംസാരിക്കാനോ ഇതുവരെ അവസരം നൽകിയിട്ടില്ല.
എല്ലാ തടവുകാരും സംഗമിക്കുന്ന ഞായറാഴ്ചയിലെ സിനിമാപ്രദർശനം കാണാനുള്ള അവസരം ദിലീപടക്കമുള്ള പ്രതികൾക്ക് ജയിൽ അധികൃതർ നിഷേധിക്കുകയും ചെയ്തു. കൂടുതൽ സമയവും നിശബ്ദനായി കഴിയുന്ന ദിലീപ് ഇടയ്ക്ക് സെല്ലിലെ സഹതടവുകാരുമായി സംസാരിക്കാറുണ്ട്. ജയിൽനിയമപ്രകാരം നിശ്ചിത തുക മണിയോർഡറായി അയച്ചാൽ ബന്ധുക്കളെയും അഭിഭാഷകരെയും ഫോണിൽ ബന്ധപ്പെടാൻ സൗകര്യമുള്ള കാര്യം അധികൃതർ സഹോദരനെ അറിയിച്ചു. ഇതിനെത്തുടർന്ന് ദിലീപിന്റെ ജയിൽവിലാസത്തിൽ സഹോദരൻ 200 രൂപ മണിയോർഡർ അയക്കുകയും ചെയ്തു. ജയിൽ സൂപ്രണ്ടിന് നേരത്തെ നൽകുന്ന മൂന്ന് നമ്പറുകളിലേക്ക് മാത്രം ആഴ്ചയിൽ മൂന്നുതവണ വരെ ഫോൺ ചെയ്യാൻ അനുവദിക്കും. ഈ സൗകര്യം ഉപയോഗിച്ചാണ് കാവ്യയേയും മകളേയും അമ്മയേയും വിളിക്കുന്നത്


