രണ്ടു സ്ത്രീകളുടെ അക്കൗണ്ടുകളിലേയ്ക്ക് കോടികൾ ഒഴുകി..!! ഹണി ട്രാപ് 24 കോളേജ് വിദ്യാർത്ഥിനികളെ ഉപയോഗിച്ച്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹണി ട്രാപ്പ് തട്ടിപ്പ് കേസിൽ എട്ടു മുൻ മന്ത്രിമാ‍ർ അടക്കം തട്ടിപ്പിന് ഇരയായതായി അന്വേഷണം സംഘം. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം ഉൾപ്പെട്ട കേസിൽ പൊലീസ് ഇതുവരെ ആറ് സ്ത്രീകളെ അറസ്റ്റ് ചെയ്തു. പത്തു വര്‍ഷത്തിലേറെയായി പെണ്‍കെണി മാഫിയ നടത്തുന്നവര്‍ അധികാരത്തിന്റെ ഇടനാഴികളിലെ ഉന്നതബന്ധം കൊണ്ട് കോടികളാണ് കമ്മിഷന്‍ ഇനത്തിലും സ്ഥലംമാറ്റം നിയമനം എന്നിവ വഴിയും കൊയ്തുകൂട്ടിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഘത്തിലെ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ആഡംബര കാറുകളെക്കുറിച്ചും സമ്പന്ന മേഖലകളില്‍ അവര്‍ താമസിച്ചിരുന്നതിനെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുകയാണ്.

രാജ്യം കണ്ട ഏറ്റവും വലിയ ലൈംഗിക വിവാദത്തിന്റെ തിരശീലയ്ക്കു പിന്നില്‍ വമ്പന്‍ പണമിടപാടുകളും നടന്നിട്ടുണ്ടെന്ന് ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ വ്യക്തമായെന്നു പൊലീസ്.  രണ്ടു സ്ത്രീകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നാല് അക്കൗണ്ടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഈ അക്കൗണ്ടുകളിലൂടെ നടന്നിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.

കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കന്മാരുമായി അടുത്ത ബന്ധമുള്ള ശ്വേതാ വിജയ്, ബര്‍ഖ സോണി ഭട്‌നാഗര്‍ എന്നിവരാണ് പ്രധാനപ്പെട്ട ബിസിനസ് ഇടപാടുകള്‍ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികളായി ഉപയോഗിച്ചിരുന്ന അഞ്ചു സ്ത്രീകളെയും കോളജ് വിദ്യാര്‍ഥിനികളെയും ഉപയോഗിച്ചാണ് ഇവര്‍ മുതിര്‍ന്ന നേതാക്കളെ വലയിലാക്കിയിരുന്നത്. പരിശോധനയില്‍ കണ്ടെത്തിയ ഇരുന്നൂറോളം മൊബൈല്‍ നമ്പരുകള്‍, പെണ്‍കെണിയുടെ വ്യാപ്തി മധ്യപ്രദേശില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നാണു തെളിയിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആര്‍തി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍ (38), ശ്വേത സ്വപ്നിയാല്‍ ജെയ്ന്‍ (48), ബര്‍ഖ സോണി (34), ഓം പ്രകാശ് കോറി (45) തുടങ്ങിയവരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ബര്‍ഖ സോണി കോണ്‍ഗ്രസിന്റെ മുന്‍ ഐടി സെല്‍ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്.

ഇടപാടുകളിലൂടെ സംഘാംഗങ്ങള്‍ സമാഹരിച്ച സമ്പത്തിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ബിജെപി, കോണ്‍ഗ്രസ് നേതാക്കളാണ് ഇവരുടെ കെണിയില്‍ പെട്ടിരിക്കുന്നത്. ഇവരുടെ ക്യാമറ ദൃശ്യങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.

ജൂനിയര്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വിഐപികളും വ്യവസായികളും ഉള്‍പ്പെടെ ‘പെണ്‍കെണി’യില്‍ (ഹണി ട്രാപ്പ്) കുടുങ്ങിയവരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. അധികസമയത്തും ജോലിയെടുത്ത് അന്വേഷണ സംഘം കേസുമായി മുന്നേറുമ്പോള്‍ പുറത്തുവരുന്നതു ഞെട്ടിക്കുന്ന വിവരങ്ങളാണ്.

സെക്‌സ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്‌നദൃശ്യങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങി നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. മെമറി കാര്‍ഡുകളില്‍നിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു. ഇതു കൂടി ലഭ്യമായാല്‍ ലഭിച്ച ഡിജിറ്റല്‍ ഫയലുകളുടെ എണ്ണം 5000 കടന്നേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേസില്‍ ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയും ഉന്നതര്‍ക്കു മുന്‍പിലെത്തിക്കുകയായിരുന്നു. അന്വേഷണത്തില്‍ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണു പ്രമുഖരായ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. 24 ഓളം കോളജ് വിദ്യാര്‍ഥിനികളെ സംഘം കെണിയില്‍പെടുത്തി പെണ്‍വാണിഭത്തിനു ഉപയോഗിച്ചതായും പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി.

Top