ഡോക്ടർമാരുടെ ആഭരണങ്ങൾ അടിച്ചുമാറ്റി; ആശുപത്രി ജീവനക്കാരിയും കാമുകനും പിടിയിൽ

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ദമ്പതികളുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. എളങ്കൂർ നെടുംപാടി വീട്ടിൽ മിനി (27), തിരുവാലി പുന്നപ്പാല ഇളഞ്ചേരിക്കുന്ന് അരുൺ (30) എന്നിവരെയാണു വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ മൂന്നിനാണ് വണ്ടൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ദമ്പതികളുടെ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടത്. ആശുപത്രിയിലെ ഇവരുടെ മുറിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്. കണ്ണൂർ സ്വദേശികളായ ഡോക്ടർ ദമ്പതികൾ ആശുപത്രിയിലെ മുറിയിൽ ബാഗ് വെച്ച ശേഷം നേരെ രോഗികളെ പരിശോധിക്കാൻ പോയി. പരിശോധനാ സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരമറിയുന്നത്. ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഡോക്ടർമാരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. ആശുപത്രിയിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മിനിയുടെ പെരുമാറ്റത്തിൽ പോലീസിന് സംശയം തോന്നിയത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെ മോഷ്ടിച്ചത് താനാണെന്ന് മിനി പോലീസിനോട് സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ സുഹൃത്തായ അരുണിന്റെ സഹായത്തോടെ പട്ടാമ്പിയിലെയും മഞ്ചേരിയിലെയും ജ്വല്ലറികളിൽ കൊണ്ടുപോയി മാറ്റിവാങ്ങിയതായും മിനി പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.

Top