മുനമ്പം മനുഷ്യക്കടത്ത്: ബോട്ട് മുങ്ങിപ്പോയിരിക്കാന്‍ സാധ്യത!! മനുഷ്യക്കടത്തിന് കേസെടുത്തു

കൊച്ചി: മുനമ്പത്തുനിന്നും ആള്‍ക്കാരെ ന്യൂസിലാന്‍ഡിലേയ്ക്ക് കടത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. മനുഷ്യക്കടത്തായി പരിഗണിച്ചിട്ടില്ലായിരുന്ന കേസില്‍ ഹൈക്കോടതി ഇടപെട്ടതോടെയാണ് വകുപ്പ് ചുമത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി. മുഖ്യപ്രതി സെല്‍വന്‍ അടക്കം ആറു പേരാണ് അറസ്റ്റിലായത്. ഇവര്‍ക്കെല്ലാവര്‍ക്കും എതിരേ മനുഷ്യക്കടത്തിന് കേസെടുത്തു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ ഒമ്പതു പേരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ജനുവരി 12-നു പുലര്‍ച്ചെയാണ് മുനമ്പം മാല്യങ്കരയില്‍നിന്നു സ്ത്രീകളും കുട്ടികളുമടക്കം 87 പേരുമായി മത്സ്യബന്ധന ബോട്ട് വിദേശത്തേക്കു കടന്നത്. അതേസമയം ഈ മത്സ്യബന്ധന ബോട്ട് പുറങ്കടലില്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്നു പോലീസ് കരുതുന്നത്. ബോട്ട് എവിടേക്കാണു പുറപ്പെട്ടതെന്ന് അറിയില്ലെന്നാണു ചൈന്നെയില്‍ കഴിഞ്ഞ ബുധനാഴ്ച പിടിയിലായ ശെല്‍വന്റെ മൊഴി. ബോട്ട് വാങ്ങിയതും ആളുകളെ സംഘടിപ്പിച്ചതും പണം വാങ്ങിയതുമെല്ലാം ഒന്നാംപ്രതി ശ്രീകാന്തനും രണ്ടാംപ്രതി ശെല്‍വനും ചേര്‍ന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീകാന്തനും ഭാര്യയും രണ്ടു കുട്ടികളും ബോട്ടിലുണ്ടെന്നു ശെല്‍വന്‍ പറയുന്നു. ശെല്‍വന്‍ മുമ്പും ഇത്തരം സംഘങ്ങളെ കടത്തുകയും ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടയില്‍ പുറപ്പെട്ട ബോട്ടിനു യാത്രാമധ്യേ യന്ത്രത്തകരാര്‍ സംഭവിച്ചിരിക്കാമെന്നാണു പോലീസിന്റെ നിഗമനം. 10 വര്‍ഷം പഴക്കമുള്ള ബോട്ടിനു ചൈനീസ് യന്ത്രമാണുള്ളത്. പരമാവധി അഞ്ചുവര്‍ഷമാണ് ഇതിന്റെ കാലാവധി.

സംഘം പുറപ്പെട്ടത് ഓസ്ട്രേലിയയിലേക്കാണെങ്കില്‍ 33-ാം ദിവസവും ആഫ്രിക്കന്‍ തീരത്തെ റീയൂണിയന്‍ ദ്വീപിലേക്കെങ്കില്‍ 15-ാം ദിവസവും എത്തേണ്ടതാണ്. ഇരുരാജ്യങ്ങളുമായും അന്വേഷണസംഘം ബന്ധപ്പെട്ടെങ്കിലും സംഘത്തെക്കുറിച്ചു വിവരമില്ല. 20 ദിവസത്തേക്ക് ആവശ്യമുള്ള സാധനസാമഗ്രികളാണു ബോട്ടില്‍ ശേഖരിച്ചിരുന്നത്. പട്ടിണിയോ പകര്‍ച്ചവ്യാധിയോ കടല്‍ക്കൊള്ളക്കാരുടെ ആക്രമണമോ ഉണ്ടായാല്‍ പുറംലോകമറിയില്ല. അപകടത്തില്‍പ്പെടുന്ന ഇത്തരം അനധികൃത ബോട്ടുകളെ കപ്പലുകളും അവഗണിക്കാറാണു പതിവ്.

മത്സ്യബന്ധന ബോട്ടില്‍ കൂടുതല്‍ ആളുകളെ കണ്ടാല്‍ അപായസന്ദേശവും അവഗണിക്കപ്പെടും. അനധികൃത കുടിയേറ്റക്കാര്‍ ബാധ്യതയാകും എന്നതിനാലാണിത്. സംഘത്തിലുള്ളവരുടെ ബന്ധുക്കളില്‍ ചിലര്‍ പോലീസിനു മുന്നില്‍ ഹാജരായി. ഇവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചശേഷം വിട്ടയച്ചു. നല്ല ജീവിതം സ്വപ്നം കണ്ടാണു സംഘം പുറപ്പെട്ടതെന്നും ശ്രീലങ്കന്‍ വംശജരാണെങ്കിലും ഏറെക്കാലമായി ഇന്ത്യയിലാണു താമസമെന്നും ഇവര്‍ മൊഴി നല്‍കി.

Top