വിവാഹേതര ലൈംഗികബന്ധം സാധുവാക്കിയതിനെതിരെ ഇന്ത്യന്‍ സൈന്യം; സഹസൈനികന്റെ ഭാര്യയെ ആഗ്രഹിക്കുന്നതിന് കാരണമാകും

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം രംഗത്ത്. നിയമം അസാധുവാക്കിയ തീരുമാനത്തിൽ  ഇന്ത്യന്‍ സൈന്യത്തിന് കടുത്ത അതൃപ്തിയാണുള്ളത്. ജാരവൃത്തി ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പരിച്ഛേദം 497അസാധുവാക്കുന്ന വിധി , 2018 സെപ്തംബര്‍ 27നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.

ഐപിസി 497 അസാധുവാക്കിയതിനെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. ഈ വിഷയം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ഇന്ത്യന്‍ ആര്‍മി പ്രതിനിധികള്‍ ബന്ധപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കോടതിയെ തങ്ങള്‍ ഉടന്‍ തന്നെ സമീപിക്കുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സൈന്യത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘സുപ്രീം കോടതിയുടെ വിധി പ്രശ്‌നം നിറഞ്ഞ ഒരു സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പട്ടാളക്കാര്‍ ഏറെക്കാലം കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്നവരാണ്. മോശം പ്രവര്‍ത്തികള്‍ തടയുന്ന എന്തെങ്കിലും ഒരു കാര്യം ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്.’ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിച്ഛേദം 497 അസാധുവാകുന്ന വിധി സൈനികര്‍ക്കിടയില്‍ അച്ചടക്കമില്ലായ്മ പടര്‍ത്തുമെന്നും അത് അവരുടെ കര്‍മ്മവീര്യത്തെ ബാധിക്കുമെന്നും മേലുദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു.

സൈന്യത്തിലെ നിയമം അനുസരിച്ച് ‘സഹോദര തുല്യനായ സഹസൈനികന്റെ ഭാര്യയെ ആഗ്രഹിക്കുന്നത്’ മരണശിക്ഷ വരെ ലഭിക്കാന്‍ സാദ്ധ്യതയുള്ള ഗുരുതര കുറ്റമാണ്. പട്ടാള നിയമം അനുസരിച്ച് ‘ഭീരുത്വ’ത്തിന് തൊട്ടുതാഴെയാണ് ഈ കുറ്റകൃത്യത്തിന്റെ സ്ഥാനം. 158 വര്‍ഷം പഴക്കമുള്ള പരിച്ഛേദം 497 അടിസ്ഥാനമാക്കിയാണ് ഈ നിയമം സൈന്യത്തില്‍ നിലവില്‍ വന്നത്. സമാന രീതിയിലുള്ള നിയമങ്ങള്‍ സൈന്യത്തിലെ മൂന്ന് വിഭാഗത്തിലും നിലവിലുണ്ട്.

Top