ഹോർമുസ് കടലിടുക്ക് ചുറ്റിപ്പറ്റിയുള്ള സംഘർഷം ലോക സാമ്പത്തികവും സുരക്ഷാ ഘടനയും കുലുക്കുന്ന രീതിയിലേക്ക് മാറുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിൽ ഒന്നായ ഈ കടലിടുക്ക് ഇറാൻ തടഞ്ഞതോടെ, അമേരിക്കയും അതിന്റെ സഖ്യ രാഷ്ട്രങ്ങളും ശക്തമായ പ്രതികരണ നിലപാട് സ്വീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്ന ഭീഷണിയുമായി രംഗത്തെത്തിയത്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാത്ത പക്ഷം ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന അദ്ദേഹത്തിന്റെ പരാമർശം അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്കും പ്രതികരണങ്ങൾക്കും ഇടയാക്കി.അതിനിടെ അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈൽ ആക്രമണം. മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരുക്കേറ്റു. ഘാന സ്വദേശിക്കാണ് പരുക്കേറ്റത്. മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. …
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിനു തെക്കുപടിഞ്ഞാറുള്ള നഗരത്തിൽ പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിൽ ഒരു പാർപ്പിട സമുച്ചയം തകരുകയും കുറഞ്ഞത് 13 പേർ കൊല്ലപ്പെടുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലോ യുഎസോ ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഇറാനോട് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്. പുലർച്ചെ ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയും വ്യോമാക്രമണങ്ങൾ ഉണ്ടായി










