ഇസ്രയേൽ പിന്മാറിയത് ഒന്നും നേടാനാകാതെ!!ഇറാൻ്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം പരാജയമെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് തള്ളി വൈറ്റ് ഹൗസ്.അമേരിക്കൻ താവളത്തിലെ ഇറാൻ ആക്രമണം വഴിത്തിരിവായി

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് എത്തുമ്പോള്‍ ലോകത്തിന് മുന്നില്‍ പരിഹാസ്യരായിരിക്കുന്നത് അമേരിക്കയും ഇസ്രയേലുമാണ്. എന്നാൽ ഇറാനിലെ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം പരാജയമായിരുന്നുവെന്ന യുഎസ് ഇൻ്റലിജൻസിൻ്റെ പ്രാഥമിക വിലയിരുത്തൽ നിഷേധിച്ച് വൈറ്റ് ഹൗസ് രം​ഗത്ത് വന്നു. ഇറാൻ്റെ ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്കൻ ആക്രമണം പരാജയപ്പെട്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് നേരത്തെ സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്ക നടത്തിയ ആക്രമണം ഇറാൻ്റെ ആണവ പദ്ധതിയെ ഏതാനും മാസങ്ങൾ മാത്രം പിന്നോട്ടടിപ്പിക്കുകയേ ചെയ്തിട്ടുള്ളുവെന്നും ഇറാൻ വളരെ സമ്പുഷ്ടമായ യുറേനിയത്തിന്റെ ബാച്ചുകൾ ആക്രമണത്തിന് മുമ്പ് മാറ്റിയെന്നുമുള്ള പ്രാഥമിക റിപ്പോർട്ട് ഇൻ്റലിജൻസ് ഏജൻസി തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു സിഎൻഎന്നിൻ്റെ റിപ്പോർട്ട്.

അതേസമയം ഇറാനുമായുള്ള സംഘര്‍ഷത്തില്‍ നിന്നും പിറകോട്ട് പോകാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ജാള്യത മറയ്ക്കാന്‍ ഇറാന് നേരെ ഒരുവട്ടം കൂടി ആക്രമണം നടത്താന്‍ ഉത്തരവിട്ട ഇസ്രയേല്‍ നടപടി വീണ്ടും വലിയ തിരിച്ചടിയാണ് അവര്‍ക്ക് വരുത്തിവയ്ക്കാന്‍ പോകുന്നത്. ഇനി അമേരിക്കയ്ക്ക് പോലും ഇസ്രയേലിനെ സഹായിക്കാന്‍ പറ്റില്ലെന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി തിരിച്ചെത്തിയ ഉടനെയാണ് ഇറാഖിലെയും ഖത്തറിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നത്. ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണ് എന്ന് തിരിച്ചറിയാന്‍ ജൂതന്‍മാരുടെ ബുദ്ധിയില്ലെങ്കിലും അമേരിക്കയ്ക്ക് പെട്ടെന്ന് തന്നെ സാധിച്ചിരുന്നു. കാരണം, ഖത്തര്‍ ഭരണകൂടത്തെ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് ഇറാന്‍, അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. ഇതുമൂലം അമേരിക്കന്‍ താവളത്തില്‍ ഉണ്ടായിരുന്ന ആയിരക്കണക്കിന് സൈനികരെയും യുദ്ധവിമാനങ്ങളെയും മാറ്റാനും അവര്‍ക്ക് സാവകാശം ലഭിച്ചിരുന്നു.

താരതമ്യേന പ്രഹരശേഷി കുറഞ്ഞ മിസൈലുകളാണ് അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തൊടുത്തിരുന്നത്. എന്നിട്ടു പോലും, ചിലത് സൈനിക താവളത്തില്‍ പതിച്ചത് അക്ഷരാര്‍ഥത്തില്‍ തന്നെ അമേരിക്കയെ ഭയപ്പെടുത്തുന്നതായിരുന്നു. തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പശ്ചിമേഷ്യയിലെ അരലക്ഷത്തോളം വരുന്ന അമേരിക്കന്‍ സൈനികരെയും സൈനിക അസറ്റുകളെയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അമേരിക്ക തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ പൗരന്മാര്‍ കൊല്ലപ്പെടാതിരുന്നതു കൊണ്ടു കൂടിയാണ് ഈ ഔദാര്യം ഇറാന്‍ അമേരിക്കയോട് കാണിച്ചിരുന്നത്. ‘അമേരിക്ക ഇട്ട അത്രയും ബോംബേ തിരിച്ചും ഇട്ടിട്ടുള്ളു’ എന്ന ഇറാന്റെ പ്രതികരണം തന്നെ ഇക്കാര്യം അടിവരയിടുന്നതും കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതുമായിരുന്നു.

അമേരിക്ക ഇനിയും മൊട കാണിച്ചാല്‍ അവരുടെ യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ കടലില്‍ മുക്കുവാനും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കുവാനും വിപുലമായ പദ്ധതി തന്നെ ഇറാന്‍ തയ്യാറാക്കി വച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ച് ലോക വ്യാപാരം സ്തംഭിപ്പിക്കാനുള്ള ഇറാന്റെ നീക്കവും ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദം ലക്ഷ്യമിട്ടായിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കായി എന്ന കാരണം പറഞ്ഞ് അമേരിക്ക സ്ഥാപിച്ച സൈനിക താവളങ്ങള്‍ ഈ രാജ്യങ്ങളുടെ സുരക്ഷക്കു തന്നെ ഭീഷണിയായി മാറുന്ന പുതിയ സാഹചര്യവും അമേരിക്കയ്ക്ക് മേലുള്ള സമ്മര്‍ദ്ദം ശക്തമാകാന്‍ കാരണമായിട്ടുണ്ട്. മാത്രമല്ല, ഇസ്ലാംമത വിശ്വാസികള്‍ക്കിടയില്‍ ഇറാന് എതിരായ നീക്കങ്ങള്‍ക്ക് എതിരെ പൊതുവികാരം ഉയര്‍ന്നതും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുഖവിലക്കെടുക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.

ഖത്തറിലെ അമേരിക്കന്‍ താവളത്തില്‍ ഇറാന്റെ മിസൈല്‍ പതിച്ചപ്പോള്‍ ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവിലിറങ്ങിയതും ഖത്തറിനെ സംബന്ധിച്ച് വേറിട്ട കാഴ്ചകള്‍ തന്നെയാണ്. ലോകത്തെ ഇസ്ലാംമത വിശ്വാസികളുടെ പൊതുവികാരം കൂടിയായിരുന്നു അത്. ഗാസയില്‍ അരലക്ഷത്തിലധികം പലസ്തീനികളെ വധിക്കുകയും ആ പ്രദേശത്തെ കെട്ടിടങ്ങള്‍ ചാമ്പലാക്കുകയും ചെയ്ത ഇസ്രയേലിനോട് പ്രതികാരം ചെയ്യുന്ന ഇറാന് അതുകൊണ്ടു തന്നെ, ഇവരുടെയെല്ലാം മനസ്സില്‍ ഹീറോ പരിവേഷമാണുള്ളത്. ആക്രമിച്ച് മാത്രം ശീലമുള്ള ഇസ്രയേലിന്റെ പ്രധാന നഗരങ്ങളില്‍ പലതും ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായ കാഴ്ചകള്‍ മധുരമായ പ്രതികാര കാഴ്ചയായാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാംമത വിശ്വാസികള്‍ നോക്കിക്കാണുന്നത്.

ഇസ്രയേലിനൊപ്പം കൂടി വംശഹത്യയ്ക്ക് കൂട്ട് നിന്ന ചെകുത്താനായി പൊതുവെ വിലയിരുത്തപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇനിയും ചുമക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും ഇപ്പോഴുള്ളത്. ഈ യാഥാര്‍ത്ഥ്യമെല്ലാം തിരിച്ചറിഞ്ഞ ഇടപെടലാണ് ഇറാന്റെ ആക്രമണത്തിനു ശേഷം ഖത്തറും മറ്റ് അറബ് രാജ്യങ്ങളും ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് അമേരിക്കന്‍ സൈനികരുമായി പോയ യുദ്ധക്കപ്പലുകള്‍ ചിതറി തെറിച്ച സ്വന്തം സൈനികരുടെ ശവശരീരങ്ങളുമായി തിരിച്ചു വന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ട്രംപ് ഭരണകൂടവും വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതു കൊണ്ടാണ് അവര്‍ തങ്ങളുടെ സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടു പോലും സമവായത്തിന് വഴങ്ങിയിരിക്കുന്നത്.

ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ ചെറുക്കാന്‍ കഴിയാതെ വെട്ടിലായ ഇസ്രയേലും കൂടുതല്‍ പരിക്കേല്‍ക്കാതെ ഊരാനുള്ള വഴിയാണ് തേടുന്നത്. ട്രംപിന്റെ നിര്‍ദ്ദേശം വന്ന ഉടനെ തന്നെ വെടിനിര്‍ത്തലിന് അവര്‍ സമ്മതിച്ചതും അതുകൊണ്ടാണ്. എന്നാല്‍, ഇറാന്‍ മിസൈലുകള്‍ തുടരെ തുടരെ ഇസ്രയേലിലേക്ക് പതിച്ചപ്പോള്‍ മാനക്കേട് കാരണം തിരിച്ചും മിസൈലുകള്‍ പ്രയോഗിക്കാന്‍ അവരും നിര്‍ബന്ധിതമായിരിക്കുകയാണ്. ഇറാന്‍ ആഗ്രഹിച്ചതും അതു തന്നെയാണ്. ഇറാന്‍ ടാര്‍ഗറ്റ് ചെയ്യാത്ത ഇസ്രയേലിലെ തന്ത്രപ്രധാന ഇടത്തെ ആക്രമിക്കാന്‍ ഇസ്രയേലിന്റെ പ്രകോപനം ഇറാന് ഇപ്പോള്‍ സഹായകരമായിരിക്കുകയാണ്.

ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും വിനാശകാരിയായ മിസൈലുകള്‍ അവസാന നിമിഷവും ഇസ്രയേലിലേക്ക് തൊടുത്ത ഇറാന്‍, ഇസ്രയേലിനു മുന്നില്‍ ഒരടിപോലും പിന്നോട്ട് പോകില്ലെന്ന കൃത്യമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ‘ആക്രമണം തുടങ്ങിവച്ചത് ഇസ്രയേലാണെങ്കില്‍, അത് അവസാനിപ്പിക്കുന്നത് ഇറാനായിരിക്കുമെന്നതാണ് ‘ഇറാന്റെ പ്രഖ്യാപിത നയം. ഈ പശ്ചാത്തലത്തില്‍ ജൂണ്‍ 25 വരെ ഈ ആക്രമണ പരമ്പര തുടരുവാന്‍ തന്നെയാണ് സാധ്യത. അതേസമയം, എന്ത് ആവശ്യം മുന്‍ നിര്‍ത്തിയാണോ ഇസ്രയേലും അമേരിക്കയും ഇറാനില്‍ ആക്രമണം നടത്തിയത്, ആ ആവശ്യങ്ങള്‍ നേടാന്‍ കഴിയാതെയാണ് ഈ രാജ്യങ്ങള്‍ വെടിനിര്‍ത്തലിനായി മുന്നോട്ട് വന്നിരിക്കുന്നത് എന്നത് മറ്റ് ലോക രാജ്യങ്ങളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അതായത്, ഇസ്രയേലും അമേരിക്കയും ആവശ്യപ്പെട്ട ഒരു ആണവ കരാറിലും ഇറാന്‍ ഒപ്പിട്ടിട്ടുമില്ല, ആണവായുധം ഉണ്ടാക്കില്ലെന്ന് അവര്‍ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടുമില്ല. വെടിനിര്‍ത്തല്‍ പോലും ഇസ്രയേലിന്റെ തുടര്‍ നിലപാടിന് അനുസരിച്ചായിരിക്കും എന്നാണ് ഇറാന്‍ പറയുന്നത്. അതായത് ഇനിയും ആക്രമണം നടത്തിയാല്‍ പത്തിരട്ടി ശക്തിയില്‍ തിരിച്ചും ആക്രമിക്കും എന്നു തന്നെയാണ് ഇറാന്‍ സൈന്യവും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷം ഇസ്രയേലില്‍ നിന്നും ആക്രമണം ഉണ്ടായപ്പോള്‍ ഉടന്‍ തന്നെ ഇറാന്‍ തിരിച്ചടിച്ചതും അതുകൊണ്ടാണ്. ഇസ്രയേലിനെ മുന്‍ നിര്‍ത്തി ഇറാനെ ആക്രമിച്ച അമേരിക്കയ്ക്ക് ഒടുവില്‍ പിന്‍മാറേണ്ടി വന്നത് ഇറാന്‍ സൈന്യത്തിന്റെ വിജയമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ മൂലം ഈ ആണവ നിലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു എന്നതല്ലാതെ അവര്‍ ലക്ഷ്യമിട്ട ഇറാന്റെ പക്കലുള്ള 400 കിലോ യുറേനിയത്തിന് ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്.
ഇറാനില്‍ തങ്ങള്‍ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ നിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി അമേരിക്ക തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പത്തോളം ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍തക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞിരിക്കുന്നത്. ഫോര്‍ഡോ ആണവകേന്ദ്രത്തിന് ആക്രമണത്തില്‍ എത്രത്തോളം കേടുപാടുകള്‍ സംഭവിച്ചു എന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കാനും വാന്‍സ് വിമുഖത കാണിച്ചിട്ടുണ്ട്. 60 ശതമാനം സമ്പുഷ്ടീകരിച്ചതാണ് അപ്രത്യക്ഷമായ 400 കിലോഗ്രാം യുറേനിയം. സമ്പുഷ്ടീകരിക്കാത്തത് വേറെയും ഇറാന്റെ ആയുധപ്പുരയിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

ആയുധം നിര്‍മ്മിക്കാന്‍ പാകത്തിലുള്ള യുറേനിയമാണ് കാണാതായതെന്നതിനാല്‍, ആണവായുധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ഇറാന്‍ ഇനിയും മുമ്പോട്ട് പോകുമെന്നാണ് അമേരിക്ക കരുതുന്നത്. ഇസ്രയേല്‍ ഉദ്യോഗസ്ഥരും യുറേനിയം കാണാതായ കാര്യം സ്ഥിരികരിച്ചിട്ടുണ്ട്. യുറേനിയം കൂടാതെ, മറ്റു ചില ഉപകരണങ്ങളും ഇവിടെനിന്ന് ഇറാന്‍ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആണവായുധ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമിക്കുന്നതിന് മുമ്പുള്ള സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഫോര്‍ഡോ ആണവായുധ കേന്ദ്രങ്ങളുടെ അടുത്ത് 16 ഓളം ട്രക്കുകളുടെ നിര വ്യക്തമായി തന്നെ കാണുന്നുണ്ട്. എന്നാല്‍, യുറേനിയം എവിടേക്ക് മാറ്റി എന്ന കാര്യം ഇപ്പോഴും അവ്യക്തമായി തന്നെ തുടരുകയാണ്. ആക്രമണത്തിന് മുന്‍പ് തന്നെ യുറേനിയം ഇറാനിലെ ബുഷെഹറിലെ റഷ്യന്‍ ആണവ നിലയത്തിലേക്ക് മാറ്റിയതായാണ് അമേരിക്കയും ഇസ്രയേലും സംശയിക്കുന്നത്. ഈ കേന്ദ്രത്തെ ആക്രമിക്കാന്‍ അവര്‍ ഭയപ്പെടുന്നതും അതു കൊണ്ടാണ്.

ഇറാനിലെ റഷ്യന്‍ നിര്‍മിത ആണവകേന്ദ്രത്തില്‍ നിരവധി റഷ്യന്‍ ഉദ്യോഗസ്ഥരുണ്ട്. റഷ്യന്‍ സൈനികരും ഇവിടെ കാവലുണ്ട്. ഈ ആണവ നിലയം ആക്രമിക്കപ്പെട്ടാല്‍ റഷ്യന്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെടും. അങ്ങനെ സംഭവിച്ചാല്‍, അത് അമേരിക്ക – റഷ്യ തുറന്നയുദ്ധമായാണ് മാറുക. ഇതൊഴിവാക്കാനാണ് ഈ ആണവ നിലയത്തെ അമേരിക്ക ഒഴിവാക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന. ലോകത്ത് തന്നെ, ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരമുള്ള റഷ്യക്ക് സമ്പുഷ്ടീകരിച്ച യുറേനിയും എങ്ങനെ ഭദ്രമായി സൂക്ഷിക്കണമെന്നത് കൃത്യമായി തന്നെ അറിയാവുന്ന കാര്യവുമാണ്. റഷ്യയുടെ സ്റ്റേറ്റ് ആറ്റോമിക് എനര്‍ജി കോര്‍പ്പറേഷന്‍ നിര്‍മിച്ച ബുഷെഹറിലെ ആണവനിലയത്തില്‍ 200 ഓളം റഷ്യന്‍ ഉദ്യോഗസ്ഥരാണ് നിലവില്‍ ജോലി ചെയ്യുന്നത്.

ഇറാന്റെ സിവിലിയന്‍ ആണവ പദ്ധതിയുമായി തുടര്‍ന്നും റഷ്യ സഹകരിക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ ആണവകരുത്ത് ചോര്‍ന്നിട്ടില്ലെന്ന് അമേരിക്കയുടെ ആക്രമണം ഉണ്ടായതിനു ശേഷം പുടിന്‍ തന്നെ വെളിപ്പെടുത്തിയത് മാറ്റിയ യുറേനിയം എവിടെയാണെന്ന് കൃത്യമായി അദ്ദേഹത്തിന് അറിയുന്നതു കൊണ്ടുകൂടിയാണ്. കൊട്ടിഘോഷിച്ച് ട്രംപ് കളത്തിലിറക്കിയ അമേരിക്കയുടെ ബി.2 ബോംബറുകളുടെ ആക്രമണമാണ്, ഇതോടെ വലിയ ഒരു പരാജയമായി മാറിയിരിക്കുന്നത്. ട്രംപിനെ സംബന്ധിച്ച് ഇതും വലിയ ഒരു പ്രഹരം തന്നെയാണ്.

ഇതിനിടെ, ഇറാന് ആണവായുധം നല്‍കാന്‍ ഒന്നിലേറെ രാജ്യങ്ങള്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി, റഷ്യയുടെ മുന്‍ പ്രസിഡന്റും നിലവില്‍ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്വദേവ് രംഗത്ത് വന്നത് അമേരിക്കയെയും ഇസ്രയേലിനെയും അമ്പരപ്പിച്ചിട്ടുണ്ട്. റഷ്യ നേരിട്ട് നല്‍കാതെ, ആണവ രാജ്യമായ ഉത്തരകൊറിയയെ മുന്‍ നിര്‍ത്തി ഇറാന് ആണവായുധം കൈമാറുമോ എന്ന ആശങ്കയിലാണ് അമേരിക്കന്‍ ചേരി നിലവിലുള്ളത്. ഒരൊറ്റ ആണവായുധം ഇറാന്റെ കൈവശം വന്നാല്‍ പോലും ഇസ്രയേലിന്റെ ഉറക്കമാണ് നഷ്ടമാവുക. ലോകത്തിലെ നിലവിലെ നിയമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്ന രാജ്യമാണ് റഷ്യയെങ്കിലും ഉത്തരകൊറിയയും അവിടുത്തെ ഭരണാധികാരിയായ കിം ജോങ് ഉന്നും തികച്ചും വ്യത്യസ്ത പാതയില്‍ സഞ്ചരിക്കുന്നവരാണ്. എന്ത് സാഹസത്തിനും തയ്യാറായ ഏകാധിപതിയായ കിം, പുടിന്‍ പറഞ്ഞാല്‍, ഇറാന് ആണവായുധം നല്‍കാന്‍ തന്നെയാണ് സാധ്യത.

നിലവില്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഉപരോധത്തില്‍ കഴിയുന്ന ഉത്തരകൊറിയയെ സംബന്ധിച്ച്, ഇറാനുമായുള്ള ബന്ധം, നേട്ടമാകാനുള്ള സാധ്യതയും ഏറെയാണ്. വെടിനിര്‍ത്തല്‍ പാലിക്കപ്പെട്ടാലും ഇല്ലെങ്കിലും ഇനി എത്രയും പെട്ടെന്ന് ആണവായുധം കൈവശപ്പെടുത്താനുള്ള നീക്കത്തിലേക്കാണ് ഇറാന്‍ കടക്കുക. അത് സ്വന്തം നിലക്കാണെങ്കിലും, റഷ്യയുടെ ഉള്‍പ്പെടെ സഹായത്തോടെയാണെങ്കിലും മിന്നല്‍ വേഗത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകും. ചില ഉറപ്പുകള്‍ ഇതിനകം തന്നെ റഷ്യയില്‍ നിന്നും ഇറാന് ലഭിച്ചിട്ടുമുണ്ട്. ഇതോടൊപ്പം തന്നെ, റഷ്യയുമായും ഉത്തര കൊറിയയുമായും സൈനിക കരാറിലും ഇറാന്‍ ഒപ്പിടും. അതോടെ, ഇനി ഒരിക്കലും ഇറാനെ ആക്രമിക്കുന്നത് ചിന്തിക്കാന്‍ പോലും ഇസ്രയേലിനും അമേരിക്കയ്ക്കും സാധിക്കുകയില്ല.

ഇറാന്‍ – ഇസ്രയേല്‍ ഏറ്റുമുട്ടല്‍ അവസാനിക്കുന്നതോടെ, ഇസ്രയേലില്‍ നിന്നും പുറത്ത് വരാന്‍ പോകുന്ന ദൃശ്യങ്ങള്‍ ആ രാജ്യം നേരിട്ട ആക്രമണത്തിന്റെ വ്യാപ്തിയാണ് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടാന്‍ പോകുന്നത്. ഇസ്രയേലിനെ പോലെ ലോകത്തെ നമ്പര്‍വണ്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഇസ്രയേല്‍ നടത്തിയ ആക്രമണത്തേക്കാള്‍ ശക്തമായ തിരിച്ചടി ഇസ്രയേലിന് നല്‍കാന്‍ ഇറാന് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. ബങ്കര്‍ രാജ്യമല്ലായിരുന്നെങ്കില്‍ ഇതിനകം തന്നെ പതിനായിരങ്ങള്‍ ഇസ്രയേലില്‍ കൊല്ലപ്പെടുമായിരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാം തന്നെ പപ്പടം പൊടിക്കുന്നതു പോലെയാണ് ഇറാന്‍ പൊടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍, വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേലില്‍ നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനവും ആ രാജ്യത്തിന്റെ സര്‍വ്വനാശത്തില്‍ തന്നെയാണ് കലാശിക്കുക.

ഇറാൻ്റെ ആണവകേന്ദ്രങ്ങൾ പൂ‍ർണ്ണമായി തകർത്തെന്നും ഇറാന് ഇനി ആണവായുധങ്ങൾ നിർമ്മിക്കാൻ സാധിക്കില്ലെന്നുമുള്ള അമേരിക്കൻ പ്രസിഡൻ്റിൻ്റെ അവകാശവാദങ്ങളെ നിരാകരിക്കുന്നതായിരുന്നു സിഎൻഎൻ പുറത്ത് വിട്ട റിപ്പോർട്ട്. ഇറാനിലെ അമേരിക്കൻ ആക്രമണത്തെക്കുറിച്ചുള്ള ഇൻ്റലിജൻസ് വിലയിരുത്തലിൻ്റെ പേരിൽ അമേരിക്കയിൽ വാദപ്രതിവാദങ്ങൾ രൂക്ഷമാകുകയാണെന്നും റിപ്പോർട്ടുണ്ട്.

Top