വാഷിംഗ്ടണ്‍: കഴിഞ്ഞ രാത്രിയും പുലര്‍ച്ചെയുമായി നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇറാന്‍ കനത്ത നാശനഷ്ടമാണ് വരുത്തിയത്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതുവരെ പത്ത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 10 വയസ്സുള്ള ഒരു കുട്ടിയുമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യ ഇസ്രയേലിലെ ബാത് യാം നഗരത്തില്‍ ഒരു കെട്ടിടം നേരിട്ടുള്ള ആക്രമണത്തില്‍ തകരുകയും ആറ് പേരോളം കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടഞ്ഞുവെന്ന് റിപ്പോര്‍ട്ട്. രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ വീറ്റോ അധികാരം ഉപയോഗിച്ചാണ് ട്രംപ് ഇത് തടഞ്ഞത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇറാനിയക്കാര്‍ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊന്നിട്ടുണ്ടോ? ഇല്ല. അവര്‍ അത് ചെയ്യുന്നതുവരെ ഞങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ല,’ യുഎസ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ പരമോന്നത നേതാവിനെ വധിക്കാനുള്ള അവസരം ഇസ്രായേല്‍ യു എസിനെ അറിയിച്ചെങ്കിലും ട്രംപ് പദ്ധതി വീറ്റോ ചെയ്തുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ ഇറാനെ ആക്രമിച്ച് പശ്ചിമേഷ്യയെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍ നടപടിയെ ‘ചരിത്രപരമായ മണ്ടത്തരമെന്നാണ്’ ഇപ്പോള്‍ യുദ്ധ വിദഗ്ദര്‍ ഉള്‍പ്പെടെ വിലയിരുത്തുന്നത്. ഇറാനില്‍ ഇസ്രയേല്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങളേക്കാള്‍ എത്രയോ മടങ്ങാണ് ഇറാന്‍ ഇസ്രയേലില്‍ ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. വ്യോമ പ്രതിരോധ ശക്തിയില്‍, ലോകത്തിന് മുന്നില്‍ അഹങ്കരിച്ചിരുന്ന ഇസ്രയേലിന് തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ആഘാതമാണ് ഇറാന്‍ സൈന്യം വരുത്തിയിരിക്കുന്നത്. ഈ ആക്രമണ പരമ്പര, ഇനിയും തുടരാന്‍ തന്നെയാണ് സാധ്യത.
ഇസ്രയേല്‍, സംഘര്‍ഷത്തിന് തുടക്കമിട്ടത് ഒരവസരമായി എടുത്തിട്ടാണ് ഇപ്പോള്‍ ഇറാന്‍ പ്രഹരിച്ചു കൊണ്ടിരിക്കുന്നത്. ഗാസയിലും ലെബനനിലും സിറിയയിലും യെമനിലും ഉള്‍പ്പെടെ, ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് ഇറാന്‍ നല്‍കുന്ന തിരിച്ചടിയായി ഈ പ്രഹരത്തെ വിലയിരുത്തുന്ന അറബ് ലോകവും, ലോകമെങ്ങുമുള്ള ഇസ്ലാമിക വിശ്വാസികളും നിലവില്‍ വലിയ ആവേശത്തിലാണുള്ളത്. ഇത്രമാത്രം പിന്തുണ, ഇറാന്റെ ചരിത്രത്തില്‍ ആ രാജ്യത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ലോകത്തെ ഇസ്ലാം മത വിശ്വാസികളുടെ സൂപ്പര്‍ ഹീറോയായി, ഇറാന്‍ പരമോന്നത നേതാവ്, ആയത്തുള്ള ഖമേനിയും മാറിക്കഴിഞ്ഞു. പറഞ്ഞതും പ്രഖ്യാപിച്ചതുമെല്ലാം, കൃത്യമായി ചെയ്യുന്ന രാജ്യമായാണ് ഇറാന്‍ ഇവര്‍ക്കിടയില്‍ ഇപ്പോള്‍ മാറിയിരിക്കുന്നത്.
ഇസ്രയേല്‍ ആക്രമണത്തില്‍, ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഷഹ്റാന്‍ എണ്ണ സംഭരണശാലയില്‍ തീപിടുത്തമുണ്ടായെങ്കിലും പെട്ടെന്ന് തന്നെ ഈ വെല്ലുവിളി പരിഹരിച്ച് എണ്ണ ശുദ്ധീകരണശാല പ്രവര്‍ത്തനക്ഷമമാക്കാന്‍, ഇറാന് സാധിച്ചിട്ടുണ്ട്. ഇറാന്‍ നടത്തിയ തിരിച്ചടിയില്‍, ഇസ്രയേലിലെ കുറ്റന്‍ കെട്ടിടങ്ങളും സൈനിക കേന്ദ്രങ്ങളും, വാണിജ്യ കേന്ദ്രങ്ങളുമാണ് തരിപ്പണമായിരിക്കുന്നത്. ഈ ആക്രമണത്തില്‍ നിരവധി പേര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ കൊണ്ട് ഇസ്രയേല്‍ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞ സാഹചര്യമാണുള്ളത്.
സംഘര്‍ഷം നീണ്ടാല്‍, അത് ഇസ്രയേലിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കാനാണ് സാധ്യത. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള ഇസ്രയേലിന്റെ സുഹൃത്തുക്കള്‍ക്കും കൈവിട്ടകളിക്ക് പോകാന്‍ ഇപ്പോള്‍ ഭയമുണ്ട്. ഇസ്രയേലിനൊപ്പം ചേര്‍ന്നാല്‍, ഈ രാജ്യങ്ങളുടെ പശ്ചിമേഷ്യയിലെ മുഴുവന്‍ താവളങ്ങളും ആക്രമിക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനായി ഇറാന്‍ മിസൈലുകളും വിന്യസിച്ചു കഴിഞ്ഞിട്ടുണ്ട്. അമേരിക്ക ഇടപെടുമെന്ന് കരുതി, ആക്രമണത്തിന് തുടക്കമിട്ട ഇസ്രയേലിനെ വെട്ടിലാക്കുന്ന നീക്കമാണിത്.
അതേസമയം, ആണവായുധ നിര്‍മ്മാണവുമായി മുന്നോട്ട് പോയ ഇറാന്‍, ഇപ്പോള്‍ മറ്റൊരു തന്ത്രപരമായ നീക്കമാണ് നടത്തുന്നത്. ഇറാന്‍ അധികം താമസിയാതെ തന്നെ, റഷ്യയുമായി പ്രത്യേക സൈനിക കരാറില്‍ ഏര്‍പ്പെടുമെന്നാണ് പുറത്ത് വരുന്ന വിവരം. നിലവില്‍, ഉത്തര കൊറിയ, ബെലാറസ് രാജ്യങ്ങളുമായാണ്, റഷ്യക്ക് ഇത്തരം സൈനിക കരാറുള്ളത്. ഈ കരാര്‍ പ്രകാരം, ഈ രാജ്യങ്ങള്‍ക്ക് നേരെ എന്ത് ആക്രമണമുണ്ടായാലും റഷ്യയാണ് പ്രതിരോധിക്കുക. റഷ്യക്ക് എതിരായ ആക്രമണമായി കണ്ടു തന്നെ തിരിച്ചടിക്കാന്‍ റഷ്യക്ക് അവകാശമുണ്ടാകും.ഇത്തരമൊരു കരാറില്‍ റഷ്യയും ഇറാനും ഒപ്പുവെച്ചാല്‍, ബെലാറസില്‍ റഷ്യ വിന്യസിച്ചതു പോലെ, ആണവായുധങ്ങള്‍ ഉള്‍പ്പെടെ ഇറാനിലും വിന്യസിക്കാന്‍ റഷ്യക്ക് കഴിയും.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ കൈവശമുള്ള റഷ്യയുമായി, ഇറാന്‍ ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയാല്‍ അത് ഇസ്രയേലിനു മാത്രമല്ല അമേരിക്കയ്ക്കും വന്‍ ഭീഷണിയാകും. അമേരിക്ക ഇറാനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍, റഷ്യക്കും ഇടപെടേണ്ടി വരുമെന്ന്, ഡോണള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പുടിന്‍ വ്യക്തമാക്കിയതായ വിവരവും ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേലിനെ ഇറാന്‍ ആക്രമിച്ചാല്‍, ഇറാനെ ആക്രമിക്കുമെന്ന് വീമ്പിളക്കിയ ട്രംപ് ഇപ്പോള്‍ പറയുന്നത് തങ്ങളുടെ താവളങ്ങള്‍ ആക്രമിക്കരുത് എന്നതുമാത്രമാണ്.
ലോക രാജ്യങ്ങളില്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഏറ്റവും അടുത്ത സൗഹൃദം പുലര്‍ത്തുന്ന നേതാവായാണ്, ഇറാന്‍ പരമോന്നത നേതാവായ ആയത്തുള്ള ഖമേനി അറിയപ്പെടുന്നത്. ഖമേനിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍ ഇറാന്‍ സന്ദര്‍ശിക്കാനിരിക്കെയാണ്, ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റഷ്യയുമായി ഇറാന്‍ കൂടുതല്‍ അടുക്കുന്നതിനെ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതും ഇസ്രയേലാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇസ്രയേലിനും, അവരെ അതിന് പേരിപ്പിച്ച അമേരിക്കയും റഷ്യയുടെ സൈനികതാവളം ഇറാനില്‍ വരാനുള്ള സാഹചര്യമാണ് നിലവില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇറാന്‍ റഷ്യയുമായി അത്തരമൊരു കരാര്‍ ഒപ്പിട്ടാല്‍, പശ്ചിമേഷ്യയിലെ സൈനിക ബലാബലത്തിലും പ്രകടമായ മാറ്റം വരും.











