സ്വന്തം ലേഖകൻ
ബെയ്‌റൂട്ട്: സൗദിയിൽ നിന്നു സിറിയൻ അതിർത്തി വഴി ഐ.എസ് സംഘത്തിനൊപ്പം ചേരാൻ പോയ മലയാളി ഭീകരർ കൊല്ലപ്പെട്ടു. അഞ്ചു പെൺകുട്ടികൾ അടങ്ങിയ പതിമൂന്നംഗ സംഘമാണ് സൗദി അതിർത്തി കടക്കുന്നതിനിടെ സഖ്യസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഘത്തിനൊപ്പമുണ്ടായിരുന്ന അഞ്ചു പെൺകുട്ടികൾ ഐ.എസ് സേനയുടെ പിടിയിലായതായും റിപ്പോർട്ടുണ്ട്. സഖ്യസേനയെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഭീകരസംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) കൈവശം വച്ചിരുന്ന സിറിയയിലെ അൽബു കമൽ എന്ന സ്ഥലം തിരികെ പിടിക്കാൻ സിറിയൻ സേന നടത്തിയ ആക്രമണത്തിനിടെയാണ് മലയാളികൾ അടങ്ങുന്ന സംഘം കൊല്ലപ്പെട്ടതെന്നാണ് സൂചന. സംഘത്തിലുണ്ടായിരുന്ന പെൺകുട്ടികൾ ഐ.എസ് സേനയ്‌ക്കൊപ്പം രക്ഷപെട്ടതായും സൈന്യം റിപ്പോർട്ട് ചെയ്യുന്നു. ഇറാഖ്, സിറിയ അതിർത്തികളിലെ കുറച്ചു സ്ഥലങ്ങൾ കയ്യടക്കിയാണ് ഐഎസ് ഖിലാഫത്ത് സ്ഥാപിച്ചത്. ഇറാഖിൽനിന്ന് ഐഎസിനെ തുരത്തിയതോടെ സിറിയൻ ഭാഗത്തായിരുന്നു ഭീകരർ തമ്പടിച്ചിരുന്നത്. സിറിയൻ സൈന്യവും ശക്തമായി തിരിച്ചടിച്ചിരുന്നു.
ബുധനാഴ്ചയാണ് ഇറാഖ് അതിർത്തിക്കു തൊട്ടടുത്തുള്ള നഗരത്തിലേക്കു സിറിയയിലെ ഐഎസ് വിരുദ്ധസേന ഇരച്ചുകയറിയത്. ആദ്യഘട്ടത്തിൽ ശക്തമായ പ്രതിരോധമാണ് ഐഎസ് നടത്തിയത്. എന്നാൽ സിറിയൻ സേനയുടെ ആക്രമണത്തിൽ ഐഎസ് തകർന്നടിയുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ സന വാർത്ത നൽകിയിട്ടുണ്ട്. സിറിയൻ സേനയ്‌ക്കൊപ്പം സഖ്യകക്ഷികളുടെ സൈന്യവും ദേർ എസ്സോർ പ്രവിശ്യയിലെ അൽബു കമൽ മോചിപ്പിച്ചെടുക്കാൻ സഹായിച്ചതായി സന റിപ്പോർട്ട് ചെയ്തു.
അതേസമയം, സിറിയൻ സൈന്യത്തെക്കാൾ സഖ്യകക്ഷികളുടെ സൈന്യമാണ് നഗരം മോചിപ്പിക്കാൻ കൂടുതൽ പോരാടിയതെന്നു യുദ്ധം നിരീക്ഷിക്കുന്ന ബ്രിട്ടൻ ആസ്ഥാനമായ ദി സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പറഞ്ഞു. ലബനന്റെ ഷിയ സൈനിക സംഘമായ ഹിസ്ബുല്ല, ഇറാന്റെ റെവലൂഷനറി ഗാർഡ്‌സ്, ഇറാഖിലെ ഷിയ പോരാളികൾ എന്നിവരാണു സഖ്യകക്ഷികളായി രംഗത്തുണ്ടായിരുന്നതെന്ന് ഒബ്‌സർവേറ്ററി മേധാവി റാമി ആബ്ദെൽ റഹ്മാൻ അറിയിച്ചു.


