ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് അഭിഭാഷകന്‍ ആശുപത്രിയില്‍ മരണപ്പെട്ട സംഭവത്തില്‍ ജേക്കബ് വടക്കഞ്ചേരിയും നേച്ചര്‍ ലൈഫ് ഹോസ്പിറ്റലും നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ ഫോറം ഉത്തരവ്. പന്ത്രണ്ട് വര്‍ഷം മുമ്പാണ് കോഴിക്കോട്ടെ അഭിഭാഷകനായിരുന്ന സി വിനയാനന്ദന്‍ എറണാകുളം ചമ്പക്കര നേച്ചര്‍ ലൈഫ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്.
മരണത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കോഴിക്കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവുണ്ടായത്. ജേക്കബ് വടക്കഞ്ചേരിയ്ക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹവും പ്രസ്ഥാനവും ആരോഗ്യമേഖലയില്‍ വലിയ കുഴപ്പങ്ങളുണ്ടാക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന് വാദിക്കുന്നവര്‍ക്ക് കരുത്ത് പകരുന്നതാണ് പുതിയ വിധി.
12 വര്‍ഷം മുന്‍പ് അഡ്വ. വിനയാനന്ദന്‍ എന്നയാള്‍ ജേക്കബ് വടക്കഞ്ചേരിയുടെ അടുത്ത് ചികിത്സയ്ക്ക് വന്നിരുന്നു. പ്രമേഹവും, കുടലിലെ അള്‍സറും വൃക്കയില്‍ കല്ലും കാരണമാണ് 2005 നവംബര്‍ 7 ന് ജേക്കബ് വടക്കഞ്ചേരി നടത്തുന്ന നാച്വര്‍ ലൈഫ് ഹോസ്പിറ്റലില്‍ വിനയാനന്ദന്‍ സമീപിക്കുന്നത്.
ഇവിടെ അഡ്മിറ്റായി അഞ്ചു ദിവസം കഴിഞ്ഞ് വിനയാനന്ദന്‍ മരിക്കുകയും ചെയ്തു. ഹൃദ്രോഗിയായ വിനയാന്ദനെ എന്നും രാവിലെ യോഗ ചെയ്യിക്കാറുണ്ടെന്നും മുകളിലെ നിലയിലേക്ക് നടത്തിക്കാറുണ്ടെന്നും പരാതിക്കാര്‍ ഫോറത്തെ ധരിപ്പിച്ചു.
ഹൃദ്രോഗത്തിനുള്ള പ്രഥമശുശ്രൂഷ നല്‍കിയില്ല എന്ന ഹര്‍ജിക്കാരുടെ വാദവും ഇത്തരം രോഗികള്‍ക്ക് പൂര്‍ണവിശ്രമമാണ് വേണ്ടതെന്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.വി.കെ.ഗിരീശന്റെ മൊഴിയും സ്വീകരിച്ചാണ് ഫോറത്തിന്റെ നടപടി.
2005 ല്‍ കൊച്ചി ആശുപത്രിയില്‍ ചികിത്സ നടത്തിയതിലെ പോരായ്മകാരണമാണ് മരണമെന്ന് കാണിച്ച് സഹോദരന്‍ പ്രഫ.ഡോ.സി.തിലകാനന്ദനും മറ്റ് കുടുംബാംഗങ്ങളും ഹര്‍ജി നല്‍കുകയായിരുന്നു. വാക്സിന്‍ വിരുദ്ധ പ്രചരണത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ജേക്കബ് വടക്കഞ്ചേരി.


