കന്യാസ്ത്രീ പീഡനം: അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ നീക്കം; അറസ്റ്റിന് ശ്രമം നടത്തി പോലീസ്

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേ മതിയാകൂ എന്ന തരത്തില്‍ തീരുമാനമെടുത്ത് മുന്നോട്ട് പോകുകയാണ് അന്വേഷണ സംഘം. ഇതിനായി അവസാന വട്ട ഒരുക്കം നടക്കുകയാണ്. നാളെയാണ് ഇത് സംബന്ധിച്ചുള്ള അന്തിമ യോഗം നടക്കുന്നത്. എന്നാല്‍ ബിഷപ്പിനെതിരെ കടുത്ത നിലപാടെടുക്കുന്ന അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്.

പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്ന അന്വേഷണ സംഘത്തിന് നേരേ ഭീഷണികള്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈക്കം ഡി.വൈ.എസ്.പിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായതായാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് ഡി.വൈ.എസ്പി സഞ്ചരിച്ച വാഹനത്തിന് നേരേ വേഗത്തില്‍ പാഞ്ഞെത്തിയ ലോറി ഇടിക്കാന്‍ ശ്രമമുണ്ടായി. ഇതില്‍ നിന്നും തലനാരിഴയ്ക്കാണ് ഡി.വൈ.എസ്.പി രക്ഷപ്പെട്ടത്.

അതേസമയം കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടായിട്ടും അറസ്റ്റു ഒഴിവാക്കാന്‍ സമ്മര്‍ദ്ദമുണ്ട്. ഉന്നത ഉദ്യോഗസ്ഥരാണ് അറസ്റ്റ് വേണ്ടെന്ന നിലപാടെടുക്കുന്നത്. എന്നാല്‍ ബിഷപ്പ് നല്‍കിയ മൊഴിയില്‍ ഭൂരിഭാഗവും വാസ്തവവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതോടെ അറസ്റ്റ് അനിവാര്യമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അന്വേഷണ സംഘം.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ ജലന്ധര്‍ യാത്ര. എന്നാല്‍ ഉന്നതതല ഇടപെടല്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. ബിഷപ്പിന്റെ മൊഴി കൂടി പരിശോധിച്ച ശേഷം നടപടി മതിയെന്നായിരുന്നു വിശദീകരണം. കേരളത്തില്‍ തിരിച്ചെത്തിയ അന്വേഷണ സംഘം ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു.

Top