ദേശാഭിമാനി ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി മർദ്ദിച്ച ക്രൂരനായ സർക്കിൾ ഇൻസ്പെക്ടറെ വിജിലൻസിലേക്ക് മാറ്റി.

കണ്ണൂർ:അധികാരത്തിന്റെ ഹുങ്കുകൊണ്ട് കണ്ണ് കാണാതെ പോകുന്ന ചില പോലീസുകാരുണ്ട് .അവർ ആണ് പലപ്പോഴും മറ്റു നന്മമരങ്ങളാകുന്ന പോലീസിന്റെയും മാനം കളയുന്നത് .അങ്ങനെയുള്ള ഒരു ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനാണ് കണ്ണൂർ ചക്കരക്കല്ല് സർക്കിൾ ഇൻസ്പെക്ടർ ദിനേശൻ .ഇയാൾ കഴിഞ്ഞ ദിവസം ദേശാഭിമാനി ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി റോഡിലിട്ട് തല്ലി.മനോഹരൻ മൊറായിയെ മര്‍ദ്ദിച്ച സിഐക്കെതിരെ വകുപ്പുതല നടപടി ഉണ്ടായിരിക്കയാണിപ്പോൾ . സി ഐ എവി ദിനേശനെ ആഭ്യന്തര വകുപ്പ് വിജിലന്‍സ് ഡിപാര്‍ട്ട്‌മെന്റിലേക്ക് സ്ഥലംമാറ്റി. കെവി പ്രമോദനാണ് പുതിയ ചക്കരക്കല്‍ സിഐ.

കഴിഞ്ഞ ശനിയാഴ്ച പകല്‍ 11-നാണ് ഓഫീസിലേക്കു പോകുന്ന വഴി മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്ത കടയില്‍ സാധനം വാങ്ങാനെത്തിയ മനോഹരനെ സിഐ മര്‍ദ്ദിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മുണ്ടയാട് ഹോട്ട്‌സ്‌പോട്ട് മേഖലയല്ല, എന്നിട്ടും സിഐ സാധനങ്ങള്‍ വാങ്ങാനെത്തിയവരെ തല്ലിയോടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓടാതെ മാറി നിന്ന മനോഹരനെ മർദ്ദിക്കുകയും ചെയ്തുുവെന്നാണ് പരാതി. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും പോലീസ് പിന്മാറാൻ തയ്യാറായില്ല. ഏതെങ്കിലും കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ ഫോട്ടോയും എടുത്തുവെന്നുമാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മനോഹരന്‍ മോറായി. ഇതുസംബന്ധിച്ച് ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് സിഐയ്ക്കെതിതെ നടപടി സ്വീകരിച്ചത്.

അതേസമയം ”കൊറോണയുടെ ദുരിതകാലത്ത് വടിയുടെ ബലത്തിൽ ജനങ്ങളെ ആക്രമിച്ച ആ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ആ വടി എടുത്തു മാറ്റിയിരിക്കുന്നു. ലാവണം മാറ്റിയ ആ ഉദ്യോഗസ്ഥനെ ജനങ്ങളിൽ നിന്ന് അകറ്റി നിർത്താം. ജനങ്ങളെ നിയന്ത്രിക്കാൻ മാനവീകതയുള്ള എത്രയോ ഉദ്യോഗസ്ഥർ ഇവിടെയുണ്ട്.” എന്ന് ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നപ്പോൾ മനോഹരൻ മോറായി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മനോഹരൻ മൊറായി

”എനിക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ ദുരനുഭവം അതിശയോക്തിയോടെയാണ് ചിലർ കാണുന്നത്. അവർ പറയന്ന പോലെ ക്രൂര മർദ്ദനം, തല്ലിച്ചതയ്ക്കൽ തുടങ്ങിയ അതിശയോക്തി ഒഴിവാക്കിയാൽ പോലും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കാടത്തം ജനാധിപത്യ വ്യവസ്ഥയിൽ അനുവദിക്കാവുന്നതല്ല. കടയിൽ ഉണ്ടായിരുന്ന പലർക്കും ഈ ഉദ്യോഗസ്ഥനിൽ നിന്ന് സാരമായ മർദ്ദനമേറ്റിട്ടുണ്ട്. കുട്ടത്തിൽ എനിക്കും. ഈ ഘട്ടത്തിൽ ഇതൊരു പൊതുപ്രശ്നമാക്കി ഉയർത്താതിരുന്നത് കേരളാ പൊലീസിന്റെ സൽപേരിന് കളങ്കമുണ്ടാകരുതെന്ന സദുദ്ദേശത്തോടെയാണ്.
അതു കൊണ്ടാണ് പൊലീസ് അതിക്രമം എന്ന സാമാന്യ വൽക്കരണത്തിനും കേസിനും മുതിരാതിരുന്നത്.

ഈ ദുരന്ത ഘട്ടത്തിൽ സർക്കാറിന്റെ നയത്തിന് വിരുദ്ധമായി ജനങ്ങളെ തല്ലുന്ന പൊലീസ് ഉദ്യോഗന്ഥനെതിരെ ഉചിതമായ നടപടി ആവശ്യപ്പെട്ടാണ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല ,ഒരു പൗരനും മർദ്ദനമേറ്റു കൂട എന്നതാണ് എന്റെ പരാതിയുടെ അടിസ്ഥാനം. ഇക്കാര്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതികരിക്കാൻ വൈകി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.

ഇക്കാര്യം ഞാൻ യൂണിയൻ നേതൃത്വത്തെ അറിയിക്കാതിരുന്നത് എന്റെ വീഴ്ചയാണ്. യൂണിയന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി അയച്ചതിനു പുറമേ എന്റെ പാർടിയുടേയും സ്ഥാപനത്തിന്റെയും ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു. നാടിന്റെ ദുരന്ത കാലത്ത് മറ്റ് വിഷയങ്ങൾ അപ്രധാനം എന്നതാണ് ഇക്കാര്യത്തിൽ എന്റെ നിലപാട്. ജന വിരുദ്ധനായ ഒരു ഉദ്യോഗസ്ഥനെ അധികാര കേന്ദ്രത്തിന് മുന്നിൽ തുറന്നു കാട്ടേണ്ടത് എന്റെ കടമയുമാണ്.” എന്നും മനോഹരൻ മോറായി എഫ് ബിയിൽ കുറിച്ചിരുന്നു .

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കണ്ണൂർ ജില്ലയിൽ. പോലീസ് നടപ്പിലാക്കുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ മറയാക്കി പൊലിസ് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന പരാതിയുയർന്നിട്ടുണ്ട്. പോലീസ് ആരോഗ്യ പ്രവർത്തകരെ ബലം പ്രയോഗിച്ച തടയുകയും ജോലി ചെയ്യാൻ അനുവദിക്കാല്ലെന്ന പരാതി ജില്ലാ മെഡിക്കൽ ഓഫീസർ കലക്ടർക്ക് നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയും കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഒരിക്കൽ വിവരങ്ങൾ ചോർന്ന കൊവിഡ് കെയർ മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും ചെറിയ മാറ്റങ്ങളോടെ ജില്ലാ പോലീസ് കൊവിഡ് രോഗികളുടെ വിവരം ശേഖരിക്കാൻ ഉപയോഗിക്കുന്നതും കളക്ടറെ ചൊടിപ്പിച്ചു.

പോലീസ് ഏകപക്ഷീയമായി പെരുമാറുന്നത് ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കലക്ടർ പറയുന്നു. ജില്ല ഭരണകൂടത്തിന്റെ കൊവിഡ് അവലോകന യോഗത്തിൽ എസ്പി ഒരിക്കലും പങ്കെടുക്കാറില്ലെന്നും ഈ യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നത് ശരിയല്ലെന്നും കലക്ടർ ചുണ്ടി കാണിക്കുന്നു. എന്നാൽ ഇടറോഡുകൾ അടച്ചത് ജില്ലയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഐജിമാരുടെ നിർദ്ദേശപ്രകാരമാണെന്നും അവർ പറയുന്നത് അനുസരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും യതീഷ്ചന്ദ്ര പറഞ്ഞു. ജില്ലാ കളക്ടറുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇതിൽ പറഞ്ഞ കാര്യങ്ങൾക്ക് ഉടൻ മറുപടി മേലുദ്യോഗസ്ഥരുമായി ആലോചിച്ച് നൽകുമെന്ന് എസ്പി യയതീഷ് ചന്ദ്ര അറിയിച്ചു. കളക്ടർക്ക് മാത്രമല്ല ലോക്ഡൗണിന്റെ മറവിൽ പോലീസ് ക്രൂര മർദ്ദനവും കർശന നിയന്ത്രണവും അടിച്ചേൽപ്പിക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തു വന്നിരുന്നു.

ജില്ലയിൽ ലോക്ക് ഡൗൺ നടപ്പിലാക്കിയതിലെ കാർക്കശ്യം സംബന്ധിച്ച് കലക്ടർ ടിവി സുഭാഷും ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്രയും തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രചാരണം ഇരുവരും നിഷേധിക്കുന്നുണ്ടെങ്കിലും കാര്യങ്ങളുടെ പോക്ക് അത്ര സുഗമമല്ലെന്നാണ് സൂചന. പോലീസ് ലോക്ഡൗണിന്റെ പേരിൽ പലയിടത്തും ഇടറോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും കളക്ടർ തുറന്നടിച്ചിരുന്നു. ഇതോടു കൂടിയാണ് ഇരുവരും തമ്മിലുള്ള ശീതസമരം പുറത്തുവരുന്നത്. ഇതു മാത്രമല്ല കൊവിഡ് പ്രതിരോധ രംഗത്ത് നിസ്വാർത്ഥമായി ജോലി ചെയ്യുന്ന ജില്ലയിലെ ആരോഗ്യ പ്രവർത്തകരോടും സിവിൽ സർവീസിൽ ജോലി ചെയ്യുന്നവരോടും പോലീസ് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും ശക്തമാണ്. ഈ പശ്ചാത്തലത്തിൽ കളക്ടർ ഈ കാര്യങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്പിക്ക് കത്തുനൽകിയിട്ടുണ്ട്. ഡിഎംഒ നാരായൺ നായ്ക്കിനും പോലീസിനെതിരെ ഇതേ പരാതിയുണ്ട്.

 

Top