കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ പൊലീസിന് മുന്നിൽ കെ സുരേന്ദ്രൻ .ബിജെപിയുമായി ബന്ധമുള്ള കേസല്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന പണമാണെങ്കില്‍ കണ്ടു പിടിക്കട്ടെയെന്ന് ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന്‍

കൊച്ചി:കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂര്‍ പൊലീസ് ക്ലബില്‍ മൊഴി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. തനിക്കറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് പങ്കുവച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലാണ്. ബിജെപിക്ക് പണവുമായി ബന്ധമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

കൊടകര കേസുമായി നടക്കുന്നത് വിചിത്രമായ അന്വേഷണമാണെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസുമായി ബന്ധമില്ലാത്തവരെ വിളിച്ച് വരുത്തുന്നു. പ്രതികളുമായി ബന്ധമുള്ള ഉന്നതരെ വെറുതെ വിടുകയുമാണെന്നും അദ്ദേഹം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു കേസില്‍ പ്രതികളെ ആണ് അന്വേഷിക്കുക. അവരുമായി ബന്ധമുള്ളവരാണ് അന്വേഷണത്തിന്റെ ഭാഗമാവുക. എന്നാല്‍ കൊടകരയില്‍ തിരിച്ചാണ് നടക്കുന്നത്. ഉത്തവാദിത്വ ബോധമുള്ള പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് നടപടികളോട് സഹകരിച്ചത്. രാഷ്ട്രീയ പക പോക്കലാണ് എന്ന അറിഞ്ഞ് കൊണ്ടാണ് ഇന്ന് ഹാജരായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന പണമാണെങ്കില്‍ അന്വേഷണ സംഘം കണ്ടു പിടിക്കട്ടെ. ഈ പണവുമായി ബിജെപിക്ക് ബന്ധമില്ല, ആ വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറ് ശതമാനം ബിജെപിയുമായി ബന്ധമുള്ള കേസല്ലെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുമായി കേസിനെ ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനെ രാഷ്ട്രീയവും നിയമപരവുമായി നേരിടും. അന്വേഷണത്തെ കുറിച്ച് അവര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് തന്നെ വ്യക്തതയില്ല. ഒരു കാര്യവുമില്ലാത്ത കാര്യങ്ങള്‍ വ്യക്തതയോടെ ചോദിക്കുന്നുണ്ടാവും എന്നാല്‍ അതെങ്ങനെ കേസുമായി ബന്ധപ്പെടുമെന്ന് തനിക്ക് അറിയില്ല എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

മോഷണത്തിന് പിന്നാലെയുണ്ടായ പരാതിക്കാരനായ ധര്‍മരാജന്റെ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു കൊടകര കള്ളപ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്റെ ആദ്യം നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് കെ സുരേന്ദ്രന്റെ മകന്‍ കെഎസ് ഹരികൃഷ്ണന്റെ ഫോണിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. പണം നഷ്ടമായ ശേഷം ധര്‍മ്മരാജന്‍ വിളിച്ച കോളുകളുടെ ലിസ്റ്റില്‍ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയായിരുന്നു.

ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പരിചയമുണ്ടെന്ന് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ മൊഴി ലഭിച്ചിരുന്നു. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറുമാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവര്‍ ലെബീഷിനേയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

പൊലീസ് ഉദ്യോസ്ഥരല്ല, രാഷ്ട്രീയ യജമാനന്മാരാണ് ഇത് ചെയ്യിക്കുന്നത്. പലതരത്തിലും പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ ബിജെപിയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ നാടകം കളിക്കുകയാണ്. ബന്ധവുമില്ലാത്ത ആളുകളെയാണ് പൊലീസ് വിളിച്ചുവരുത്തുന്നത്. രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് അറിഞ്ഞാണ് ഹാജരായത്. രണ്ട് മണിക്കൂറിനോട് അടുത്താണ് സുരേന്ദ്രന്റെ മൊഴിയെടുപ്പ് നടന്നത്. ശേഷം ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രന് സ്വീകരണം നല്‍കി. തൃശൂര്‍ പൊലീസ് ക്ലബില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്.

Top