ഉത്തരമില്ലാതെ കലാഭവന്‍ മണിയുടെ മരണം; സ്വാഭാവിക മരണമല്ലെന്ന് അന്തിമ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; കീടനാശിനിയും മെഥനോളും വില്ലനായി; ദുരൂഹതകളഴിയാതെ മണിയുടെ മരണം

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സ്വാഭാവികമാണെന്ന വിലിയിരുത്തലിലേക്ക് പോലീസ് നീങ്ങവേ അന്വേഷണത്തിന്റെ ഗതിമാറ്റി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മണി മരിച്ചതു ക്‌ളോര്‍പൈറിഫോസ് കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നതുകൊണ്ടാണെന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിനു റിപ്പോര്‍ട്ട് നല്‍കി. ഡോക്ടര്‍മാര്‍ രേഖാമൂലം നല്‍കുന്ന ആദ്യ റിപ്പോര്‍ട്ടാണിത്. രാസപരിശോധനയ്ക്കുശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് നല്‍കിയത്.

മണിക്കുണ്ടായിരുന്ന കരള്‍രോഗം മരണം വേഗത്തിലാക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, കരള്‍രോഗം മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മണിയെ ചികിത്സിച്ച കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തു സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാല്‍, ഇതു കണ്ടെത്താനുള്ള കൂടുതല്‍ വിദഗ്ധ പരിശോധന വേണമെന്ന് അമൃതയിലെ ലാബ് റിപ്പോര്‍ട്ടിലുണ്ട്. രോഗിയുടെ നില മോശമായതിനാലാകാം അതു നടത്തിയിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സ്വാഭാവിക മരണമായി മണിയുടെ മരണത്തെ എഴുതി തള്ളരുതെന്ന സൂചനയാണ് ഇതിലുള്ളത്.
മണിയുടെ ആന്തരികാവയവങ്ങള്‍ കാക്കനാട്ടെ ലാബിലാണ് പരിശോധിച്ചത്. ഇതിലെ നിഗമനങ്ങള്‍ മുഖവിലയ്ക്ക് എടുത്താണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിദഗ്ധരായ ഡോ. പി.എ. ഷിജു, ഡോ. ഷേക്ക് സക്കീര്‍ ഹുസൈന്‍ എന്നിവരാണു പൊലീസിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. മദ്യത്തിലെ വിഷാംശം അപകടകരമായ തോതിലല്ലെന്നാണു റിപ്പോര്‍ട്ടിലെ സൂചന. മരണത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം രാസവിഷംതന്നെയാണ്. എന്നാല്‍ ഇതു പച്ചക്കറിയിലൂടെ അകത്തെത്തിയതാണോ നേരിട്ട് അകത്തെത്തിയതാണോ എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനാകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പച്ചക്കറിയിലൂടെ അകത്തെത്തുന്ന വിഷാംശം ഇങ്ങനെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താവുന്ന അളവില്‍ രക്തത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. കാര്‍ഷിക സര്‍വകലാശാലയിലെ പഠന റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പഠനറിപ്പോര്‍ട്ടിലെ വിവരവും പൊലീസ് ശേഖരിക്കും. ഈ സാഹചര്യത്തില്‍ ഹൈദരാബാദിലെ ലാബിലെ കണ്ടെത്തലും നിര്‍ണ്ണായകമാകും. കീടനാശിനി സാന്നിധ്യം അവിടേയും സ്ഥിരീകരിച്ചാല്‍ മണിയുടെ മരണം അസ്വാഭാവികമെന്ന നിഗമനത്തില്‍ പൊലീസിന് എത്തേണ്ടിയും വരും.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് 200 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ മൊഴികളില്‍ ഒന്നും അസ്വാഭാവിക മരണത്തിന്റെ കാരണങ്ങള്‍ പൊലീസിന് കണ്ടെത്താനായില്ല. കരള്‍ രോഗം മൂലം മണി മരിച്ചതിന്റെ സൂചനയാണ് ലഭിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടവരെ വീണ്ടും ചോദ്യം ചെയ്തു. മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബ ആരോപിക്കുന്ന സാഹചര്യത്തില്‍ കരുതലോടെ മാത്രമേ അന്തിമ നിഗമനത്തില്‍ പൊലീസ് എത്തൂ.

മണിയുടെ രക്തം പിരശോധിക്കാന്‍ ആശുപത്രി അധികൃതര്‍ വൈകിയിത് മറുനാടന്‍ മലയാളി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടും.

Top