കമലും മമ്മൂട്ടിയും ഒന്നിച്ച് പട നയിക്കും…സൗത്ത് ഇന്ത്യ തൂത്തുവാരാൻ സി.പി.എം തന്ത്രം !

തിരുവനന്തപുരം: നടന്‍ കമല്‍ ഹാസന്‍ സി.പി.എം പിന്തുണയോടെ തമിഴക രാഷ്ട്രീയത്തിലിറങ്ങും.മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ചയ്ക്ക് തലസ്ഥാനതെത്തിയ കമല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും ചര്‍ച്ചാ വിഷയമാകുമെന്ന് വിമാനത്താവളത്തില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.കേരളത്തിലേക്കുള്ള ഓരോ യാത്രയും പഠനയാത്രകളാണെന്ന് പറഞ്ഞ കമല്‍ ഇത്തവണ രാഷ്ട്രീയ ‘പഠന’ത്തിനായാണ് കേരളത്തില്‍ കാല് കുത്തിയിരിക്കുന്നതെന്ന് വ്യക്തം.സി.പി.എം കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള കമല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത സുഹൃത്ത് കൂടിയാണ്.

രാഷ്ട്രീയ ഉപദേശം തേടാന്‍ പിണറായിയെ തന്നെ സെലക്ട് ചെയ്ത കമലിന്റെ സെലക്ഷന്‍ എന്തായാലും മോശമാവില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.താരങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തമിഴകത്ത് രജനി രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂചന നല്‍കിയെങ്കിലും ഇതു സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.ഈ സാഹചര്യത്തില്‍ കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വലിയ പ്രാധാന്യമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെക്രട്ടറിയേറ്റിലേക്കുള്ള യാത്രയിലാണ് താന്‍ ഇപ്പോഴെന്ന് കഴിഞ്ഞ ദിവസവും കമല്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സിനിമയില്‍ എന്നപോലെ രാഷ്ട്രീയത്തിലും കമലുമായി ഏറ്റുമുട്ടാന്‍ രജനി ആഗ്രഹിക്കുന്നില്ലന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.സി.പി.എം ഉള്‍പ്പെടെ സമാന ചിന്താഗതിയുള്ള വിഭാഗങ്ങളെ കോര്‍ത്തിണക്കി അഴിമതി വിമുക്ത മുന്നണിയുണ്ടാക്കി മത്സര രംഗത്തിറങ്ങാനാണ് കമലിന്റെ പദ്ധതി.PINARAYI KAMALAHASAN

സി.പി.എം നേതൃത്വത്തിനും ഇത്തരമൊരു വിശാല ഐക്യത്തിനാണ് താല്‍പ്പര്യം.കമ്യൂണിസ്റ്റ് ആശയത്തില്‍ ഉറച്ചു വിശ്വസിക്കുന്ന കമല്‍ സി.പി.എമ്മിനെ സംബന്ധിച്ച് തമിഴകത്ത് ഒരു തുറുപ്പ് ചീട്ടാണ്.കമലിന് പിന്തുണയായി മറ്റൊരു സി.പി.എം സഹയാത്രികനായ നടന്‍ മമ്മുട്ടിയും തമിഴകത്ത് പ്രചരണ രംഗത്തിറങ്ങിയേക്കും.തമിഴകത്തും അറിയപ്പെടുന്ന നടനാണ് മമ്മുട്ടി. മാത്രമല്ല കമല്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ പ്രമുഖരായ ചില താരങ്ങളും അദ്ദേഹത്തോടൊപ്പം ചേരുമെന്നും അഭ്യൂഹമുണ്ട്.

ജയലളിതയുടെ മരണത്തിനു ശേഷം താരാധിപത്യം ഇപ്പോള്‍ തമിഴക രാഷ്ട്രീയത്തിലില്ല. ഈ ശൂന്യത ഒഴിവാക്കാന്‍ കമലോ രജനിയോ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തമിഴ് സിനിമാലോകവും ആഗ്രഹിക്കുന്നുണ്ട്.ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്നതും കമലിനെ സംബന്ധിച്ച് പിടിവള്ളിയാണ്. പ്രത്യേകിച്ച് ഇരു അണ്ണാ ഡി.എം.കെയിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍.ജയലളിതയുടെ സഹോദരി പുത്രി ദീപയെകൂടി തന്നോടൊപ്പം കൂട്ടാന്‍ കമല്‍ ആഗ്രഹിക്കുന്നുണ്ട്.

സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ ദീപ കമലിനൊപ്പം ചേരാനുള്ള സാധ്യതയും തളളിക്കളയാന്‍ കഴിയുന്നതല്ല.അണ്ണാ ഡിഎംകെ മുഖ്യമന്ത്രി പളനി സ്വാമിക്കുള്ള പിന്തുണ ദിനകരന്‍ വിഭാഗം പിന്‍വലിച്ച സാഹചര്യത്തില്‍ ഏത് നിമിഷവും സര്‍ക്കാര്‍ താഴെ പോവുന്ന സാഹചര്യമാണ് നിലവില്‍.അവിശ്വാസം കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെടുന്ന പ്രതിപക്ഷമായ ഡി.എം.കെയ്ക്ക് കമല്‍ മറ്റൊരു മുന്നണി സംവിധാനം രൂപീകരിച്ചാല്‍ തങ്ങള്‍ക്ക് അത് തിരിച്ചടിയാകുമോയെന്ന ഭയവുമുണ്ട്.കമലിനെ ഡി.എം.കെ മുന്നണിയിലെത്തിച്ചാല്‍ സി.പി.എമ്മിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്നുമുള്ള ഡി.എം.കെ വാഗ്ദാനം സി.പി.എം തള്ളിക്കളഞ്ഞിരുന്നു.അതേസമയം സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി കടന്നാക്രമിച്ച് തമിഴക രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് വിതച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസനിപ്പോള്‍.കമലിലൂടെ തമിഴകം ചുവപ്പിക്കാമെന്ന പ്രതീക്ഷയില്‍ സി.പി.എമ്മും വലിയ പ്രതീക്ഷയിലാണ്.

കമല്‍ഹാസന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വീറ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും കമല്‍ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. നിലപാടുകള്‍ എന്നും പൊതുവേദിയില്‍ തന്നെ തുറന്നുപറയുന്ന കമല്‍ഹാസന്‍, സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയിട്ടുള്ളത്.തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് കമല്‍ നടത്തിയിട്ടുള്ളത്. പളനിസാമി സര്‍ക്കാരില്‍ അഴിമതി സര്‍വ്വവ്യാപിയാണെന്നും മറ്റ് പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ചോദിച്ചിരുന്നു. അഴിമതിയില്‍ നിന്ന് മോചിപ്പിക്കുന്ന ഒരു പുതിയ സ്വാതന്ത്ര്യസമരത്തിന് കാത്തിരിക്കാനായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന് അദ്ദേഹത്തിന്റെ ആഹ്വാനം.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലവിലുണ്ടായിരിക്കുന്ന മൂല്യച്യുതിയെക്കുറിച്ചും പിണറായി വിജയനുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിലായിരുന്നു കമല്‍ഹാസന്റെ കൂടിക്കാഴ്ച. കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങളും മികവുറ്റ പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്ന ഭരണതന്ത്രത്തെകുറിച്ചുള്ള ഉപദേശവും കമല്‍ഹാസന്‍ മുഖ്യമന്ത്രിയില്‍ നിന്ന് തേടി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഓണസദ്യയും കഴിച്ചാണ് കമല്‍ഹാസന്‍ ക്ലിഫ് ഹൗസില്‍ നിന്ന് മടങ്ങിയത്.

Top