കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടി. വലിയാണ്ടിപീടിക സ്വദേശി ബിജുവിനാണ് വെട്ടേറ്റത്. സ്‌കൂള്‍ വാന്‍ ഡ്രൈവറായ ബിജുവിനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടുകയായിരുന്നു. ഒരു സംഘം അക്രമികള്‍ മുഖം മൂടി ധരിച്ചെത്തി ബിജുവിനെ വെട്ടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്താണ് അക്രമത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. ആരാണ് വെട്ടിയതെന്നും പോലീസ് കണ്ടെത്തിയിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ സമാനമായ സംഭവം നടന്നിരുന്നു. ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി ഒരു സംഘം സുജിത്ത് എന്ന യുവാവിനെ വെട്ടി കൊല്ലുകയായിരുന്നു. പത്തോളം പേര്‍ ആയുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റിരുന്നു. ബിജെപിക്ക് തുടരെ ഉണ്ടാകുന്ന ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നുള്ള സംശയവും നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


