അശാന്തി നിറഞ്ഞ കണ്ണൂർ !പയ്യന്നൂരില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം..ബോംബ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ സി.പി.എം.ന്റേയും ആര്‍.എസ്.എസ്. ബി.ജെ.പി. കക്ഷികളുടെ കയ്യില്‍

പയ്യന്നൂര്‍: പയ്യന്നൂരില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം. ബോംബ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ സി.പി.എം.ന്റേയും ആര്‍.എസ്.എസ്. ബി.ജെ.പി. കക്ഷികളുടെ കയ്യില്‍ കുന്നു കൂടുന്നു. ഇന്നലെ കക്കം പാറയിലെ ധനരാജിന്റെ രക്തസാക്ഷി ദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സി.പി..എം. പ്രവര്‍ത്തകര്‍ക്കു നേരെ ബി.ജെ.പി. ക്കാര്‍ ബോംബെറിഞ്ഞതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. ബോംബേറില്‍ ഏട്ടിക്കുളം സ്വദേശികളായ എട്ട് സി.പി.എം. കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നജീബ്, അന്‍സാര്‍, അധീപ്, തുടങ്ങിയ എട്ട് പേരെ പയ്യന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പ്രതികാരമെന്നോണം ആര്‍.എസ്. എസ്. കാര്യാലയത്തിനു നേരെ അക്രമം നടന്നു. കാര്യാലയം അടിച്ചു തകര്‍ക്കപ്പെട്ടു. ബി.ജെ.പി. ഓഫീസ് പ്രവര്‍ത്തിക്കുന്ന മാരാര്‍ജി മന്ദിരത്തിനു നേരേയും അക്രമം നടന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയായി അക്രമം. കക്കം പാറയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ജനാര്‍ദ്ദനന്റെ വീടും പി.പി. കുഞ്ഞികൃഷ്ണന്റെ വീടും അക്രമിക്കപ്പെട്ടു. അവിടെ നിന്നും പണം മോഷ്ടിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് അക്രമങ്ങളുടെ പരമ്പര തന്നെയായിരുന്നു. ആര്‍.എസ്. എസ്. ജില്ലാ കാരവാഹ് പി.രാജേഷ്, പയ്യന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പനക്കീല്‍ ബാലകൃഷ്ണന്‍ തുടങ്ങി നിരവധി ബി.ജെ.പി. പ്രവര്‍ത്തകരുടെ വീടുകള്‍ അ്ക്രമിക്കപ്പെട്ടു. ഇന്ന് പുലര്‍ച്ചവരേയും അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. സി.പി.എം. ഉം ബി.ജെ.പിയും മുഖാമുഖം നിന്ന് പത്ത് മണിക്കൂറിലേറെ പയ്യന്നൂരിലെ ജനങ്ങളുടെ സ്വസ്ഥത നഷ്ടപ്പെടുത്തുകയായിരുന്നു.
സി.പി.എം. അക്രമത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി. ആഹ്വാന പ്രകാരം ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു വരികയാണ്. ഇന്ന് വൈകീട്ട് തന്നെയാണ് കഴിഞ്ഞ വര്‍ഷം സി.പി.എം. ആക്രമത്തില്‍ കൊല ചെയ്യപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രന്റെ ബലിദാന ദിനം. വൈകീട്ട് പയ്യന്നൂരില്‍ അനുസ്മരണ സമ്മേളനം നടത്താന്‍ ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി. പ്രവര്‍ത്തകരും അനുഭാവികളും ചടങ്ങിനെത്തുമെന്നാണ് സൂചന. പ്രവര്‍ത്തകര്‍ വരുമ്പോഴും പോകുമ്പോഴും ആക്രമം നടക്കാനുള്ള സാധ്യത ഏറെയാണ്. പോലീസുകാര്‍ സംഘര്‍ഷ പ്രദേശങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും പയ്യന്നൂര്‍ ഭീതിയിലാണ്. ഇന്നത്തെ അനുസ്മരണ സമ്മേളനം കഴിയുന്നതു വരെ ഒന്നും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പയ്യന്നൂര്‍.

Top