കണ്ണൂരില്‍ കനത്ത മഴയില്‍ റോഡുകള്‍ തകര്‍ന്നു; മലയോരം ഉരുള്‍പൊട്ടല്‍ ഭീതിയില്‍

തുടരുന്ന പേമാരിയില്‍ മലയോരമേഖലയില്‍ പാലങ്ങള്‍ വെള്ളത്തിനടിയില്‍. ഉളിക്കലിനടുത്ത്‌ വട്ട്യാംതോട്, മാട്ടറ, മണിക്കടവ്, വയത്തൂര്‍ പാലങ്ങള്‍ വഴിയുള്ള ഗതാഗതം ആശങ്കയിലായി. വട്ട്യാംതോട്, മണിക്കടവ്, മാട്ടറ, വയത്തൂര്‍ പാലങ്ങളില്‍ പുഴകള്‍ കരകവിഞ്ഞ് വെള്ളം കയറി. കെഎസ്‌ടിപി നവീകരണം തുടരുന്ന തലശേരി വളവുപാറ റോഡില്‍ കീഴൂര്‍നടുത്ത് മണ്ണും വീടിന്റെ മതിലും ഇടിഞ്ഞ് വീട് തകര്‍ന്നു. ടി കെ പവിത്രന്റെ വീടാണ് ഏത് നേരവും ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായത്. പാത വളവു നിവര്‍ത്തി വീതി വെപ്പിക്കല്‍ പണി നടക്കുകയാണിവിടെ. കുന്നിടിച്ച് റോഡ് ഭാഗം കഴിഞ്ഞ ദിവസം നിരപ്പാക്കി. തുടരുന്ന മഴയില്‍ വീടിന്റെ മുന്‍ഭാഗം പൂര്‍ണമായി ഇടിഞ്ഞു. ഇതോടെ മുറ്റവും വരാന്തയും അടക്കം വിള്ളല്‍ വീണ് തകര്‍ച്ചയിലായി. കെ എസ് ടി പി അധികൃതരെത്തി വീട് പരിസരം കെട്ടി സുരക്ഷിതമാക്കുമെന്ന് അറിയിച്ചു. മഴത്തുടര്‍ച്ചയില്‍ പ്രവൃത്തി തുടരാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. പെരിങ്കരിയിലെ ചെങ്ങണശേരി തോമസിന്റെ വീട്ടു മതില്‍ പൂര്‍ണമായി ഇടിഞ്ഞ് റോഡ് വക്കിലേക്ക് വീണു. വീട് തകര്‍ച്ചയിലാണ്. മലയോരത്ത് ഉരുള്‍പൊട്ടല്‍ ഭീതിയുണ്ട്. ഇരിട്ടി, ബാവലി പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. തലശേരി ബംഗളൂരു പാതയില്‍ മാക്കൂട്ടം പെരമ്പാടി ചുരം റോഡ്, ഇരിട്ടി പാലം പരിസരത്തെ കുന്ന് എന്നിവിടങ്ങളില്‍ നീര്‍ച്ചാലുകള്‍ ശക്തമായി. കുന്നിടിച്ചില്‍ ഭീഷണിയിലാണ് അന്തര്‍സംസ്ഥാന പാത. കുടക് വനമേഖലയിലും പേമാരി അതി ശക്തം. ഇരിട്ടി ഭാഗങ്ങളിലെ മലയോര ഗ്രാമീണ മേഖലയിലേക്കുള്ള ബസ് സര്‍വീസുകളില്‍ പലതും നിര്‍ത്തിവച്ചു. സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇരിട്ടി താലൂക്കാഫീസില്‍ മഴക്കെടുതി നിരീക്ഷിക്കാന്‍ റെവന്യു ഉന്നതതല വിഭാഗം സംവിധാനമൊരുക്കി. വില്ലേജാഫീസുകളില്‍ ഗ്രാമതല വിവരങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചതായി താസില്‍ദാര്‍ കെ കെ ദിവാകരന്‍ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലും ജില്ലയിലെ ആദിവാസി കോളനികളിലും മഴ ദുരിതം നിരീക്ഷിച്ച് ഉടന്‍ സഹായമെത്തിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

Top