കവളപ്പാറയിലെ ദുരന്തം: ബൈക്കിലിരിക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

കോഴിക്കോട് : കവളപ്പാറയിൽനിന്നും കരളലിയിക്കുന്ന കാഴ്ച്ച ഉരുള്‍പൊട്ടലുണ്ടായി ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ പുറത്തെടുത്ത പ്രിയദര്‍ശന്‍ എന്നയാളുടെ മൃതദേഹമാണ് ഇത്തരത്തില്‍ തീവ്രത വെളിവാക്കുന്നത്.മലപ്പുറം കവളപ്പാറയിൽ ഉരുള്‍പൊട്ടലുണ്ടായി ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ റെയിന്‍കോട്ടും ഹെല്‍മെറ്റും ഇട്ട് ബൈക്കിലിരിക്കുന്ന നിലയിൽ പ്രിയദര്‍ശൻ എന്നയാളുടെ മൃതദേഹം കണ്ടെടുത്തു.കനത്ത മഴ പെയ്തുകൊണ്ടിരിക്കെ കവളപ്പാറയിലെ വീട്ടിലേക്കു വൈകിട്ട് ഏഴേമുക്കാലോടെ വന്നുകയറിയതായിരുന്നു പ്രിയദര്‍ശന്‍. ബൈക്ക് വീട്ടിലേക്ക് ഓടിച്ചുകയറ്റുന്നതിനിടെയായിരുന്നു ഉരുള്‍പൊട്ടി മലവെള്ളം ഒലിച്ചെത്തിയത്.

വീടിന്റെ ചുവരിനും വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിനും ഇടയ്ക്കായിരുന്നു മൃതദേഹം. കാലുകള്‍ ബൈക്കിനകത്ത് കുരുങ്ങിയ നിലയിലായിരുന്നു.പ്രിയദര്‍ശന്റെ അമ്മയും അമ്മൂമ്മയും മാത്രമായിരുന്നു ദുരന്തസമയം വീട്ടിലുണ്ടായിരുന്നത്. അതില്‍ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുഹൃത്തിനോട് അദ്ദേഹത്തിന്റെ വീട്ടിലിരുന്നു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേക്ക് പ്രിയദര്‍ശന്‍ പോയതെന്ന് സുഹൃത്ത് പറഞ്ഞു.കവളപ്പാറയില്‍ നിന്ന് ഇതുവരെ 20 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുണ്ട്. അതേസമയം കവളപ്പാറയില്‍ കാണാതായവരുടെ പട്ടികയിലെ നാലു പേര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു.

മണ്ണിലകപ്പെട്ടെന്നു കരുതിയ ചീരോളി പ്രകാശനും കുടുംബവും സുരക്ഷിതരെന്നു പോത്തുകല്ല് പഞ്ചായത്ത് അധികൃതര്‍ സ്ഥിരീകരിച്ചു. പ്രകാശനും ഭാര്യയും 2 മക്കളും അടങ്ങിയ കുടുംബം എടക്കര വഴിക്കടവിലുള്ള ബന്ധുവീട്ടില്‍ അഭയം തേടിയിരുന്നു.

വ്യാഴാഴ്ച രാത്രി കുന്നിനു മുകളില്‍നിന്നു വലിയ ശബ്ദം കേട്ടതിനു പിന്നാലെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയതാണ് ഇവര്‍ക്കു രക്ഷയായത്. തൊട്ടുപിന്നാലെ വീടു മുഴുവന്‍ മണ്ണു മൂടി. അന്നു രാത്രി ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ കുടുംബം വെള്ളിയാഴ്ച രാവിലെയാണു ബന്ധുവീട്ടിലേക്കു പോയത്.ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്തതിനാല്‍ 3 ദിവസത്തേക്ക് ആരെയും വിളിച്ചില്ല. ഞായറാഴ്ച വൈകിട്ടാണു പഞ്ചായത്ത് അംഗത്തെ ഫോണില്‍ വിളിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചത്.

Top