ക്രൈം ഡെസ്‌ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കാറിനുള്ളിൽ വച്ചു പൾസർ സുനി പകർത്തിയ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറിക്കാർഡിനായി പൊലീസ് കാവ്യാമാധവന്റെ കൊച്ചിയിലെ സ്ഥാപനമായ ലക്ഷ്യയിൽ പരിശോധന നടത്തി. ആക്രമണ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും കാവ്യയുടെ പക്കലുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് കാവ്യയുടെ വീട്ടിലും കാക്കനാട്ടെ സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തിയത്.
വെണ്ണലയിലെ വില്ലയിൽ ഇന്നലെ വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കുമാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. എന്നാൽ വില്ലയിൽ ആളില്ലാത്തതിനാൽ പരിശോധന നടത്താതെ പൊലീസ് മടങ്ങി.
കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് ശേഷമാണ് പൊലീസ് അന്വേഷണം കുടുംബത്തിലേക്കും വ്യാപിപ്പിച്ചത്. വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘമായിരുന്നു വില്ലയിൽ പരിശോധനയ്ക്കെത്തിയത്. നേരത്തെ വെള്ളിയാഴ്ച കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് മാവേലിപുരത്തെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ സുനി ജയിലിൽ നിന്നെഴുതിയ കത്തിൽ നടിയെ തട്ടിക്കൊണ്ട് പോയതിന് ശേഷം കാക്കനാട്ടെ ഒരു കടയിൽ പോയതായി പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തിയത്.
ലക്ഷ്യയിലെ സി.സി.ടി.വി. ദൃശ്യങ്ങളും പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളുമാണ് പൊലീസ് പരിശോധിച്ചിരുന്നത്. സംഭവത്തിനു ശേഷം ഇയാൾ സ്ഥലത്ത് എത്തിയിരുന്നോ എന്ന് ഉറപ്പാക്കാൻ വേണ്ടിയാണിത്. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ ദിലീപും നാദിർഷയും നൽകിയ മൊഴിയിലെ വൈരുദ്ധ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.


