പിള്ളയുമായി അഭിപ്രായഭിന്നത,ഇടതുമുന്നണിയില്‍ അവഗണന; ഗണേഷ്‌കുമാര്‍ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: ഒടുവിൽ കെ.ബി. ഗണേഷ്‌കുമാറും കോൺഗ്രസിൽ എത്തുന്നു.ഇടതുമുന്നണിയില്‍ നിന്നുണ്ടാകുന്ന അവഗണനയേയും തുടര്‍ന്നാണ് ഗണേഷ്‌കുമാര്‍ യു.ഡി.എഫിലേക്ക് പോകാന്‍ നീക്കം ആരംഭിച്ചത്. പിതാവും കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയുമായുള്ള അഭിപ്രായഭിന്നതയും ഇനി അവിടെ ഒരു സ്വതന്ത്രനായോ കേരള കോണ്‍ഗ്രസ് തന്നെയോ കൊണ്ടുനടന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

കേരള കോണ്‍ഗ്രസ്(ബി)യുടെ പ്രതിനിധി എന്ന നിലയില്‍ ഇടതുമുന്നണിയില്‍ നിന്നും വിടുമ്പോള്‍ യു.ഡി.എഫില്‍ സ്വതന്ത്രനായി മാത്രമേ നില്‍ക്കാനാകൂ. അതുകൊണ്ട് ഭാവിയില്‍ ഒരു പ്രയോജനവുമില്ലെന്ന തിരിച്ചറിവിലാണ് ഗണേഷ്‌കുമാര്‍. മാത്രമല്ല, യു.ഡി.എഫില്‍ ഇപ്പോള്‍ ജേക്കബ് ഗ്രൂപ്പ് മാത്രമാണ് കേരള കോണ്‍ഗ്രസായുള്ളത്. അവരുമായി യോജിച്ചിട്ട് പ്രയോജനവുമില്ല. പിതാവ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുമായി യോജിച്ച് പോകാനും കഴിയില്ല. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്ക് ചേരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.KB Ganeshkumar

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന് ഇന്ന് കൊല്ലം ജില്ലയില്‍ ശക്തനായ ഒരു നേതാവില്ലാത്ത സ്ഥിതിയാണ്. പ്രധാനപ്പെട്ട നേതാക്കള്‍ എല്ലാം തന്നെ പ്രായാധിക്യം കൊണ്ട് അപ്രസക്തരായി. നിലവിലുള്ള നേതാക്കള്‍ക്കാണെങ്കില്‍ ജില്ലയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയുന്നില്ല. ആകെ ശക്തനെന്ന് പറയാവുന്നത് കൊടിക്കുന്നില്‍ സുരേഷ് മാത്രമാണ്. എന്നാല്‍ അപ്പോഴും ഭൂരിപക്ഷസമുദായത്തില്‍പ്പെട്ട ഒരു നേതാവിന്റെ അഭാവം ജില്ലയില്‍ കോണ്‍ഗ്രസിനുണ്ട്. അത് ഗണേഷിനെക്കൊണ്ട് മറികടക്കാന്‍ കഴിയുമെന്ന ചിന്തയിലാണ് അവര്‍. ഈ സാഹചര്യത്തില്‍ ഗണേഷ്‌കുമാര്‍ കോണ്‍ഗ്രസില്‍ എത്തുകയാണെങ്കില്‍ ജില്ലയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഗണേഷ്‌കുമാറിന് വിജയിച്ചുവരാനും കഴിയും. ഒപ്പം കോണ്‍ഗ്രസിന് ശക്തമായ ഒരു മുഖവും ജില്ലയില്‍ ലഭിക്കും. ഇതാണ് അവരുടെ മുന്നിലുള്ള ചിന്ത.

ഗണേഷ്‌കുമാറും ഇതിനോട് ഏകദേശം അനുകൂലമാണെന്നാണ് വിവരം. സ്വതന്ത്രനായി മുന്നണി മാറി യു.ഡി.എഫില്‍ എത്തിയാല്‍ വേണ്ട പരിഗണന ലഭിക്കില്ല. അതേസമയം കോണ്‍ഗ്രസിന്റെ ഭാഗമായാല്‍ ജില്ലയില്‍ നേതൃദാരിദ്ര്യം നേരിടുന്ന പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും. മാത്രമല്ല, ജില്ലയില്‍ നിന്നും ജയിച്ചുവരികയും യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്താല്‍ മന്ത്രിസ്ഥാനത്തിനും പരിഗണനയുണ്ടാകും. ഇതൊക്കെ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ ചേരുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ആര്‍. ബാലകൃഷ്ണപിള്ളയുമായി ഇനി യോജിച്ച് പോകാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് ഗണേഷും അദ്ദേഹത്തെ അനുകൂലിക്കുന്നവരും എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു

ഗണേഷ്‌കുമാറിനെ ഒരുപക്ഷേ പരിഗണിച്ചേക്കാമായിരുന്ന മന്ത്രിസ്ഥാനം സ്വന്തം അധികാരമോഹം കൊണ്ട് ബാലകൃഷ്ണപിള്ള നശിപ്പിച്ചുവെന്നാണ് അവരുടെ പരാതി. എന്നിട്ട് ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ട ഒരു വ്യക്തിയെപ്പോലും സ്റ്റാഫില്‍ ഉള്‍ക്കൊള്ളിക്കാനും അദ്ദേഹം തയാറായില്ല. ഈ സാഹചര്യത്തില്‍ പിള്ളയുമായി ഇനി ഒത്തുപോകാന്‍ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഗണേഷ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നത്. ഗണേഷ് ഒപ്പം വരുന്നതില്‍ കോണ്‍ഗ്രസിനും തടസമില്ല.

Top