തിരുവനന്തപുരം: ഇലക്ഷൻ അടുത്തതോടെ നേതാക്കൾ പി ആർ വർക്കുമായി സജീവമാണ് .കേരളത്തിൽ ഇത്തവണ കോൺഗ്രസിന് ഭരണം കിട്ടുമെന്ന സൂചന ഉള്ളതുകൊണ്ട് ദേശീയ രാഷ്ട്രീയത്തിന്റെ തിരക്കുകൾക്കിടയിലും കേരളത്തിൽ അസാധാരണമാംവിധം സജീവമായിരിക്കുകയാണ് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തകർപ്പൻ പിആർ വർക്കുമായിട്ടാണ് കെ സി വേണുഗോപാൽ .അടുക്കളയിൽ കയറി കപ്പ തിന്നുന്നു. സ്‌കൂട്ടറിന്റെ പിൻസീറ്റിൽ കയറുന്നു തുടങ്ങിയ ഗിമ്മിക്കുകൾ സജീവമാക്കുകയാണ് . മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് പരസ്യമായി ആവർത്തിക്കുമ്പോഴും പി ആർ വർക്കിൽ പരിഹാസതാരമായി വേണുഗോപാൽ !
കെ സി വേണുഗോപാൽ കഴിഞ്ഞമാസം ആലപ്പുഴയിൽ തൊഴിലുറപ്പ് സ്ത്രീകളുടെ കൂടെയിരുന്നും അടുത്തിടെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അടുക്കളയിൽ കയറിയും കപ്പയും മുളകും കഴിക്കുന്നതും ഫുഡ് ഡെലിവറി ബോയിക്കൊപ്പം സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്ര നടത്തുന്നതുമായ വീഡിയോകൾ വൈറലാണ്.
സിപിഎം അണികളും നേതാക്കളും ഇതിനെ പി ആര്‍ വർക്ക് എന്ന് ആക്ഷേപിക്കുമ്പോൾ യുഡിഎഫ് പ്രകടനപത്രികയുടെ രൂപീകരണത്തിന് മുന്നോടിയായി കെ സി വേണുഗോപാൽ നടത്തുന്ന കൂടിക്കാഴ്ചകളാണ് ഇതെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. പാലക്കാട്ടെ നെൽ കർഷകർ മുതൽ ആലപ്പുഴയിലെ തൊഴിലുറപ്പ് തൊഴിലാളികൾ വരെ അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട്. മത്സ്യത്തൊഴിലാളി വീടുകളിൽ സന്ദർശനം നടത്തി കുടുംബ ബജറ്റിലെ ആശങ്കകൾ അദ്ദേഹം നേരിട്ട് കേൾക്കുകയായിരുന്നുവെന്നും കെ സി പക്ഷ നേതാക്കൾ പറയുന്നു.
എറണാകുളത്തെ സ്റ്റാർട്ടപ്പ് സംരംഭകരുമായും ഗിഗ് തൊഴിലാളികളുമായും അദ്ദേഹം നടത്തിയ ചർച്ചകൾ വരാനിരിക്കുന്ന ‘യുവകേരളം’ പദ്ധതിയുടെ ഭാഗമാണെന്നാണ് വിവരം. പി എസ് സി റാങ്ക് ഹോൾഡർമാരുമായുള്ള കെ സിയുടെ കൂടിക്കാഴ്ചയും ഉടനുണ്ടാകും. വിവിധ മത-സാമുദായിക വിഭാഗങ്ങളുമായി കൃത്യമായ ഇടവേളകളിൽ കെ സി വേണുഗോപാൽ നടത്തുന്ന കൂടിക്കാഴ്ചകൾ അദ്ദേഹത്തിന്റെ സോഷ്യൽ എഞ്ചിനീയറിംഗ് മികവ് തെളിയിക്കുന്നതാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
എം എം ബേബി ഭക്ഷണം കഴിച്ച പാത്രം കഴുകിയതിനെയും കോഴിക്കോട് ബാലുശ്ശേരിയിലെ മൊയ്തീന്റെ പെൻഷൻ നാടകത്തെയും ന്യായീകരിച്ച സിപിഎം നേതാക്കൾ, കെ സിയുടെ വീഡിയോകൾ ‘പി ആർ വർക്ക്’ എന്ന് പരിഹസിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് കെ സി പക്ഷം പറയുന്നത്.










